തീര്‍ത്ഥാടനകാലത്ത് നാലുമണിക്കൂറില്‍ 15000 ഭക്തരെ കെഎസ്ആര്‍ടിസി പമ്പയിലെത്തിക്കും; നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഓരോ മിനിറ്റിലും രണ്ട് എസി ബസുകള്‍; തീര്‍ത്ഥാടകര്‍ക്കായി എന്തു നഷ്ടവും നഷ്ടവും സഹിക്കാന്‍ തയ്യാറെന്ന് തച്ചങ്കരി…

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി കെഎസ്ആര്‍ടിസി. ഭക്തരുടെ സൗകര്യാര്‍ത്ഥം നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഓരോ മിനിട്ടിലും രണ്ട് ബസുകള്‍ വീതം സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുന്നത്. മിനിട്ടില്‍ രണ്ട് ബസ് സര്‍വീസിലൂടെ നാലു മണിക്കൂറില്‍ 15000 തീര്‍ത്ഥാടകരെ വീതം പമ്പയിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ഈ സര്‍വീസുകള്‍ക്ക് 40 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്.

നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് രണ്ട് മിനിട്ട് ഇടവിട്ടുള്ള എസി ബസുകളും സര്‍വീസ് നടത്തും. ഇതിന് 75 രൂപയാണ് ഈടാക്കുക. ഈ സര്‍വീസിന് ക്യൂ ആര്‍ കോഡ് പതിച്ച കാര്‍ഡാണ് നല്‍കുന്നതെന്നും പ്രത്യേകതയുണ്ട്. ഭക്തര്‍ക്ക് ഒറ്റ കാര്‍ഡ് വച്ച് പമ്പയിലേക്കും തിരികേ നിലയ്ക്കലിലേക്കും യാത്ര ചെയ്യാനും സാധിക്കും. കാര്‍ഡ് വിതരണം ചെയ്യുന്നതിനായി നിലയ്ക്കലില്‍ കൗണ്ടറും സ്വയം ടിക്കറ്റ് എടുക്കാന്‍ സഹായിക്കുന്ന കിയോസ്‌കുകളും സജ്ജീകരിക്കും.

ഇതിനു പുറമെ ഓണ്‍ലൈന്‍ ടിക്കറ്റ് സൗകര്യവും ഏര്‍പ്പാടാക്കും. എത്ര നഷ്ടം സഹിച്ചാലും ആവശ്യാനുസരണം ബസുകള്‍ ശബരിമല തീര്‍ത്ഥാടനകാലത്ത് കെ.എസ്.ആര്‍.ടി.സി. വിട്ടുനല്‍കുമെന്ന് എം.ഡി. ടോമിന്‍ ജെ.തച്ചങ്കരി പറഞ്ഞു. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പത്ത് ഇലക്ട്രിക് ബസുകളും ആദ്യഘട്ടത്തിലുണ്ടാകും. മൂന്നു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ ഓടാന്‍ കഴിയുന്ന ബസുകളാണിവ. ഇതിനായി കെഎസ്ഇബി സഹകരണത്തില്‍ നിലയ്ക്കലില്‍ ട്രാന്‍സ്‌ഫോര്‍മറും അനുബന്ധ സൗകര്യങ്ങളും സ്ഥാപിക്കും.

അടുത്ത പതിനഞ്ചു ദിവസത്തിനുള്ളില്‍ തന്നെ ട്രാന്‍സ്‌ഫോമര്‍ എത്തിക്കാനാണ് ശ്രമം. ആദ്യഘട്ട പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ സി.എന്‍.ജി., എല്‍.എന്‍.ജി. ബസുകള്‍ സര്‍വീസിന് എത്തിക്കും. സ്വകാര്യ ടൂറിസ്റ്റ് ബസ് ഓപ്പറേറ്റേഴ്‌സുമായി സഹകരിച്ച് ആഡംബരസൗകര്യങ്ങളോടുകൂടിയ മിനി ബസ് സൗകര്യവും ഏര്‍പ്പെടുത്തും. ഇവയില്‍ 16 മുതല്‍ 22 പേര്‍ക്ക് വീതം സഞ്ചരിക്കാന്‍ കഴിയും. ഇന്ധനവിലയ്ക്കനുസരിച്ചായിരിക്കും ചാര്‍ജ് നിശ്ചയിക്കുന്നത് പത്തനംതിട്ട ഡിപ്പോയെ ശബരിമല സര്‍വീസുകളുടെ പ്രധാന ഓപ്പറേറ്റിംഗ് സെന്ററായി ഉയര്‍ത്തും. മണ്ഡലകാലത്തിനു മുന്നോടിയായി കൂടുതല്‍ ബസുകള്‍ ഇവിടെ എത്തിക്കാനാണ് പദ്ധതി.

Related posts