മാഹി: പെട്രോളും ഡീസലും വിലക്കുറവിൽ വിൽക്കാനായി മാഹി ബൈപ്പാസ് റോഡിൽ പരസ്യപ്രളയം. മാഹി ബൈപ്പാസ് തുറന്നതോടെ വാഹനങ്ങൾ പഴയ റോഡിലൂടെ പോകുന്നത് കുറഞ്ഞു.മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസിലെ ഈസ്റ്റ് പള്ളുർ ഭാഗത്തെ സർവീസ് റോഡിൽ ആറ് പെട്രോൾ പമ്പുകളാണ് പ്രവർത്തനം ആരംഭിച്ചത്.ബൈപ്പാസിലൂടെ പോകുന്നവർക്ക് കാണാനായി പെട്രോൾ, ഡീസൽ വില എഴുതിയ വലിയ ബോർഡുകൾ ഇരുവശത്തുമായി സ്ഥാപിച്ചിരിക്കുകയാണ്.
തെങ്ങിൻ മണ്ടയിൽവരെ ഡീസൽ വില രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇത്തരം ബോർഡുകൽ യാത്രക്കാർക്ക് കാഴ്ച്ചയായി മാറുകയാണ്.മാഹിയിലേക്ക് സ്വാഗതം ചെയ്ത് വെൽക്കം റ്റു മാഹി ബോർഡുകളും ഓഫർ ബോർഡുകളും സർവീസ് റോഡുകളെ ശ്വാസം മുട്ടിക്കുന്നു. അനുവദിച്ച പന്പുകളുടെ നിർമാണം പൂർത്തിയാകുന്നതോടെ ബൈപ്പാസിലെ പമ്പുകളുടെ എണ്ണം 17 കടക്കും.
ബൈപ്പാസ് പാതയിലെ പെരിങ്ങാടി സിഗ്നൽ ഭാഗം അടച്ചതിനാൽ സർവീസ് റോഡ് വഴിയാണ് ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്നു പോകുന്നത്. സർവീസ് റോഡ് വീതി കുറവായതിനാൽ അപകടങ്ങൾ പെരുകുകയാണ്. സർവീസ് റോഡുകളിലെ പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കാൻ കയറുന്നിടത്തെല്ലാം ഗതാഗതക്കുരുക്കാണ്.
സർവീസ് റോഡിലെ ചെങ്കുത്തായ കയറ്റത്തിൽ പോലും മാനദണ്ഡങ്ങൾ പാലിക്കാതെ പമ്പുകൾ അനുവദിച്ചിട്ടുണ്ട്. ഇവിടെ ഭാരവണ്ടികൾ കയറ്റം കയറാനാകാതെ നിയന്ത്രണം വിടുമ്പോൾ ഇരു ചക്ര വാഹനങ്ങളിൽ പോകുന്നവർ ഭീതിയിലാണ്. പുതുച്ചേരിയിലിരുന്നാണ് പുതുച്ചേരി കളക്ടർ പമ്പുകൾക്ക് അനുമതി നൽകുന്നത്.
പ്രദേശത്ത് പുതിയ പമ്പ് സ്ഥാപിക്കാനായി മണ്ണിട്ട് നികുത്തുന്ന സ്ഥലത്തെ താമസക്കാർ പൊടിയിൽ കുളിക്കുകയാണ്. സർവീസ് റോഡിൽ കൂട്ടത്തോടെ പമ്പുകൾ ഉയരുമ്പോൾ പരിഭ്രാന്തരാകുന്നത് പരിസര വാസികളാണ്. ജനശബ്ദം മാഹിയുടെ നേതൃത്വത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ അനുമതി നൽകുന്ന പമ്പുകൾക്കെതിരെ സമര പരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
