കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചു വിടല്‍ ! ഇത്തവണ പുറത്താക്കിയത് 773 ജീവനക്കാരെ; പിരിച്ചുവിടല്‍ കെഎസ്ആര്‍ടിസിയ്ക്ക് നേട്ടമാകുന്നതിങ്ങനെ..

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. ദീര്‍ഘകാലമായി ജോലിക്കു ഹാജരാകാത്ത 773 ജീവനക്കാരെ പിരിച്ചു വിടാന്‍ എംഡി ടോമിന്‍ ജെ. തച്ചങ്കരി ഉത്തരവിട്ടു. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചു വിട്ടത്.

ദീര്‍ഘകാലമായി ജോലിക്ക് എത്താത്തവരും ദീര്‍ഘകാല അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാതെ നിയമവിരുദ്ധമായി വിട്ടുനില്‍ക്കുന്നവരുമായ ജീവനക്കാര്‍ 2018 മേയ് 31 നകം ജോലിയില്‍ പ്രവേശിക്കുകയോ കാരണം കാണിക്കല്‍ നോട്ടിസിനു മറുപടി നല്‍കുകയോ ചെയ്യണമെന്ന് കോര്‍പറേഷന്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഈ 773 പേരും ഇതിനോടു പ്രതികരിച്ചില്ല. ഈ സാഹചര്യത്തിലാണ് നടപടി. മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ വിഭാഗത്തിലും ദീര്‍ഘകാലമായി ജോലിക്കു വരാത്തവരെ പിരിച്ചു വിടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ദേശീയ ശരാശരിയുമായി തട്ടിച്ചു നോക്കുമ്പോള്‍ കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ എണ്ണം കൂടുതലാണ്; ഒരു ബസിന് എട്ടു ജീവനക്കാര്‍ വീതം. നിലവില്‍ ജോലിക്കു വരാത്ത ജീവനക്കാരെക്കൂടി കണക്കിലെടുത്താണ് ഈ അനുപാതം കണക്കാക്കുന്നത്.

ജോലിക്കു വരാത്തവരെ ഒഴിവാക്കുന്നതിലൂടെ അനുപാതം കുറയ്ക്കാന്‍ കഴിയും. ജീവനക്കാരുടെ അനുപാതം കുറയ്ക്കണമെന്ന് കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തെക്കുറിച്ച് പഠിച്ച പ്രഫ. സുശീല്‍ഖന്ന ശുപാര്‍ശ ചെയ്തിരുന്നു.

ജോലിക്ക് അനധികൃതമായി ഹാജരാകാത്ത പലരും വ്യാജ മെഡിക്കല്‍ സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കി പിന്നീട് സര്‍വീസില്‍ പുനഃപ്രവേശിച്ച് സര്‍വീസ് ആനുകൂല്യങ്ങളും പെന്‍ഷനും നേടിയെടുക്കുന്ന സാഹചര്യമുണ്ട്.

ആവശ്യമായ ജീവനക്കാര്‍ കോര്‍പറേഷന്റെ സര്‍വീസ് റോളില്‍ ഉണ്ടായിരിക്കുകയും അനധികൃതമായി പലരും ജോലിക്കു വരാതിരിക്കുകയും െചയ്യുന്നതിനാല്‍ സര്‍വീസുകള്‍ നടത്തുന്നതിന് വലിയ ബുദ്ധിമുട്ടു നേരിട്ടിരുന്നു. ജോലിക്ക് ഹാജരാകാത്തവരെ പിരിച്ചുവിടുന്നതോടെ ജീവനക്കാരുടെ എണ്ണം സര്‍വീസിന് അനുസരിച്ച് ക്രമപ്പെടുത്താന്‍ കഴിയും എന്നതാണ് നേട്ടം.

Related posts