വാകത്താനം: കടയുടമയായ സ്ത്രീയുടെ മാല മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റില്‍. വെട്ടിക്കലുങ്ക് ഭാഗത്ത് മാടക്കട നടത്തുന്ന വാകത്താനം സ്വദേശിനി കല്ലടിയില്‍ ലീലാമ്മ രാജുവിന്റെ രണ്ടര പവനോളം തൂക്കം വരുന്ന സ്വര്‍ണമാലയാണ് പ്രതികൾ തട്ടിപ്പറിച്ചു കടന്നുകളഞ്ഞത്.
കേസില്‍ തൃക്കൊടിത്താനം പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന വിഷ്ണു അനില്‍കുമാറും പാമ്പൂരാംപാറ സ്വദേശിനി ധന്യയുമാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 25നായിരുന്നു സംഭവം. വാകത്താനം പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
55 ഓളം സിസിടിവികളുടെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. കഴിഞ്ഞ 31ന് കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്തു ഹെല്‍മറ്റ് മാറ്റുന്ന ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്.
പ്രതിക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെക്കുറിച്ച് നടത്തിയ അന്വേഷണം പാമ്പൂരാംപാറ സ്വദേശിനിയും പുതുപ്പള്ളി പെട്രോള്‍ പമ്പിലെ ജീവനക്കാരിയുമായ ധന്യയിലേക്ക് എത്തിച്ചേര്‍ന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിഷ്ണുവിനെ പിടികൂടാന്‍ പോലീസിന് സാധിച്ചത്.
ചിങ്ങവനം പോലീസ് സ്റ്റേഷനിലുൾപ്പെടെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ സ്കൂട്ടര്‍ മോഷണക്കേസുകളിലും പ്രതിയാണ്.
