അബുദാബി: ഫ്ലൈദുബായ് വിമാനത്തിൽ കോക്പിറ്റിനുള്ളില്‍ ഒമാനി സഹപൈലറ്റിന്റെ ആക്രമണത്തിൽ ആശുപത്രിയിൽ തുടരുന്ന ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് തലയോട്ടിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോർട്ട്.
ആക്രമണത്തില്‍ മച്ചാറിന്റെ തലയോട്ടിയില്‍ ഡിപ്രെസ്ഡ് ഫ്രാക്ചര്‍ അഥവാ ഒടിവ് സംഭവിച്ചതായാണ് റിപ്പോർട്ട്. തലയോട്ടിയുടെ ഒരു ഭാഗം അകത്തേക്ക് അമര്‍ന്നുപോകുന്ന തരത്തിലുള്ള ഗുരുതര പരിക്കാണിത്. സൗദിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരം.
കൈകാലുകള്‍, നെഞ്ച്, വയറിന്റെ മുകള്ഭാഗം എന്നിവിടങ്ങളിലും പൈലറ്റിന് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അബുദാബിയിലെ മിലിട്ടറി ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.
അതേസമയം, കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് 180 യാത്രക്കാരുമായി പോയ വിമാനത്തിന്റെ കോക്പിറ്റിൽവച്ച് പൈലറ്റിന് നേരെ സഹപൈലറ്റ് ആക്രമണം നടത്തിയത്. ആക്രമണത്തിലാണ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് കുത്തേറ്റത്. ഒമാൻ സ്വദേശിയായ സഹപൈലറ്റ് സ്മിത് മച്ചാറിനെ കുത്തി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് വിമാനം തകർക്കാൻ ശ്രമിച്ചെന്നാണ് റിപ്പോർട്ട്.
പരിക്കേറ്റിട്ടും സ്മിത് മച്ചാർ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചു. തുടർന്ന് കോക്പിറ്റ് വാതിൽ തുറക്കാനുള്ള സംവിധാനം പ്രവർത്തിപ്പിച്ച് യാത്രക്കാരുടെ സഹായം തേടി. വാതിൽ തുറന്നതോടെ സമീപത്തുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും കോക്പിറ്റിലേക്ക് പ്രവേശിച്ച് സഹപൈലറ്റിനെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുത്തു.
വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. സംഭവത്തിൽ ക്യാപ്റ്റൻ സ്മിത് മച്ചാർ കാട്ടിയ ധൈര്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രശംസിച്ചിരുന്നു.
