കോട്ടയം: ഒരു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന കോട്ടയത്തെ ആകാശപാത പദ്ധതി യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരുന്നതോടെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കോട്ടയത്തെ എംഎല്‍എയും മന്ത്രിയുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോട്ടയത്തിന്റെ സ്വപ്ന പദ്ധതിയായി ആവിഷ്കരിച്ചതായിരുന്നു പഴയ ശീമാട്ടി റൗണ്ടാനയിലെ ആകാശപാത.
പുതിയ സംസ്ഥാന മന്ത്രിസഭ അധികാരമേറ്റെടുക്കുമ്പോള്‍ പദ്ധതി മുന്‍ഗണനാടിസ്ഥാനത്തില്‍ ഏറ്റെടുക്കുമെന്ന് തിരുവഞ്ചൂര്‍ രാധകൃഷ്ണന് എംഎല്‍എ പറഞ്ഞു. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി എല്‍ഡിഎഫ് സര്‍ക്കാര്‍ ആകാശപാതയില്‍ ഒരു കോട്ട് പെയിന്റ് പോലും പുരട്ടാന്‍ മെനക്കെട്ടില്ല. പകരം, എംഎല്‍എയുടെ രാഷ്ട്രീയ വിശ്വാസ്യതയും യുഡിഎഫിന്റെ വികസനകാഴ്ചപ്പാടും തകര്‍ക്കാന്‍ 10 വര്‍ഷം ആകാശപാതയെ ആയുധമായി ഉപയോഗിച്ചെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
കോട്ടയം ടൗണിലെ കണ്ണായ സ്ഥലമായ ശീമാട്ടി റൗണ്ടാനയില്‍ കാല്‍നടയാത്ര സുഗമമാക്കുന്നതിനാണ് 2016 ഫെബ്രുവരിയില്‍ ആകാശപാതയുടെ നിര്‍മാണം ആരംഭിച്ചത്. കിറ്റ്കോയ്ക്കായിരുന്നു നിര്‍മാണ ചുമതല. പക്ഷേ ഫ്രെയിംവര്‍ക്ക് സ്ഥാപിച്ച് മാസങ്ങള്‍ക്ക് ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നിര്‍ത്തിവയ്ക്കേണ്ടി വന്നു.
നിര്‍ദിഷ്ട ആകാശപാത 45 മീറ്ററായി രൂപകല്പന ചെയ്യുകയും ശീമാട്ടി റൗണ്ട്എബൗട്ടിന് മുകളില്‍ ആറ് ഇ-ഹൈ തൂണുകള്‍ സ്ഥാപിക്കുകയും ചെയ്തു. പൂര്‍ത്തിയാകുമ്പോള്‍ രണ്ട് എലിവേറ്ററുകളും കിയോസ്കുകളും ഇരിപ്പിടങ്ങളും ഉള്‍പ്പെടുത്താനായിരുന്നു പദ്ധതി.പദ്ധതി പ്രായോഗികമല്ലെന്നാണ് എല്‍ഡിഎഫ് വാദിച്ചത്. ആകാശപാതയ്ക്ക് വേണ്ട തൂണുകള്‍ സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നും എല്‍ഡിഎഫ് ആരോപിച്ചു.
പിന്നീട് ആകാശപാതയുടെ തൂണുകള്‍ അപകടാവസ്ഥയിലാണെന്ന് ആരോപിച്ച് സ്വകാര്യ വ്യക്തി ഫയല്‍ ചെയ്ത അന്യായത്തെ തുടര്‍ന്ന് കോടതി ഇടപെടുകയും ആകാശപാതയുടെ ഘടന പൊളിച്ചുമാറ്റാന്‍ പോലും ആലോചിക്കുകയും ചെയ്തു. ഇതിനിടയില്‍ തൂണുകളുടെ ബലപരിശോധനയും നടന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച പാലക്കാട് ഐഐടിയിലെ വിദഗ്ധ സമിതി, പ്ലാറ്റ് ഫോം ലെവലിനു മുകളിലുള്ള മേല്‍ക്കൂരയും തൂണുകളും പൊളിച്ചുമാറ്റാന്‍ ശിപാര്‍ശ ചെയ്തതിനെത്തുടര്‍ന്ന് വിവാദം കൂടുതല്‍ രൂക്ഷമായി.പൊതു ഫണ്ടിന്റെ ദുരുപയോഗം അന്വേഷിക്കാന്‍ വിജിലന്‍സും പദ്ധതിയെ നിരീക്ഷിച്ചു. 2024 ജൂണില്‍, കോട്ടയത്തെ ആകാശപാത പദ്ധതി അപ്രായോഗികമാണെന്ന് അന്നത്തെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.
പുതുക്കിയ എസ്റ്റിമേറ്റ് ഏകദേശം 17.85 കോടി രൂപയായി വര്‍ധിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. പദ്ധതി പൂര്‍ത്തിയാക്കാന്‍ 18 കോടി രൂപ വേണമെന്നാണ് കഴിഞ്ഞവര്‍ഷം ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ട്. പുതിയ രീതിയില്‍ പദ്ധതി നടപ്പാക്കാനാണ് എംഎല്‍എയുടെയും സര്‍ക്കാരിന്റെയും തീരുമാനം.
