തച്ചങ്കരിയുടെ വിപ്ലവങ്ങള്‍ തുടരുന്നു ! വിമാനത്താവളങ്ങളില്‍ നിന്ന് ബസ് സര്‍വീസ്; ബസ് മൂലം വിമാനം നഷ്ടമായാല്‍ നഷ്ടപരിഹാരം; കെഎസ്ആര്‍ടിസിയില്‍ ഇത് പുതുയുഗം

തിരുവനന്തപുരം: നാട് ഓടുമ്പോള്‍ നടുവെ ഓടണം എന്നാണ് പ്രമാണം. കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും അതാണ്. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസിയെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യവുമായാണ് ടോമിന്‍ തയ്യങ്കരി എംഡിയായി ചുമതലയേറ്റത്. വിപ്ലവകരമായ തീരുമാനങ്ങളിലൂടെ തച്ചങ്കരി മുന്നേറുകയാണ്.

പണിയെടുക്കാതെ യൂണിയന്‍ പ്രവര്‍ത്തനം നടത്തിയവരെ അടിച്ചോടിയ്ക്കുകയായിരുന്നു ആദ്യം ചെയ്തത്. പിന്നെ കൃത്യ സമയത്ത് തന്നെ ശമ്പളം കൂടി കൊടുത്തതോടെ ജീവനക്കാര്‍ക്കെല്ലാം പെരുത്ത സന്തോഷവുമായി. അതിന് ശേഷം ഇലക്ട്രിക് ബസ്. ഇപ്പോള്‍ പുതിയ ബസ് സര്‍വീസും

ഇലക്ട്രിക് ബസ് പരീക്ഷണത്തിനു പിന്നാലെ വിമാനത്താവളങ്ങളില്‍ നിന്നു സമീപ നഗരങ്ങളിലേക്കു സ്മാര്‍ട്ട് ബസ് സര്‍വീസുമായി കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങും. 21 പേര്‍ക്കു യാത്ര ചെയ്യാവുന്ന ഫോഴ്സ് കമ്പനിയുടെ എസി സ്മാര്‍ട്ട് ബസുകള്‍ തിരുവനന്തപുരം, കൊച്ചി ,കോഴിക്കോട്, വിമാനത്താവളങ്ങളില്‍ നിന്നു ജൂലൈ മൂന്നു മുതല്‍ സര്‍വീസ് തുടങ്ങും. ഒരു മാസത്തെ പരീക്ഷണ സര്‍വീസിനു ശേഷം കരാര്‍ അടിസ്ഥാനത്തില്‍ സ്ഥിരം സര്‍വീസ് തുടങ്ങും. കൃത്യസമയം പാലിക്കുന്നതിനായിരിക്കും മുന്‍ഗണന. ഈ ബസുകള്‍ കാരണം വിമാനം നഷ്ടമായാല്‍ നഷ്ടപരിഹാരവും ഉറപ്പാണ്.

ചാക്കയില്‍ നിന്നു തിരുവനന്തപുരം നഗരത്തിലേക്കും നെടുമ്പാശേരിയില്‍ നിന്നും കൊച്ചിയിലേക്കും കരിപ്പൂര് നിന്നും കോഴിക്കോട്ടേക്കുമായിരിക്കും സര്‍വീസുകള്‍. സ്ഥിരം സര്‍വീസ് തുടങ്ങിയാല്‍ ബസുകളില്‍ തന്നെ വിമാനയാത്രയ്ക്കു വേണ്ട ചെക്ക് ഇന്‍ സൗകര്യം ഉള്‍പ്പെടുത്തുന്ന കാര്യം ആലോചനയിലുണ്ടെന്നു എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു. ഇതോടെ വിമാനയാത്രക്കാര്‍ക്ക് ബസ് കൂടുതല്‍ സൗകര്യപ്രദമാകും. വിമാനയാത്രികര്‍ സമയത്തിന് എയര്‍പോര്‍ട്ടിലെത്താന്‍ ഈ വഴി തിരിഞ്ഞെടുക്കുകയും ചെയ്യും. ഇത് കെഎസ്ആര്‍ടിസിക്കും ഗുണകരമായി. ഇലക്ട്രിക് ബസ് സര്‍വ്വീസ് ഏറെ വിജയമായെന്നാണ് വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് പുതിയ പദ്ധതിയുമായി തച്ചങ്കരി എത്തുന്നത്.

കെഎസ്ആര്‍ടിസിയുടെ ലാഭത്തിനൊപ്പം പൊതു വാഹനങ്ങളുടെ ഉപയോഗം കൂട്ടി സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിക്കുക. എന്നൊരുദ്ദേശ്യവുമുണ്ട്. ഫോഴ്‌സ് മോട്ടോഴ്‌സുമായിട്ടാണ് പരീക്ഷണ ഓട്ടത്തിന് കരാര്‍ ഒപ്പിടുന്നത്. ബസും ഡ്രൈവറും കമ്പനി സൗജന്യമായി നല്‍കും. ബസിന്റെ ഇന്ധനവും കണ്ടക്ടറും കെഎസ്ആര്‍ടിസിയുടേതായിരിക്കും. വിമാനത്താവളങ്ങളില്‍ നിന്നും യാത്രക്കാര്‍ ഇറങ്ങിവരുന്നതിന്റെ തൊട്ടടുത്ത് കെഎസ്ആര്‍ടിസിയുടെ സ്മാര്‍ട്ട് ബസ് ഉണ്ടാകും. വിമാനങ്ങള്‍ എത്തിച്ചേരുന്നതിന് അനുസരിച്ച് ബസുകളുടെ സമയം ക്രമീകരിക്കും. രാത്രിയും ബസുകളുണ്ടാകും.

കൃത്യമായ സര്‍വീസുകളായിരിക്കും സ്മാര്‍ട്ട് ബസിന്റെ പ്രത്യേകത. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വിമാനത്താവളങ്ങളില്‍ നിന്നും നഗരകേന്ദ്രങ്ങളിലേക്ക് ഇത്തരം ബസുകളുണ്ട്. പദ്ധതി ലാഭകരമാണെങ്കില്‍ കൂടുതല്‍ ബസുകള്‍ വാടകയ്‌ക്കെടുക്കും. മൂന്ന് ബസുകളാണ് ആദ്യഘട്ടത്തില്‍ എത്തുക.ഒരു മണിക്കൂര്‍ ഇടവേളയില്‍ സര്‍വീസ് നടത്താനാണ് ഉദ്ദേശ്യം. ഫോഴ്‌സ് ട്രാവലറിന്റെ സിറ്റിബസ് എന്ന മോഡലാണ് കെ.എസ്.ആര്‍.ടി.സി. പരീക്ഷിക്കുന്നത്. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, നിരീക്ഷണ ക്യാമറകള്‍ എന്നീ സജ്ജീകരണങ്ങളുണ്ട്

Related posts