തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും കലാനിധി മുൻ പ്രസിഡന്റുമായിരുന്ന ലെനിൻ രാജേന്ദ്രന്റെ സ്മരണാർഥം കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ലെനിൻരാജേന്ദ്രൻ സ്മൃതി പുരസ്കാരം ചലച്ചിത്രതാരം പ്രേംകുമാറിന് പ്രശസ്ത നടനും സംവിധായകനുമായ മധു സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
ധീരമായ നിലപാടുകളും, അഭിപ്രായങ്ങളും, നിർഭയമായ പ്രതികരണങ്ങളും നടത്തുന്ന പ്രേംകുമാറിന് ചലച്ചിത്ര സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ പേരിലുള്ള പുരസ്ക്കാരം നൽകുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് മധു പറഞ്ഞു. പ്രേംകുമാറിന്റെ ശക്തമായ എഴുത്തും പ്രഭാഷണങ്ങളും ശ്രദ്ധയോടെ വീക്ഷിക്കുന്നയാളാണ് ഞാൻ. സമൂഹത്തോട് തികഞ്ഞ പ്രതിബദ്ധതയുള്ള കലാകാരനാണ് പ്രേംകുമാറെന്നും മധു പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ ഏറ്റവും സുതാര്യവും ജനകീയവുമാക്കിയത് പ്രേംകുമാറിന്റെ നേതൃത്വപാടവത്തിന്റെ ഉദാഹരണമാണ്. അടുത്തകാലത്ത് ഇത്രയേറെ മലയാളികളെ വിസ്മയിപ്പിച്ച മറ്റൊരു വ്യക്തിത്വം സിനിമ മേഖലയിൽ വേറെയില്ലെന്നും മധു ചൂണ്ടികാട്ടി.
കലാമൂല്യമുള്ള, ജനപ്രിയ ചിത്രങ്ങളുടെ സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്ക്കാരത്തിന് അർഹനായത് വലിയ സുകൃതമായി കാണുന്നു എന്ന് മറുപടി പ്രസംഗത്തിൽ പ്രേംകുമാർ പറഞ്ഞു. വിഖ്യാത ചലച്ചിത്ര പ്രതിഭ മധുസാറിന്റെ സ്നേഹമുള്ള വാക്കുകളും പ്രശംസയും ഏറ്റവും വലിയ അംഗീകാരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കലാനിധി ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ അധ്യക്ഷയായി. പ്രശസ്ത ചിത്രകാരൻ എസ്.അശോക് കുമാർ സർഗാലയ (കലാനിധി അംഗം )വരച്ചു തയാറാക്കിയ ചിത്രഫലകം ഉപഹാരമായി നൽകി. സദ്ഗുരു ശ്രീ രാമദാസ് സമാധി ശ്രീ ശിവക്ഷേത്രം സെക്രട്ടറി എസ്.വി. ഷാജി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ രാജൻ ശ്രീധരനും മനു വി. കുമാറും ചേർന്ന് സംവിധാനം ചെയ്ത എന്റെ ജീവിത നൊമ്പരങ്ങൾ എന്ന സിനിമയുടെ പോസ്റ്റർ പ്രകാശനം പ്രേംകുമാർ നിർവഹിച്ചു. കവിയും കലാനിധി ജനറൽ കൺവീനറുമായ പ്രദീപ് തൃപ്പരപ്പ്, പ്രേംകുമാറിന്റെ പത്നി ജിഷ, മകൾ ജമീമ, ചിത്രകാരൻ അശോക് കുമാർ സർഗലയ എന്നിവർ സംസാരിച്ചു.
