തൃശൂർ: വീട്ടിൽ തിരിച്ചെത്താൻ വൈകിയെന്നാരോപിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. നരഹത്യാ ശ്രമം (വധശ്രമം) ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ മതിലകം പോലീസ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ജൂൺ 9-ന് രാത്രി 7.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ വീട്ടിലെത്താൻ വൈകിയതിനെച്ചൊല്ലി ശ്രീകുമാർ തർക്കമുണ്ടാക്കുകയായിരുന്നു. “തോന്നുന്ന സമയത്ത് വരാൻ ഇതെന്താ സത്രമാണോ?” എന്ന് ചോദിച്ച് ഇയാൾ ഭാര്യയുടെ ഇരു കരണങ്ങളിലും അടിക്കുകയും, തുടർന്ന് മുടിയിൽ കുത്തിപ്പിടിച്ച് തല ഭിത്തിയിൽ ഇടിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ആക്രമണത്തിനിടയിൽ ഭിത്തിയിൽ കൈവെച്ച് തടഞ്ഞതുകൊണ്ട് മാത്രമാണ് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കാതെ ജീവൻ തിരിച്ചുകിട്ടിയതെന്നും, അല്ലായിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നെന്നും ഭാര്യ പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. മർദനത്തിന് ഇരയായ യുവതി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
