കോഴിക്കോട്: താമരപ്പൂ ദൂരെ കണ്ടു മോഹിച്ച തോമസിന് ഒരാഗ്രഹം; ഒരു താമരപ്പൂങ്കാവനം സ്വന്തമായി വേണം. ഒടുവില്‍ ആ മോഹം സഫലമായി. ഒപ്പം ഒരു വരുമാന മാര്‍ഗവും. കുന്നമംഗലം വരട്ടിയാക്ക് കൂട്ടുങ്കല്‍ ടോംസൺ തോമസിന്റെ മട്ടുപ്പാവില്‍ നിലവില്‍ 300 ഇനം താമരകളുണ്ട്. കൊറോണ കാലത്ത് തെലുങ്കാനയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തേണ്ടി വന്ന തോമസിന് പിന്നീട് നാട്ടില്‍ത്തന്നെ ചുവടുറപ്പിക്കാന്‍ പ്രേരകമായത് താമര കൃഷിയാണ്.
തോമസിന്റെ താമര ശേഖരത്തിലെ പല ഇനങ്ങളും സൗന്ദര്യാരാധകരെ കൊതിപ്പിക്കും. ചുവപ്പ്, വെള്ള, മഞ്ഞ, പച്ച, പിങ്ക് വര്‍ണങ്ങളിലുള്ള താമരപൂക്കള്‍ കണ്ണിനഴകാണ്. ചില ഇനം പൂക്കള്‍ ഒന്നലധികം വര്‍ണങ്ങള്‍ വാരി വിതറിയ ഡിസൈനുകളാല്‍ നയനാനന്ദകരമാണ്.
താമരയുടെ വേരുകളാണ് പുതിയ തൈകളുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ആദ്യം അഞ്ച് വേരുകള്‍ പാലയില്‍ നിന്ന് വാങ്ങി തോമസ് നട്ടുവെങ്കിലും അതുമുഴുവന്‍ നശിച്ചു. പിന്നീട് അഞ്ചെണ്ണം കൂടി വാങ്ങി നട്ടതിന് നാമ്പുകള്‍ നീണ്ടതോടെ തോമസിന് പ്രതീക്ഷയായി.
പരിചരണം പ്രധാനം
നല്ല വെയില് ലഭിക്കുന്നതിനൊപ്പം വെള്ളവും വേണം താമരകള്‍ക്ക്. ചട്ടി നിറഞ്ഞ് വെള്ളം എപ്പോഴും വേണം. താമരകള്‍ പൂവിടാന്‍ തുടങ്ങിയാല്‍ വള പ്രയോഗം നടത്തണം. ഇത്രയധികം താമര ഇനങ്ങളെ വിജയകരമായി പരിരക്ഷിക്കുന്നതിനുള്ള പാഠങ്ങള്‍ തോമസ് സ്വായത്തമാക്കിയത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്.
യുട്യൂബില്‍ നോക്കി വിവിധയിനം താമരകളെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും പരിപാലന രീതികളെക്കുറിച്ചും അറിവ് സമ്പാദിച്ചു. വെറുതെയിരിക്കുന്നവര്ക്കു പറ്റിയ പണിയാണ് താമര വളര്‍ത്തല്‍ എന്നാണ് തോമസിന്റെ അഭിപ്രായം. തോമസിനു മോശമില്ലാത്ത വരുമാനവും താമരത്തൈ വില്പനയില് നിന്നു ലഭിക്കുന്നുണ്ട്.
ബേസിനുകളില്‍ വളര്‍ത്തിയെടുക്കുന്ന തൈകളാണ് തോമസ് വില്‍ക്കുന്നത്. കുന്നമംഗലം പള്ളി, കോടഞ്ചേരി പള്ളി, കോടഞ്ചേരി സ്കൂള്‍, താമരശേരി രൂപതയുടെ കീഴിലുള്ള സ്ഥാപനമായ സ്റ്റാര്‍ട്ട്, ചേലൂര്‍ സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നിവിടങ്ങളിലെല്ലാം തോമസ് താമരച്ചട്ടികള് സ്ഥാപിച്ചത് ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഭാര്യ ലിസി ഗവ. നഴ്സായിരുന്നു.
വിരമിച്ചശേഷം ലിസിയും താമര പരിപാലനത്തിന് തോമസിന് കൂട്ടായുണ്ട്. സോഫ്റ്റ്വെയര് എന്‍ജിനിയറായ മകന് ഡെയില്‍ ടോംസൺ, മകള്‍ ഡോ. ഡാമിറ്റ ടോംസൺ എന്നിവര്‍ അടങ്ങുന്നതാണ് തോമസിന്റെ സന്തുഷ്ട കുടുംബം. ഫോണ്‍: 9387520860.
മട്ടുപ്പാവ് നിറയെ കണ്ണിന് കുളിരേകുന്ന മനോഹര ദൃശ്യം
നന്നായി വെയില് ലഭിക്കുന്ന ഇടങ്ങളിലാണ് താമര വളരുക. അങ്ങനെയാണ് പകല്‍ മുഴുവന്‍ നന്നായി വെയില് ലഭിക്കുന്ന ടെറസില്‍ തോമസ് താമരകള്‍ വളര്‍ത്താന്‍ തുടങ്ങിയത്. വ്യത്യസ്ത വലുപ്പത്തിലുള്ള ബേസിനുകളിലാണ് താമരകള്‍ വളര്‍ത്തുന്നത്.വേരില്‍ നിന്നു മുളപ്പിക്കുന്ന താമരത്തൈകളില് ചില ഇനങ്ങള്‍ 15 ദിവസം കൊണ്ടു പൂവിടും. ഒരു വേരിന് 10000 രൂപ വരെ വിലയുളള അപൂര്‍വ ഇനങ്ങള്‍ തോമസിന്റെ മട്ടുപ്പാവിലുണ്ട്.
തോമസിന്റെ സമ്പാദ്യത്തിലുള്ള അമേരിക്കാമിലിയ എന്ന വില പിടിപ്പുള്ള ഇനം താമരയുടെ പ്രത്യേകത വര്‍ഷത്തില്‍ മൂന്നു മാസം ഒഴികെ മറ്റുളള സമയങ്ങളിലെല്ലാം പൂവ് ഉണ്ടാകുമെന്നതാണ്. തണുപ്പ് കൂടുതലുള്ള നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ താമര ഉറങ്ങുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ആ സമയങ്ങളില്‍ പൂവ് ഉണ്ടാകില്ല. ഈ സമയത്താണ് താമരയുടെ വേര് കൂടുതലായി വികസിക്കുന്നത്.
അമോറെ ജിയോ, അഹാക്, അതിഥി, എഡബ്ല്യു 7 വൈറ്റ്, എഡബ്ല്യു 7 റെഡ്, അരുണിമ, അഫക്ഷന്‍ 16, അമേലിയ, അമേരി പിയോണി, ആന്ഷന്റ് കാപിറ്റല്‍ മാപിള്‍ ലീഫ്, ആല്‍മണ്ട് സണ്‍ഷൈന്‍, ആല്‍ബ ഗ്രാന്‍ഡിഫ്ളോറ, ഓട്ടം ഇന്‍ മോളിംഗ്, ഓട്ടം പ്രിന്‍സ്, ബ്ളാക്ക് റെഡ് ക്വീന്‍, ബ്ളൂമൂണ്‍, ബോംഗ്ട്യൂയറ്റ്, ബുച്ച, ബാ ബോ, ബട്ടര്‍ മില്‍ക്, ബെല്‍ന, ബ്ളഷിംഗ് ആപ്രിക്കോട്ട് ബ്യൂട്ടി, ചൈനീസ് റെഡ് ഷാങ്ങ്ഹായ്, ചൈനീസ് റെഡ് ഷോഷാന്, ഫോറിനര്‍ വൈറ്റ്, ഫെയ്റി ഓഫ് ദ ഫെയറസ്റ്റ്, ഫെയ്റി പിയോണി, ഫസ്റ്റ് ഫാള്‍, ഫെതര്‍ സ്കിറ്റ് എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത ഇനം താമരകളാണ് തോമസ് അപൂര്‍വ നിധി പോലെ സംരക്ഷിച്ചു വരുന്നത്.
വെസ്റ്റ് ബംഗാളാണ് താമരകളുടെ കേന്ദ്രം. അവിടെ നിന്നാണ് തോമസ് പല അപൂര്‍വ ഇനങ്ങളും വാങ്ങിയത്.
