പണ്ടൊക്കെ ഒരേ കരിയറിലുള്ള ആളുകൾ തമ്മിൽ വിവാഹം കഴിക്കുന്നത് പതിവ് കാഴ്ച ആയിരുന്നു. എന്നാൽ കാലം മാറിയതോടെ അത്തരം ബന്ധങ്ങൾ തെരഞ്ഞെടുക്കുന്നതിന് അൽപം വിമുഖത കാണിക്കുന്നുണ്ട്. അത് തെളിയിക്കുന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡോക്ടർമാരായ രണ്ട് വ്യക്തികൾ തമ്മിൽ വിവാഹം കഴിക്കുന്നതിനായി ഇരുവരുടേയും വീട്ടുകാർ തമ്മിൽ ചർച്ച ആരംഭിച്ചു. മാർച്ച് 8ന് ഇതിൻ പ്രകാരം ഡോക്ടർ പയ്യന്റെ വീട്ടുകാർ പെണ്ണിനെ കാണുന്നതിനായി എത്തി. എന്നാൽ യുവതിയും യുവാവും തമ്മിൽ ഭാവി കാര്യങ്ങൾ തുറന്ന് സംസാരിച്ചതോടെ പയ്യൻ വിവാഹത്തിൽ നിന്നും പിൻമാറി.
താനും ഡോക്ടർ തന്നെയാണ് എന്നാൽ കുടുംബത്തിനു കൂടുതൽ പിന്തുണ നൽകുന്ന പെണ്ണിനെയാണ് താനും തന്റെ വീട്ടുകാരും താൽപര്യപ്പെടുന്നത്, യുവതിയുടെ ചിന്തകളും സ്വപ്നങ്ങളുമൊക്കെ തങ്ങളുടെ സ്വഭാവത്തോടും പ്രകൃതത്തോടും യോജിച്ച് പോവുകയില്ലെന്ന് പറഞ്ഞ് ഈ ബന്ധംതന്നെ അവർ വേണ്ടെന്ന് വച്ചു.
സംഭവത്തെ കുറിച്ച് യുവതി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചതോടെ സംഗതി കയറി വൈറലായി. അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 -നാണ് ഈ സംഭവം നടന്നതെന്നതാണ് ഏറെ ശ്രദ്ധേയം. ‘രണ്ട് ഡോക്ടർമാർ തമ്മിലുള്ള വിവാഹാലോചനയിൽ ഒരാൾക്ക് തന്റെ ഭാവി കരിയറിൽ തന്റേതായ ലക്ഷ്യങ്ങളുണ്ട് എന്നത് കല്യാണെം കഴിക്കുന്നതിന് ഒരു തടസമായി മാറുന്നത് അത്ഭുതപ്പെടുത്തുന്നു എന്ന് യുവതി കുറിച്ചു.
തന്റെ മാതാപിതാക്കൾ പരസ്പരം പിന്തുണച്ചും സ്നേഹിച്ചും ജീവിക്കുന്നവരാണെന്നും ഇന്നത്തെ സമൂഹത്തിൽ പോലും പുരുഷന്മാർ സ്ത്രീകളുടെ വളർച്ചയെ അംഗീകരിക്കാൻ മടിക്കുന്നത് അംഗീകരിക്കാൻ പ്രയാസമാണെന്നും യുവതി പ്രതികരിച്ചു.
