ആലപ്പുഴ: വേനൽമഴയിൽ 24 ശതമാനത്തിന്റെ വർധനയോടെ ജില്ലയിൽ ദുരിതപ്പെയ്ത്ത്. 82.4 മില്ലിമീറ്റർ വേനൽമഴയാണ് അധികം ലഭിച്ചത്. ഇന്നലെ രാവിലെ അരൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവി (60) ആണ് മരിച്ചത്. മഴ കനത്തതോടെ ഇന്നലെ ഉച്ചമുതൽ ജില്ലയിൽ കാലാവസ്ഥാ നീരീക്ഷണവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
താഴ്ന്ന സ്ഥലങ്ങൾ വെള്ളക്കെട്ടിലായി. ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് 27 വരെ പ്രഖ്യാപിച്ചിരുന്ന മഞ്ഞ അലർട്ട് 28 ലേക്ക് നീട്ടി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മാർച്ച് ഒന്നുമുതൽ ഇന്നലെ വരെ ജില്ലയിൽ 82.4 മില്ലിമീറ്റർ വേനൽമഴ അധികം ലഭിച്ചു.
കേന്ദ്രകാലവസ്ഥാവകുപ്പിന്റെ കണക്കനുസരിച്ച് 338.1 മില്ലിമീറ്റർ മഴയാണ് സാധരണയായി ഇക്കാലയളവിൽ ലഭിക്കേണ്ടത്. എന്നാൽ, ഇതുവരെ 420.5 മില്ലിമീറ്റർ മഴ ലഭിച്ചു. ഇൗ മാസം 15 വരെ ജില്ലയിൽ വേനൽമഴയിൽ 32 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. 182.9 മില്ലിമീറ്റർ മഴ മാത്രമാണ് മാർച്ച് ഒന്നുമുതൽ മേയ് 15 വരെ ലഭിച്ചത്. തുടർന്നുള്ള ആഴ്ചകളിൽ മഴ കനത്തു.
വീടുകൾക്ക് നാശനഷ്ടം
വേനൽമഴയിൽ മാർച്ച് ഒന്നുമുതൽ ഇന്നലെവരെ ജില്ലയിൽ 40 വീടുകൾ ഭാഗികമായി തകർന്നു. അമ്പലപ്പുഴ-ഏഴ്, കുട്ടനാട്-31, ചേർത്തല-1 എന്നിങ്ങനെയാണ് വീടുകൾക്കുണ്ടായ നഷ്ടം. തീരങ്ങളിൽ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
4.98 കോടിയുടെ കൃഷിനാശം
വേനൽ ആരംഭിച്ചശേഷമുണ്ടായ കടുത്ത വരൾച്ചയിലും പിന്നീടെത്തിയ ശക്തമായ വേനൽമഴയിലും ജില്ലയിൽ 810 കർഷകരുടെ 663.96 ഹെക്ടറിലെ കൃഷി നശിച്ചു. 4.98 കോടിയുടെ കൃഷിനാശം. 243 ഹെക്ടറിലെ നെൽകൃഷി നശിച്ചു. 271 കർഷകർക്കായി 3.64 കോടിയുടെ നഷ്ടമുണ്ടായി. ജില്ലയുടെ തെക്ക് കിഴക്കൻ പ്രദേശങ്ങൾ ഉൾപ്പെട്ട പരമ്പരാഗത കാർഷികമേഖലയായ ചാരുംമൂട്ടിൽ 411.58 ഹെക്ടറിലായി 374 കർഷകരുടെ കരകൃഷി നശിച്ചു.
81.74 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 178 കർഷകരുടെ 11,590 വാഴകൾ മഴയിലും കാറ്റിലും വരൾച്ചയിലും നശിച്ചു. 67 ലക്ഷത്തിന്റെ നഷ്ടം. 1.209 ഹെക്ടറിലായി 27 കർഷകരുടെ പച്ചക്കറി കൃഷിനശിച്ചതിലൂടെ 54,000 രൂപയുടെ നഷ്ടമുണ്ടായി.
മഞ്ഞ അലർട്ട്
ജില്ലയിൽ 28 വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാം.
