കോട്ടയം: അംഗപരിമിതനായ ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് 50 ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത യുവാവിനെ കണ്ടെത്തുന്നതിനായി കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ ലോഗോസ് ജംഗ്ഷനിലാണ് സംഭവം. മുട്ടുകാലിൽ നിന്ന് ലോട്ടറി വിൽപന നടത്തുന്ന കോടിമത സ്വദേശിയായ എം.എം.അജിയുടെ പക്കൽനിന്നാണ് യുവാവ് ലോട്ടറികൾ തട്ടിയെടുത്തത്.
സമീപത്തുള്ള ജ്വല്ലറിയിലെ സിസിടിവിയിൽ നിന്നും ഇയാളുടെ ദൃശ്യങ്ങൾ ശേഖരിച്ചു ഈസ്റ്റ് എസ്ഐ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിലാണു അന്വേഷണം നടത്തുന്നത്. യുവാവ് ലോഗോസ് ജംഗ്ഷനിൽ തന്നെ പ്രവർത്തിക്കുന്ന ബാങ്കിലെ ജീവനക്കാരനാണെന്ന് പറയുകയും ബാങ്കിൽ നിന്ന് പണം എടുത്തുതരാമെന്നും പറഞ്ഞാണു ലോട്ടറികൾ തട്ടിയെടുത്തത്.
എന്നാൽ നടക്കാൻ ബുദ്ധിമുട്ടുള്ള അജി ഇയാളുടെ പിന്നാലെ ഷോപ്പിംഗ് കോംപ്ലക്സിലേക്ക് എത്തിയപ്പോഴേക്കും ഇയാൾ മുങ്ങുകയായിരുന്നു. ബാങ്കിലെത്തി ചോദിച്ചപ്പോൾ അങ്ങനെ ആരും ജോലി ചെയ്യുന്നില്ലെന്ന് അറിഞ്ഞതോടെയാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. തുടർന്നാണു ഈസ്റ്റ് പോലീസിൽ പരാതി നല്കിയത്.
