തച്ചങ്കരിയെ പുകച്ചു പുറത്തു ചാടിച്ചതിന് അനുഭവിച്ച് യൂണിയന്‍ നേതാക്കള്‍ ! മാര്‍ച്ചിലെ ശമ്പളം വിഷു കഴിഞ്ഞാലും കൊടുക്കാനാവുമെന്ന് പ്രതീക്ഷയില്ല; ടയര്‍ക്ഷാമവും ഡീസല്‍ക്ഷാമവും ആനവണ്ടിയെ വീണ്ടും ഷെഡില്‍ കയറ്റുന്നു…

എന്നും നഷ്ടക്കണക്കുകള്‍ മാത്രം പറയാനുണ്ടായിരുന്ന കെഎസ്ആര്‍ടിസിലെ ലാഭത്തിന്റെ പാതയിലാക്കാന്‍ ഏറെ അധ്വാനിച്ച ശേഷമാണ് ടോമിന്‍ തച്ചങ്കരി പടിയിറങ്ങിയത്. തച്ചങ്കരിയെ പുകച്ചു ചാടിക്കാന്‍ ഉത്സാഹം കാട്ടിയ യൂണിയന്‍ നേതാക്കള്‍ക്ക് പക്ഷെ ആ ഉത്സാഹം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിലില്ല.കഴിഞ്ഞ മാസത്തെ ശമ്പളം മൂന്നുദിവസമാണ് വൈകിയതെങ്കില്‍ മാര്‍ച്ചിലെ ശമ്പളം ഏപ്രില്‍ പത്തായാലും ലഭിച്ചേക്കില്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

തച്ചങ്കരി പുറത്തായതിനു ശേഷം ശമ്പളം മുടങ്ങുകയും ശമ്പളം പാതിയും മറ്റും നല്‍കുകയും ചെയ്തുവരികയാണ്. ഇതിനിടെ ഒരു വിഭാഗം ജീവനക്കാര്‍ക്ക് കുറച്ച് ശമ്പളം നല്‍കുകയും ചെയ്തിട്ടുണ്ട്. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മെക്കാനിക്കുകള്‍ എന്നിവര്‍ക്ക് 13000 രൂപ ഇന്നലെ ശമ്പളം നല്‍കി. അതായത് ലഭിക്കേണ്ട ശമ്പളത്തിന്റെ 30% മാത്രമാണ് നല്‍കിയിട്ടുള്ളത്. ഓഫിസര്‍ കേഡറിലുള്ളവര്‍ക്കു ഒരു രൂപപോലും ശമ്പളം കിട്ടിയതുമില്ല. തച്ചങ്കരി മാറ്റപ്പെട്ട മാസം സര്‍ക്കാര്‍ സഹായമോ ബാങ്ക് ലോണോ എടുക്കാതെ കെഎസ്ആര്‍ടിസിയുടെ സ്വന്തം കളക്ഷനില്‍ നിന്നായിരുന്നു 90 കോടിയോളം വരുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കിയിരുന്നത്.

എന്നാല്‍ മാര്‍ച്ച് അവസാനിക്കുമ്പോഴേക്കും ഇതുവരെ 28 കോടി രൂപ സ്വയം സമാഹരിക്കാനേ കോര്‍പറേഷന് കഴിഞ്ഞിട്ടുള്ളൂ. സര്‍ക്കാര്‍ സഹായം ഇതുവരെ ലഭ്യമായിട്ടുമില്ല. മുന്‍ എംഡി സ്വയം തുക കണ്ടെത്തിയെങ്കില്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് അതിനു കഴിയാത്തത് എന്നാണ് ധനവകുപ്പിന്റെ ചോദ്യം. സാമ്പത്തികവര്‍ഷം അവസാനിക്കുന്ന ഘട്ടമായതിനാല്‍ സര്‍ക്കാരും ഞെരുക്കത്തിലാണ്. സഹായം നല്‍കാന്‍ സര്‍ക്കാരിന്റെ കൈയില്‍ പൈസയുമില്ല എന്നതാണ് സ്ഥിതി. പത്താം തീയതിയോടുക്കൂടി ലോട്ടറിയില്‍നിന്നുള്ള വരുമാനവും കേന്ദ്ര ജിഎസ്ടി വിഹിതവും കൂടി ലഭിച്ചാല്‍കൂടി ഇരുപതുകോടി രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കിയേക്കും. പക്ഷേ, ആ തുകകൂടി ലഭിച്ചാലും, പിന്നേയും 43 കോടി രൂപയുടെ കുറവ് എങ്ങനെ നികത്തുമെന്ന ആശങ്കയിലാണ് കോര്‍പ്പറേഷന്‍ മാനേജ്‌മെന്റ്.

കഴിഞ്ഞ മാസം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ കടം പറഞ്ഞാണ് ശമ്പളം നല്‍കാനുള്ള തുക കണ്ടെത്തിയത്. എന്നാല്‍ ഈ മാസാവസാനം ആ പരിപാടി നടക്കില്ലെന്ന് ഐഒസി അറിയിച്ചതോടെ ആ വഴിയും അടഞ്ഞു. കൂടാതെ ടയര്‍ കമ്പനികള്‍, റീട്രെഡിങ് റബ്ബര്‍, സ്‌പെയര്‍ പാര്‍ട്ടുകള്‍ നല്‍കുന്നവര്‍, ഓയില്‍ വിതരണക്കാര്‍ തുടങ്ങി എല്ലാവര്‍ക്കും കോടികളുടെ കുടിശികയുണ്ട്. ഈ സാഹചര്യത്തില്‍ അവരും സപ്ലൈ നിര്‍ത്തുകയാണ്. ടാറ്റ, ലൈലന്‍ഡ് എന്നിവര്‍ക്കും പണം കൊടുക്കാനുണ്ട്. അവരും പാര്‍ട്‌സ് നല്‍കുന്നത് പൂര്‍ണമായും നിര്‍ത്തി. ജെകെ ടയേഴ്‌സിന് 15 കോടി നല്‍കാത്തതിനാല്‍ അവരിപ്പോള്‍ ടയര്‍ നല്‍കുന്നില്ല. ടയര്‍ക്ഷാമം മൂലം അടുത്തദിവസങ്ങളില്‍ കൂടുതല്‍ വണ്ടികള്‍ കട്ടപ്പുറത്താവുമെന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഏതായാലും തച്ചങ്കരിയെ തിരിച്ചുവിളിക്കൂ… കെഎസ്ആര്‍ടിസിയെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി സമരരംഗത്തിറങ്ങാന്‍ തീരുമാനിച്ചിരിക്കകയാണ് ഒരു വിഭാഗം തൊഴിലാളികള്‍. ഇനി അഥവാ തച്ചങ്കരി വന്നാല്‍ തന്നെ കരകയറ്റണമെങ്കില്‍ വലിയ പാടുപെടേണ്ടിവരുമെന്നാണ് സൂചന.

Related posts