ഇംഫാല്‍: മണിപ്പുരിലെ കാംജോങില്നിന്ന് വ്യാഴാഴ്ച മുതല്‍ കാണാതായ രണ്ടു കുക്കി വിഭാഗക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഉക്രുൽ ജില്ലയിലെ ഷാങ്കായ് സ്വദേശി തംഗ്ബോയ്മാങ് (35), തവായ്കുക്കിയിൽനിന്നുള്ള തെൻജിൻ ബൈറ്റ് (40) എന്നിവരുടെ മൃതദേഹങ്ങളാണ് വനമേഖലയിൽ കണ്ടെത്തിയത്. കാട്ടിലെ ജലവിതരണ പൈപ്പുകൾ നന്നാക്കാൻ ബുധനാഴ്ച വീട്ടിൽനിന്ന് തിരിച്ച ഇവർ തിരിച്ചെത്തിയില്ലെന്ന് ഗ്രാമവാസികൾ പറഞ്ഞു.
തൊട്ടടുത്ത ഉക്രുൽ ജില്ലയിൽ ഗ്രാമവാസികൾ തടഞ്ഞുവച്ച 21 നാഗാ വിഭാഗക്കാരെ മോചിപ്പിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കുക്കികളുടെ മൃതദേഹങ്ങൾ ഗ്രാമവാസികളും സുരക്ഷാസേനാംഗങ്ങളും ചേർന്നു കണ്ടെത്തിയത്. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗ് നിയമസഭയിൽ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കു സഹായധനം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
