കൊച്ചി: മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്സിൽ ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് ഹാജരില്ലാതെ പ്രവേശനം നൽകിയ സംഭവത്തിൽ എംജി സർവകലാശാല സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു.
മുൻ പ്രിൻസിപ്പലിന് താക്കീത് നൽകി മാത്രം മുൻ ഇടത് സിൻഡിക്കേറ്റ് അവസാനിപ്പിച്ച കേസ് പുനഃപരിശോധിക്കാൻ വെള്ളിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു. സർവകലാശാലയ്ക്ക് തെറ്റായ വിശദീകരണം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം.
സംഭവത്തിൽ തുടർ അന്വേഷണം നടത്താനായി ഡോ. ആൽസൺ മാർട്ട്, ഡോ. ആതിര പ്രകാശ്, പ്രമോദ് ഗോപിനാഥ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിച്ചു. സർവകലാശാലയ്ക്കുണ്ടായ മാനഹാനി മുൻനിർത്തിയാണ് ഈ നടപടി.
