കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നുള്ള പ്രതിഷേധം മൂന്നാം ദിവസവും തുടരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ‘ജെന്‍ സി’ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച ഒലിയെ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ നയാ ബാനേശ്വര്‍ മേഖലയില്‍ ഒലിയുടെ പാര്‍ട്ടിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിന്റെ (യുണൈറ്റഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) നൂറുകണക്കിനു പ്രവര്‍ത്തകര്‍ ഒത്തുകൂടി. ഇന്നലത്തെ റാലി താരതമ്യേന സമാധാനപരമായിരുന്നു. ഞായറാഴ്ച നടന്ന സംഘര്‍ഷത്തില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പത്തിലധികം പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിരുന്നു.
ഇതിനിടെ, മൂന്ന് മുന്‍ പ്രധാനമന്ത്രിമാര്ക്കതിരേയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണവും അധികൃതര്‍ ഊര്‍ജിതമാക്കി. മുന്‍ പ്രധാനമന്ത്രിമാരായ ഷേര്‍ ബഹാദൂര്‍ ദ്യൂബ, കെ.പി. ശര്‍മ ഒലി, പുഷ്പ കമല്‍ ദഹല്‍ എന്നിവര്‍ക്കെതിരേയുള്ള അന്വേഷണമാണ് ശക്തമാക്കിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഞായറാഴ്ച അറസ്റ്റിലായ മുന്‍ ഊര്‍ജ മന്ത്രിയും നേപ്പാളി കോണ്‍ഗ്രസ് നേതാവുമായ ദീപക് ഖഡ്കയെ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെന്‍ സി പ്രതിഷേധത്തിനിടെ ഖഡ്കയുടെയും മുന്‍ പ്രധാനമന്ത്രിമാരുടെയും വസതികളില്‍ കത്തിക്കരിഞ്ഞ നോട്ടുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
