കോട്ടയം: റബറിനു വില ഉയര്‍ന്നതോടെ ടാപ്പിംഗ് പുനരാരംഭിക്കുന്നതിനായി മഴമറയിടാന്‍ കര്‍ഷകര്‍ നേട്ടോട്ടത്തില്‍. പ്ലാസ്റ്റിക്കിനും പശയ്ക്കും മുന്‍വര്‍ഷത്തെ അപേക്ഷിച്ചു വില ഉയര്‍ന്നതിനു പുറമെ കടകളില്‍ പ്ലാസ്റ്റിക്ക് കിട്ടാനുമില്ല. കര്‍ഷകര്‍ പ്ലാസ്റ്റിക്ക് അന്വേഷിച്ചു വിവിധ കടകളില്‍ കയറിയിറങ്ങി നിരാശരായി മടങ്ങുകയാണ്. സ്റ്റോക്കില്ലെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ സ്റ്റോക്ക് എത്തുമെന്നാണ് ഒട്ടുമിക്ക കടക്കാരും അറിയിക്കുന്നത്.
റബറിന് അടുത്തനാളിലെ ഏറ്റവും ഉയര്‍ന്ന വിലയാണുള്ളത്. വേനല്‍മഴ ലഭിച്ചതോടെ ടാപ്പിംഗ് പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. ഇതിനിടെയാണു പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാസ്റ്റിക്കിനും പശയ്ക്കും വില ഉയര്‍ന്നത് തിരിച്ചടിയായത്. കഴിഞ്ഞ സീസണില്‍ ഒരു കിലോഗ്രാം പ്ലാസ്റ്റിക്കിനു 140 രൂപയായിരുന്നു വിലയെങ്കില്‍ ഈ വര്‍ഷം ടാക്സ് ഉള്‍പ്പെടെ 212 രൂപയായി ഉയര്‍ന്നു. വില വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
പശയ്ക്കാകട്ടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വലിയ തോതിലാണ് വില ഉയര്‍ന്നിരിക്കുന്നത്. നേരത്തേ 25 കിലോഗ്രാം ടിന്നിന് 1,480 രൂപയായിരുന്നു വിലയെങ്കില്‍ ഇത്തവണ 1,960 രൂപയായി ഉയര്‍ന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിലുണ്ടായ വര്‍ധനയാണ് ഉപോത്പന്നമായ പശയ്ക്കും വില ഉയരാന്‍ കാരണം. പശയ്ക്കു മുന്‍വര്‍ഷത്തെ അപേക്ഷിച്ചു ക്വാളിറ്റി കുറവാണെന്നും കര്‍ഷകര്‍ പറയുന്നു.
പ്ലാസ്റ്റിക്കിനു പകരം ചില കര്‍ഷകര്‍ ഷെയ്ഡാണ് ഉപയോഗിക്കുന്നത്. 27 മുതല്‍ 45 രൂപവരെയാണു ഷെയ്ഡിന്റെ വില. വലുപ്പ വ്യത്യാസമനുസരിച്ചാണു വിലയില്‍ മാറ്റംവരുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏഴു രൂപ മുതലാണ് ഷെയ്ഡിനു വര്‍ധിച്ചിരിക്കുന്നത്. റബര്‍മരം ചീകി പശ തേച്ചു മഴമറയിടുന്നതിനുള്ള കൂലി 15 മുതല്‍ 20 രൂപവരെയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒരുറബര്‍ മരത്തില്‍ മഴമറ സ്ഥാപിക്കാന്‍ പണിക്കൂലിയും മറ്റു സാധനങ്ങള്‍ക്കും ഉള്‍പ്പെടെ 10 രൂപയുടെ വര്‍ധനയുണ്ടായിട്ടുള്ളതായി കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ വർഷം ഒരു മരത്തില്‍ 35 രൂപ മുതല്‍ മുടക്കില്‍ മഴമറ സ്ഥാപിക്കാമായിരുന്നു. ഇത്തവണ അതു 45 രൂപയായി വര്‍ധിച്ചിട്ടുണ്ട്.
റബര്‍വിലയുടെ വര്‍ധനയെത്തുടര്‍ന്ന് റെയിന്‍ ഗാര്‍ഡിംഗ്, ടാപ്പിംഗ് ചാര്‍ജ് എന്നിവയിലും വര്‍ധനയുണ്ടായത്. എന്നാല്‍ റബറിന് വില വര്‍ധിച്ചതിന്റെ പ്രയോജനം കര്‍ഷകര്‍ക്കു ലഭിക്കുന്നുമില്ല. ആഴ്ചകള്‍ക്കു മുമ്പാണ് റബര്‍വില ഉയര്‍ന്നത്. ഉയര്‍ന്ന വിലയില്‍ വില്പന നടത്താന്‍ കര്‍ഷകരുടെ പക്കല്‍ സ്റ്റോക്കില്ല. മുന്‍ വര്‍ഷങ്ങളിലെ പോലെ ടാപ്പിംഗ് തുടങ്ങുമ്പോഴേക്കും വില കുറയുന്ന പ്രവണത ഉണ്ടായാല്‍ വലിയ വിലയും കൂലിയും നല്കി റെയിന്‍ ഗാര്‍ഡിംഗ് നടത്തിയാല്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.
ടാപ്പിംഗിനു മുന്നോടിയായി റബർത്തോട്ടങ്ങളിലെ കാട് വെട്ടിത്തെളിക്കണം. ഇലകൊഴിച്ചില്‍ തടയാന്‍ സ്പ്രേയിംഗ് നടത്തുന്നതിനുള്ള ചെലവും ഇരട്ടിയായി. സ്പ്രേയിംഗ് ഓയില്‍ വില ലിറ്ററിന് 320 രൂപയില്‍ നിന്നു 900 രൂപയായി. തുരിശുവില കിലോഗ്രാമിനു 400 രൂപയ്ക്ക് മുകളിലായി. പണിക്കൂലി വേറെയും നല്‍കണം. മഴ നന്നായി പെയ്താലുടന്‍ റബറിന് രാസവളപ്രയോഗം നടത്തണം. വളത്തിന്റെ വിലയും വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്പ്രേയിംഗിനും മഴമറയ്ക്കും ഹെക്ടറിന് നാലായിരം രൂപ വീതം ബോര്‍ഡ് സബ്സിഡി നല്‍കിയിരുന്നു. സബ്സിഡി നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യവും കര്‍ഷകര്‍ക്കുണ്ട്.
