ഡാ…@$%്‌ര@!* ! മലയാളികള്‍ പറയുന്നതില്‍ ഏതാണ് ചീത്ത ഏതാണ് നല്ലത് എന്നു മനസിലാക്കാനാകാതെ വലഞ്ഞ് ഫേസ്ബുക്ക്; മലയാളികളുടെ തെറികളില്‍ പലതിനും ഇംഗ്ലീഷ് വാക്കുകളില്ലാത്തതും ഹൈടെക് സെല്ലിന് പണിയാകുന്നു…

മലയാളിയുടെ തെറിവിളി കൊണ്ട് ഫേസ്ബുക്ക് പൊറുതിമുട്ടിയിരിക്കുകയാണ്. ഇംഗ്ലീഷ് മാത്രം മനസിലാകുന്ന ഫേസ്ബുക്കിനെ വലയ്ക്കുകയാണ് മലയാളികളുടെ പച്ചത്തെറി പ്രയോഗം. ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് അഞ്ഞൂറിലധികം പരാതികളാണ് പോലീസിന്റെ ഹൈ ടെക് സെല്ലിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ മലയാളികള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്ന തെറികള്‍ ഫേസ്ബുക്കിനെ പറഞ്ഞു മനസിലാക്കുന്നതാണ് ഹൈ ടെക് സെല്ലിന്റെ ഏറ്റവും വലിയ തലവേദന. മലയാളികളുടെ പല തെറിപ്രയോഗങ്ങള്‍ക്കും തത്തുല്യമായ ഇംഗ്ലീഷ് പദങ്ങള്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം.

എന്നാല്‍ മലയാളികള്‍ വിളിക്കുന്ന ഇംഗ്ലീഷ് തെറികള്‍ ഫേസ്ബുക്കിന് ഒരു തെറിയേ അല്ല. മലയാളത്തിലുള്ള തെറി തര്‍ജ്ജിമ ചെയ്ത് ഇംഗ്ലീഷിലെത്തുമ്പോള്‍ ലഘുവാകുന്നതോടെ കേസിന്റെ കാര്യം സ്വാഹ. മാത്രമല്ല പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനു പരിഗണന നല്‍കുന്ന അമേരിക്കന്‍ നിയമവും മലയാളത്തിലെ തെറിവിളിക്കാര്‍ക്ക് അനുകൂലമാവുന്നു.

സ്ത്രീകളെ അപമാനിച്ചുവെന്ന തരത്തിലുള്ള പരാതികളാണ് മലയാളികളെക്കുറിച്ച് ഏറ്റവും കൂടുതല്‍ വരുന്നത്. എന്നാല്‍ ഫേക്ക് ഐഡിയില്‍ കൂടിയുള്ളതാണ് കൂടുതല്‍ അസഭ്യ പ്രചരണങ്ങളും എന്നതിനാല്‍ ഫേസ്ബുക്കിന് ഇതില്‍ വലിയ താത്പര്യവുമില്ല. ഗള്‍ഫില്‍ നിന്നും മലയാളി പോസ്റ്റ് ചെയ്യുന്ന തെറികളോടും ഫേസ്ബുക്ക് തണുപ്പന്‍ മട്ടിലാണ് പ്രതികരിക്കുന്നത്.ആ രാജ്യത്തില്‍നിന്നും പ്രതിയുടെ ഐപി വിലാസം കണ്ടെത്തുന്നതു തടസമാണെന്ന വാദമാണു മറുപടിയില്‍ ഫേസ്ബുക്ക് വ്യക്തമാക്കുക. പരാതിക്കാരിയായ സ്ത്രീ താന്‍ ആത്മഹത്യയുടെ വക്കിലാണെന്നെന്നൊക്കെ പറയുമ്പോള്‍ മാത്രമാണ് സംഭവത്തിന്റെ തീവ്രത ഉള്‍ക്കൊള്ളാന്‍ ഫേസ്ബുക്ക് സന്മനസു കാണിക്കുന്നത്.

സിനിമാ ട്രോള്‍ ഉപയോഗിച്ചുള്ള അപമാനിക്കലിനും കേസെടുക്കാന്‍ പ്രത്യേക വകുപ്പില്ല. അഥവാ കേസെടുത്താല്‍ തന്ന കോടതികളില്‍ കേസ് തട്ടിപ്പോകും. നമ്പര്‍ തെളിയാത്ത ഇന്റര്‍നെറ്റ് കോള്‍ വഴി അപമാനിക്കുന്നവരെയും കുടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഹൈ ടെക് സെല്‍ പറയുന്നു. ചുരുക്കി പറഞ്ഞാല്‍ മലയാളികള്‍ സൈബര്‍ ലോകത്ത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ലെന്നു സാരം.

Related posts