തൃശൂര്‍: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നത് ചോദ്യം ചെയ്ത പിതാവിനെ മകന് ക്രൂരമായി മര്‍ദിച്ചു. കുന്നംകുളം സ്വദേശി വടക്കേതലക്കല്‍ വീട്ടില്‍ സൈമണാണ് (77) മകന് ജോബിയുടെ ക്രൂരമർദനത്തിനിരയായത്.
കഴിഞ്ഞദിവസം 600 പാക്കറ്റ് ഹാന്‍സുമായി പോലീസ് പിടികൂടിയ ജോബി ജാമ്യത്തിലറങ്ങിയശേഷം വീണ്ടും ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നത് കണ്ട സൈമണ്‍ ഇത് തടയാന്‍ ശ്രമിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.
ഇതില്‍ പ്രകോപിതനായ ജോബി പിതാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. സൈമണിന്റെ നെഞ്ചില്‍ ചവിട്ടുകയും മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മർദിക്കുകയും ചെയ്തു. സംഭവമറിഞ്ഞ വാര്‍ഡ് കൗണ്‍സിലര്‍ റീജ സലിലിന്റെ നേതൃത്വത്തില്‍ പരിക്കേറ്റ സൈമണിനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലഹരിവസ്തുക്കള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയാണ് ജോബി. സംഭവത്തില്‍ സൈമണ്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് പ്രതിയായ ജോബിക്കായി അന്വേഷണം ആരംഭിച്ചു.
നേരത്തെയും ഇത്തരത്തില്‍ മകന് മർദിച്ചതിനെ തുടര്‍ന്ന് സൈമണ്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി പരിഗണിച്ച കളക്ടര്‍ സൈമണിനെ മര്‍ദിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയും പ്രതിമാസം 3,000 രൂപ പിതാവിന് നല്കാന് ഉത്തരവിടുകയും ചെയ്തിരുന്നു. ഈ ഉത്തരവ് ലംഘിച്ചുകൊണ്ടാണ് മകന് വീണ്ടും പിതാവിനെ ക്രൂരമായി ആക്രമിച്ചത്.
