രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്ക തോറ്റു; ലങ്കയ്ക്ക് പരമ്പര

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് തോൽവി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരന്പര ശ്രീലങ്ക 2-0ന് നേടി. 139/5 എന്ന നിലയിൽ നാലാം ദിനം തുടങ്ങിയ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 290 റണ്‍സിൽ അവസാനിച്ചു. 490 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 199 റണ്‍സിന്‍റെ കനത്ത തോൽവി ഏറ്റുവാങ്ങുകയായിരുന്നു.

പരാജയത്തിലും സെഞ്ചുറിയോടെ ഡി ബ്രുയിൻ (101) പൊരുതിയതാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസമായത്. ബാവുമ 63 റണ്‍സ് നേടിയ ഡി ബ്രുയിന് മികച്ച പിന്തുണയും നൽകി. എന്നാൽ മറ്റാർക്കും തിളങ്ങാൻ കഴിഞ്ഞില്ല. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 123 റണ്‍സ് നേടി. ആറ് വിക്കറ്റ് വീഴ്ത്തിയ ഹെറാത്താണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. പെരേരയും ധനഞ്ജയയും രണ്ടു വീതം വിക്കറ്റുകൾ നേടി.

രണ്ടു ഇന്നിംഗ്സിലും അർധ സെഞ്ചുറി നേടിയ ലങ്കൻ ഓപ്പണർ കരുണരത്നെയാണ് മാൻ ഓഫ് ദ മാച്ച്.സ്കോർ: ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ് 338, രണ്ടാം ഇന്നിംഗ്സ് 275/5 ഡിക്ലയേർഡ്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് 124, രണ്ടാം ഇന്നിംഗ്സ് 290.

Related posts