ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ യാതൊരു നിവൃത്തിയുമില്ല ! വായ്പ മുടങ്ങിയതിനെത്തുടര്‍ന്ന് സ്‌കാനിയ ബസുകള്‍ ഫിനാന്‍സ് കമ്പനി പിടിച്ചെടുത്തു; ആനവണ്ടിയുടെ ഓട്ടം നിലയ്ക്കുന്നുവോ ?

കെഎസ്ആര്‍ടിസി അടച്ചുപൂട്ടലിലേക്കോ ?. ടോമിന്‍ ജെ തച്ചങ്കരിയുടെ ഭരണകാലയളവ് അണയാന്‍ പോകുന്ന തീയുടെ ആളിക്കത്തലായിരുന്നുവോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. തച്ചങ്കരിയെ പുകച്ചുചാടിച്ചവര്‍ വിചാരിച്ചതിന്റെ വിപരീത കാര്യങ്ങളാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

അതിനിടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ പണിമുടക്കും.തുടര്‍ച്ചയായ ശമ്പള നിഷേധം അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, ഡി.എ. കുടിശ്ശിക അനുവദിക്കുക, തടഞ്ഞുവച്ച പ്രൊമോഷനുകള്‍ അനുവദിക്കുക, വാടകവണ്ടി ഉപേക്ഷിക്കുക, പുതിയ ബസുകള്‍ ഇറക്കുക തുടങ്ങിയവയാണ് ജീവനക്കാരുടെ ആവശ്യങ്ങള്‍. രണ്ടുകൊല്ലം കൊണ്ട് കെ.എസ്.ആര്‍.ടി.സി.യെ ലാഭത്തിലെത്തിക്കുമെന്നും കണ്‍സോര്‍ഷ്യം കരാര്‍ നടപ്പാക്കുന്നതോടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും പ്രഖ്യാപിച്ച ധനമന്ത്രിയാണ് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ അനുവദിച്ച സര്‍ക്കാര്‍ വിഹിതമായ 20 കോടി വെട്ടിക്കുറച്ച് ശമ്പളവിതരണം താറുമാറാക്കിയതെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു.

ഇതു മാത്രമല്ല വായ്പ മുടങ്ങിയ വാടക സ്‌കാനിയ ബസുകള്‍ കര്‍ണാടകയിലെ വായ്പ നല്‍കിയ സ്ഥാപനം പിടിച്ചെടുത്തു. ഇതോടെ കേരളത്തിനു പുറത്തേക്കു ‘ഓടാന്‍ ഭയന്ന്’ വാടക ബസുകള്‍ ഷെഡിലുമായി. തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.പകരം കെഎസ്ആര്‍ടിസിയുടെ സ്വന്തം സ്‌കാനിയ ബസുകള്‍ സര്‍വീസ് നടത്തുന്ന മൈസൂര്‍, കോയമ്പത്തൂര്‍, മംഗളൂരു റൂട്ടുകളിലെ ബസുകളില്‍ ചിലത് ഏറെ കലക്ഷനുള്ള ബെംഗളൂരു റൂട്ടിലേക്കു മാറ്റാനാണ് ശ്രമം. ഇതും കെ എസ് ആര്‍ ടി സിക്ക് വരുമാന നഷ്ടമുണ്ടാക്കും.

വ്യാഴാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ ബെംഗളൂരു സാറ്റലൈറ്റ് സ്റ്റാന്‍ഡിലെത്തിയ മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ ‘ടി.എല്‍.-മൂന്ന്’ ബസാണ് പിടിച്ചെടുത്തത്. വായ്പതിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്ന് സേലം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ‘ടി.എല്‍.-അഞ്ച്’ സ്‌കാനിയ ബസ് ഫിനാന്‍സ് കമ്പനിയധികൃതര്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. വ്യാഴാഴ്ച വൈകീട്ട് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെര്‍മിനലിലെത്തിയാണ് ബസ് കൊണ്ടുപോയത്. ഇതേത്തുടര്‍ന്ന് കമ്പനി അധികൃതര്‍ ബസുകള്‍ പിടിച്ചെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ ബസുകള്‍ അയയ്‌ക്കേണ്ടെന്നാണ് കെഎസ്ആര്‍ടിയുടെ തീരുമാനം.

ഡീസല്‍ക്ഷാമവും രൂക്ഷമാണ്. കഴിഞ്ഞമാസം മാനേജ്‌മെന്റിനെതിരേ സിഐടിയു സമരം നടത്തിയിരുന്നു.ശമ്പളം കൊടുക്കാത്തതിലും സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നതിലും പ്രതിഷേധിച്ചായിരുന്നു ഈ സമരം.രണ്ടായിരത്തി മൂന്നൂറോളം എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടേണ്ടിവന്നത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുകൊണ്ട് മാത്രമാണന്നും സിഐ.ടി.യു. ആരോപിച്ചിരുന്നു. എന്തുകൊണ്ടും കെഎസ്ആര്‍ടിയെ കാത്തിരിക്കുന്നത് ഭീതികരമായ ഭാവിയാണെന്നത് തീര്‍ച്ചയായ കാര്യമാണ്.

Related posts