ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി ശുചിമുറിയിലെ പൈപ്പ് പൊട്ടി മലിനജലം പുറത്തേക്ക് ഒഴുക്കുന്നു. ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന കാരുണ്യ സുരക്ഷ ഇൻഷ്വറൻസ് കൗണ്ടറിനോട് ചേർന്ന ശുചി മുറിയിലെ പൈപ്പാണ് പൊട്ടിയൊഴുകുന്നത്.
ഡോക്ടർമാർ കാർ പാർക്ക് ചെയ്യുന്ന പാർക്കിംഗ് ഏരിയയിലേക്കാണ് ശുചിമുറിയിൽനിന്നുള്ള മലിനജലം ഒഴുകിയെത്തുന്നത്. ആശുപത്രി അധികാരികളെ ജീവനക്കാർ വിവരം അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ നടപടി ഉണ്ടായില്ല.
അതേസമയം ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗിക്കുന്ന കംഫർട്ട് സ്റ്റേഷന്റെ പൈപ്പും ബ്ലോക്കായിട്ടുണ്ട്. കംഫർട്ട് സ്റ്റേഷനിലെ മുറികളിൽ വെളിച്ചം ഇല്ലാതായിട്ട് ആഴ്ചകളായി.
ഇതേ തുടർന്ന് കംഫർട്ട് സ്റ്റേഷൻ രാത്രികാലങ്ങളിൽ ഇരുട്ടിലാണ്. ഇത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇതിനു പുറമേ കംഫർട്ട് സ്റ്റേഷനിലെ ഫ്ലഷ് ടാങ്ക്, ഷവർ തുടങ്ങിയവയെല്ലാം തകരാറിലാണ്. ആയിക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരുമെത്തുന്ന മെഡിക്കൽ കോളജിലെ ശുചിമുറികളുടെ തകരാറുകൾ അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
