ന്യൂഡൽഹി: രാംലീല മൈതാനിയിൽ ഇന്ത്യസഖ്യം നടത്തിയ മഹാറാലിയെ തുടർന്ന് വ്യാപാരികളും സംഘാടകരും തമ്മിൽ തർക്കം. ദീപാവലി, ധൻതേരാസ് തുടങ്ങിയ പ്രധാന ഉത്സവങ്ങളുടെ സമയത്ത് റാലി നടത്തിയതിനെക്കുറിച്ചാണ് വ്യാപാരികൾക്ക് ആക്ഷേപം. ഉത്സവ സീസണിലെ ഇന്ത്യാ സഖ്യ റാലിയും സമരവും തങ്ങളുടെ കച്ചവടത്തെ സാരമായി ബാധിക്കുന്നതായാണ് വ്യാപാരികളുടെ സംഘടനയായ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി വ്യക്തമാക്കിയിട്ടുള്ളത്.
ഇതേസമയം, താൻ റാലിക്ക് എത്തുന്നവരോട് സാധനങ്ങൾ വാങ്ങാൻ ആവശ്യപ്പെട്ടിട്ടും കടകൾ ബലമായി അടപ്പിച്ച് വ്യാപാരികൾക്ക് നഷ്ടമുണ്ടാക്കുന്നത് ബിജെപിയാണെന്നും, ഗ്യാനേഷ് കുമാറിനെ പുറത്താക്കിയാൽ വെറും “30 സെക്കൻഡിനുള്ളിൽ” വോട്ട് കൊള്ളയ്ക്കെതിരെയുള്ള പ്രതിഷേധം അവസാനിക്കുമെന്നും രാഹുൽ ഗാന്ധിയും പ്രതികരിച്ചു.
വ്യാപാരികളെ ബിജെപി ഭീഷണിപ്പെടുത്തി കടകൾ അടപ്പിച്ചു: രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മഹാറാലിയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകരെയും നേതാക്കളെയും തടയാൻ ഡൽഹി കൊണാട്ട് പ്ലേസിലെ കടകൾ ബിജെപി ബലമായി അടപ്പിച്ചതായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. റാലിയിൽ പങ്കെടുക്കാൻ പുറപ്പെടവേയാണ് രാഹുൽ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. കടകൾ ബിജെപി സർക്കാർ മനഃപൂർവം പൂട്ടിച്ചെന്നും ഇതു വ്യാപാരികൾക്ക് വലിയ സാമ്പത്തികനഷ്ടം ഉണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാപാരികളെ പിന്തുണയ്ക്കാൻ ഡൽഹിയിൽ ചെറിയ ഷോപ്പിംഗ് നടത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പ്രതിഷേധക്കാരോട് താൻ അഭ്യർഥിച്ചിരുന്നെങ്കിലും ബിജെപിയുടെ ഈ നടപടി വ്യാപാരികളെ കൂടുതൽ പ്രതിസന്ധിയിലാക്കിയെന്ന് രാഹുൽ കുറ്റപ്പെടുത്തി.
അതേസമയം, ദീപാവലി സീസണിൽ നടത്തുന്ന റാലി ലക്ഷക്കണക്കിന് വ്യാപാരികളെ ബാധിക്കുമെന്നും കോടികളുടെ നഷ്ടം വരുത്തുമെന്നും ചൂണ്ടിക്കാട്ടി വിവിധ വ്യാപാരിസംഘടനകൾ നേരത്തേ ആശങ്കയറിയിച്ചിരുന്നു. എന്നാൽ, മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെ രാജിവയ്പിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനാണു തങ്ങൾ എത്തിയതെന്നായിരുന്നു രാഹുലിന്റെ മറുപടി. റാലിയെത്തുടർന്ന് രണ്ടര ലക്ഷത്തോളം കടകൾ അടഞ്ഞുകിടക്കുമെന്നും കോടികളുടെ നഷ്ടം സംഭവിക്കുമെന്നുമാണ് വ്യാപാരി സംഘടനകൾ പറഞ്ഞത്.
വോട്ട് കൊള്ളയ്ക്കെതിരേ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: വോട്ടുകൊള്ള ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ രാജ്യദ്രോഹക്കുറ്റത്തിനു നടപടിയെടുത്ത് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് പുറത്താക്കി ജയിലിലടയ്ക്കുമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
അതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരേ ശക്തമായ നിയമനടപടി ഉണ്ടാകുമെന്നും “ചലോ ദില്ലി’ പ്രക്ഷോഭ മഹാറാലിയിൽ പ്രസംഗിക്കവെ രാഹുൽ ആഞ്ഞടിച്ചു.
ഗ്യാനേഷ് കുമാറിനെ പുറത്താക്കാതെ പ്രതിഷേധത്തിൽനിന്ന് പിന്നോട്ടില്ലെന്നും പറഞ്ഞ രാഹുൽ, രാജ്യത്തെ ശരിയായ പാതയിലേക്കു തിരികെകൊണ്ടുവരാനുള്ള ആദ്യപടി ഗ്യാനേഷ് കുമാറിനെ മാറ്റുകയെന്നതാണെന്നും വ്യക്തമാക്കി.
ഗ്യാനേഷ് കുമാർ ഇല്ലായിരുന്നെങ്കിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയോ അമിത് ഷാ ആഭ്യന്തരമന്ത്രിയോ ആകുമായിരുന്നില്ല. മധ്യപ്രദേശ്, ഹരിയാന, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ഇവിഎമ്മുകളിൽ തിരിമറി നടത്തിയും വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുകൾ വരുത്തിയുമാണ് ബിജെപി അധികാരത്തിൽ തുടർന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം രാജ്യത്തെ 15 ശതമാനം വോട്ടർമാരുടെ വോട്ടവകാശമാണു വെട്ടിച്ചുരുക്കി ഇല്ലാതാക്കിയത്. എനിക്ക് ആരോടും വ്യക്തിവിരോധമില്ല. എന്നാൽ ഓരോ പൗരന്റെയും വോട്ടവകാശവും ജനാധിപത്യ അവകാശവുമാണ് പ്രധാനം. ഭരണഘടന തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി ഓർമിപ്പിച്ചു.
നരേന്ദ്ര മോദി ഒരിടത്തേക്കും പോകില്ലെന്ന അമിത് ഷായുടെ വാദത്തിനും രാഹുൽ ഗാന്ധി മറുപടി നൽകി. മോദി പോകാൻ ആഗ്രഹിച്ചാലും തങ്ങൾ അതിന് അനുവദിക്കില്ലെന്നും വോട്ടുകൊള്ളയിൽ ഗ്യാനേഷ് കുമാറിനുശേഷം പ്രതിപക്ഷം നേരിട്ട് മോദിക്കു മുന്നിലെത്തി നിയമനടപടികൾക്കു വിധേയനാക്കുമെന്നും രാഹുൽ പറഞ്ഞു.
ഇതോടൊപ്പം രാജ്യത്തിന്റെ സമ്പത്ത് ചുരുക്കം ചില ശതകോടീശ്വരന്മാരിലേക്കു മാത്രം ഒതുങ്ങിയെന്നും അത് അനുവദിച്ചുകൊടുക്കാനാകില്ലെന്നും രാഹുൽ വ്യക്തമാക്കി. കർഷകർക്കും യുവാക്കൾക്കും രാജ്യത്ത് അർഹമായ അവകാശങ്ങളും തൊഴിലും ലഭിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജനവിധി അട്ടിമറിച്ച സർക്കാരിനെ തൂത്തെറിയണം: ഖാർഗെ
ന്യൂഡൽഹി: ജനാധിപത്യം സംരക്ഷിക്കാൻ നരേന്ദ്ര മോദിയെ അധികാരത്തിൽനിന്നു പുറത്താക്കണമെന്നും മോഷ്ടിച്ച ജനവിധിയിലൂടെ രൂപീകരിച്ച കേന്ദ്രസർക്കാരിനെ തൂത്തെറിയണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാംലീല മൈതാനത്തു നടന്ന “ചലോ ദില്ലി’ മഹാറാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്നാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രസർക്കാരായാലും മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ സർക്കാരുകളായാലും അവയെല്ലാം “വോട്ട് ചോരി’ (വോട്ട് മോഷണ) സർക്കാരുകളാണ്. ജനങ്ങളെ വഞ്ചിച്ചു മോഷ്ടിച്ച ജനവിധിയുടെ അടിസ്ഥാനത്തിലാണ് അവർ അധികാരത്തിലെത്തിയത്. ഈ വോട്ടുമോഷണ സർക്കാരുകളെ തൂത്തെറിയേണ്ടതുണ്ട്. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ മോദിയെ അധികാരത്തിൽനിന്നു മാറ്റേണ്ടത് അത്യാവശ്യമാണെന്നും ഖാർഗെ വ്യക്തമാക്കി.
രാജ്യത്തെ ദളിതരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും വോട്ടവകാശം തട്ടിയെടുക്കാനാണ് മോദിയും അമിത് ഷായും ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിലൂടെയാണ് പ്രതിപക്ഷവോട്ടുകൾ വെട്ടിനിരത്താൻ കേന്ദ്ര ഭരണകൂടം കരുക്കൾ നീക്കുന്നത്. അതിനാൽ ഗ്യാനേഷ് കുമാറിനെ പുറത്താക്കുംവരെ തങ്ങൾ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും വോട്ട് സംരക്ഷണത്തിനായി പ്രതിജ്ഞാബദ്ധരായി നിലകൊള്ളുമെന്നും ഖാർഗെ പ്രഖ്യാപിച്ചു.
ഗ്യാനേഷ് കുമാർ രാജിവയ്ക്കുംവരെ പ്രക്ഷോഭമെന്ന് ഇന്ത്യ സഖ്യം
ന്യൂഡൽഹി: വോട്ടുകൊള്ള ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ ജനകീയ വിചാരണയ്ക്കു പിന്നാലെ ജനലക്ഷങ്ങളെ അണിനിരത്തി, പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ ശക്തിയും ഐക്യവും വിളിച്ചോതി “ചലോ ദില്ലി’ മഹാറാലി.
പ്രതിപക്ഷസഖ്യം ഒന്നടങ്കം വോട്ടുകൊള്ളയ്ക്കെതിരേ തെരുവിലിറങ്ങിയപ്പോൾ തലസ്ഥാനനഗരി ഇതുവരെ കാണാത്ത പ്രതിഷേധാരവമാണ് തെരുവുകളിലും രാംലീല മൈതാനത്തും അലയടിച്ചത്.
പ്രതിഷേധക്കാരുടെ വരവ് വിവിധ വഴികളിലൂടെ തടയാൻ ഭരണകൂടം ശ്രമിച്ചെങ്കിലും ലക്ഷക്കണക്കിനു ജനങ്ങളാണ് സമരഭൂമിയിലേക്ക് ഒഴുകിയെത്തിയത്. ഇരുപതിലധികം പ്രതിപക്ഷ പാർട്ടികളും സഖ്യത്തിനു പുറത്തുള്ള വിവിധ യുവജന-വിദ്യാർഥി സംഘടനകളും സമരത്തിൽ അണിചേർന്നു.
ഡൽഹി മിന്റോ ബ്രിഡ്ജ് റോഡിൽനിന്നു രാംലീല മൈതാനത്തേക്കു നടന്ന മാർച്ചിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സഖ്യത്തിലെ പ്രമുഖ നേതാക്കളായ അഖിലേഷ് യാദവ്, എം.എ. ബേബി, മമത ബാനർജി, തേജസ്വി യാദവ്, ഡി. രാജ, ഫറൂഖ് അബ്ദുള്ള, ദീപാങ്കർ ഭട്ടാചാര്യ, പ്രിയങ്ക ഗാന്ധി, സുപ്രിയ സുലെ എന്നിവർക്കു പിന്നാലെ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി തുടങ്ങിയ നേതാക്കളും പിസിസി അധ്യക്ഷന്മാരും വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരും എംപിമാരും പ്രത്യേക വാഹനങ്ങളിൽ അണിനിരന്നു.
മിന്റോ റോഡിൽ തടിച്ചുകൂടിയ ജനസഞ്ചയത്തെ നിയന്ത്രിക്കാൻ കനത്ത സുരക്ഷാസന്നാഹങ്ങളാണ് പൊലിസ് ഒരുക്കിയിരുന്നത്.
രാംലീല മൈതാനത്ത് എത്തിച്ചേർന്ന മഹാറാലി രാജ്യത്തിന്റെതന്നെ രാഷ്ട്രീയശ്രദ്ധ ആകർഷിക്കുന്ന വലിയൊരു ജനകീയ മുന്നേറ്റമായി മാറി. ഗ്യാനേഷ് കുമാറാണു തെരഞ്ഞെടുപ്പ് അട്ടിമറികൾക്കു നേതൃത്വം നൽകിയതെന്നും ഇതിനു പിന്നിൽ നരേന്ദ്ര മോദിയും അമിത് ഷായുമാണെന്നും നേതാക്കൾ പ്രസംഗത്തിൽ ആഞ്ഞടിച്ചു. ഗ്യാനേഷിനെ പുറത്താക്കുന്നതുവരെ പോരാട്ടം തുടരുമെന്ന പ്രഖ്യാപനത്തോടെയാണു മഹാറാലി സമാപിച്ചത്.
വോട്ടുകൊള്ളയ്ക്കെതിരേ ഒറ്റക്കെട്ട്
ന്യൂഡൽഹി: തലസ്ഥാനനഗരിയെ ഞെട്ടിച്ചും പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ ശക്തി വിളിച്ചോതിയും “ചലോ ദില്ലി’ബഹുജന പ്രക്ഷോഭറാലി. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും രാജ്യത്തുടനീളം നടന്ന “വോട്ടു കൊള്ള’യ്ക്കും വോട്ടർപട്ടികയിലെ വെട്ടിനിരത്തലുകൾക്കുമെതിരേ നടന്ന ബഹുജന റാലിയും സമ്മേളനവും തലസ്ഥാനനഗരിയെ പ്രക്ഷോഭക്കടലാക്കി.
തെരഞ്ഞെടുപ്പു കമ്മിഷനെതിരേയുള്ള പ്രക്ഷോഭമെന്നതിലുപരി വരാനിരിക്കുന്ന നിർണായക നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി കേന്ദ്രസർക്കാരിനുള്ള പ്രതിപക്ഷത്തിന്റെ താക്കീതുകൂടിയായി ഈ സമരം.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള രാഷ്ട്രീയനേതാക്കൾ, പ്രവർത്തകർ, കർഷകർ, വിദ്യാർഥികൾ, യുവജനങ്ങൾ എന്നിവരടങ്ങുന്ന കൂറ്റൻ ജനസഞ്ചയമാണ് “വോട്ട് സംരക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി ഡൽഹിയിലേക്ക് ഒഴുകിയെത്തിയത്.
മിന്റോ ബ്രിഡ്ജ് മുതൽ രാംലീല വരെ: കൊടികളുടെ നദിയായി തലസ്ഥാനം
ത്രിവർണ പതാകയും കൂറ്റൻ ക്ലോക്കുംകൊണ്ട് പ്രശസ്തമായ ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ മിന്റോ റെയിൽവേ ഓവർബ്രിഡ്ജിനു താഴെനിന്നാണ് മാർച്ച് ആരംഭിച്ചത്.
സമാജ്വാദി പാർട്ടി, സിപിഎം, ആർജെഡി, സിപിഐ, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ കക്ഷികളുടെ പതിനായിരക്കണക്കിന് പ്രവർത്തകർ ട്രെയിനുകളിലും ബസുകളിലുമായി ദിവസങ്ങൾക്കു മുന്പേ ഡൽഹിയിലെത്തിയിരുന്നു. കോൺഗ്രസിന്റെ വിവിധ പോഷകസംഘടനകൾകൂടി തലസ്ഥാനത്ത് ആളുകളെ അണിനിരത്തിയതോടെ മിന്റോ റോഡ് വിവിധ വർണക്കൊടികളാൽ നിറഞ്ഞൊഴുകുന്ന വലിയൊരു നദിയായി മാറി. ഇതിനു പുറമെ വിവിധ കർഷകസംഘടനകളും യുവജന-വിദ്യാർഥി പ്രസ്ഥാനങ്ങളും സഖ്യത്തിനുപുറത്തുള്ള സ്വതന്ത്ര സംഘടനകളും മാർച്ചിൽ പങ്കാളികളായി.
എസ്ഐആറിന്റെ മറവിൽ വെട്ടപ്പെട്ട പേരുകൾ നീളമുള്ള കൂറ്റൻ ഫ്ലക്സുകളിൽ അച്ചടിച്ചു പ്രദർശിപ്പിച്ചാണ് പ്രക്ഷോഭകർ അണിനിരന്നത്.
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പരിഹസിക്കുന്നതും ബിജെപി – തെരഞ്ഞെടുപ്പു കമ്മിഷൻ കൂട്ടുകെട്ടിനെ കുറ്റപ്പെടുത്തുന്നതുമായ പ്ലക്കാർഡുകളും മാസ്കുകളും ധരിച്ച് ആയിരക്കണക്കിന് യുവാക്കൾ മാർച്ചിൽ അണിനിരന്നു.
ജന്തർ മന്തറിലെ പ്രക്ഷോഭസ്വാതന്ത്ര്യം തിരിച്ചുപിടിക്കുന്നതിനും അയോധ്യയിലെ സംഭാവനക്കൊള്ളയ്ക്കെതിരേയും വോട്ട് അവകാശം സംരക്ഷിക്കുന്നതിനുമുള്ള ബാനറുകളും റാലിക്കെത്തിയവർ വഹിച്ചിരുന്നു.
തുറന്ന വാഹനത്തിൽ നേതാക്കൾ; ജനക്കൂട്ടത്തിന് നടുവിലൂടെ യാത്ര
മിന്റോ റോഡിൽ തടിച്ചുകൂടിയ ജനസഞ്ചയത്തിന്റെ തിരക്ക് നിയന്ത്രിക്കാനാകാത്ത വിധം വർധിച്ചതോടെ പ്രമുഖ പ്രതിപക്ഷനേതാക്കൾ തുറന്ന വാഹനത്തിൽ പ്രക്ഷോഭകരെ അഭിസംബോധന ചെയ്തുകൊണ്ട് മാർച്ച് നയിച്ചു.
രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, മമത ബാനർജി, എം.എ. ബേബി, തേജസ്വി യാദവ്, ഡി. രാജ, ഫാറൂഖ് അബ്ദുള്ള, ദീപാങ്കർ ഭട്ടാചാര്യ, പ്രിയങ്ക ഗാന്ധി, സുപ്രിയ സുലെ തുടങ്ങിയ മുതിർന്ന നേതാക്കളായിരുന്നു തുറന്ന വാഹനത്തിലുണ്ടായിരുന്നത്.
റോഡിൽ തിങ്ങിനിറഞ്ഞ പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് നീങ്ങിയ മാർച്ച് രാംലീല മൈതാനത്തെത്തുമ്പോഴേക്കും മൈതാനവും പരിസരപ്രദേശങ്ങളും ജനങ്ങളെക്കൊണ്ട് പൂർണമായും നിറഞ്ഞിരുന്നു.മൈതാനത്തിൽ ഉൾക്കൊള്ളാവുന്നതിലും പലമടങ്ങ് ആളുകളാണ് പുറത്ത് തെരുവുകളിൽ നിന്നത്. സമരം നടന്ന മണിക്കൂറുകളിൽ ഡൽഹിയിലെ പ്രധാന പാതകളെല്ലാം പ്രക്ഷോഭകരാൽ നിറഞ്ഞു.
രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്നതിനെതിരേയും ജനാധിപത്യം സംരക്ഷിക്കുന്നതിനുമായി പ്രതിപക്ഷം ഒന്നിച്ച് തെരുവിലിറങ്ങിയപ്പോൾ ഡൽഹി സമീപകാല ചരിത്രത്തിൽ കണ്ട ഏറ്റവും വലിയ ബഹുജന പ്രക്ഷോഭത്തിനാണ് രാംലീല മൈതാനം സാക്ഷ്യം വഹിച്ചത്.
മോദി-ഷാ കൂട്ടുകെട്ടിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു: കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: ഡൽഹി ഇതുവരെ കാണാത്ത ജനമുന്നേറ്റം “ചലോ ദില്ലി’ മാർച്ചിൽ ദൃശ്യമായതോടെ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെയും പതനത്തിനായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
രാംലീല മൈതാനത്തെ ബഹുജനറാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ കണ്ട അണപൊട്ടിയ ജനസാഗരം മോദിയുടെ ഫാസിസ്റ്റ് ഭരണത്തിന്റെ പതനത്തിന്റെ തുടക്കമാണ്. “വോട്ട് ചോർ, ഗദ്ദി ഛോഡ്’ (വോട്ട് കള്ളാ, അധികാരം വിട്ടുപോകൂ) എന്ന ഒറ്റ മുദ്രാവാക്യമാണ് രാജ്യമൊട്ടാകെ ഇപ്പോൾ മുഴങ്ങുന്നത്. പ്രവർത്തകരുമായി എത്തിയ വാഹനങ്ങൾ ഡൽഹി അതിർത്തികളിൽ തടഞ്ഞും വ്യാജവാർത്തകളും കുടില തന്ത്രങ്ങളും ഉപയോഗിച്ച് പ്രക്ഷോഭശബ്ദം അടിച്ചമർത്താൻ ഭരണകൂടം ശ്രമിച്ചെങ്കിലും അതിനെയെല്ലാം തള്ളിക്കളഞ്ഞ് ജനസാഗരം രാംലീല മൈതാനത്തേക്ക് ഒഴുകിയെത്തി -കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. വിജയം കാണുംവരെ ഈ പോരാട്ടം തുടരുമെന്നും കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചു.
‘ചലോ ദില്ലി’ മാർച്ച് പ്രഖ്യാപിച്ചതു മുതൽ പ്രവർത്തകരെ ഡൽഹിയിലെത്തിക്കുന്നതിന് മുന്നിൽനിന്നു നേതൃത്വം നൽകിയത് കെ.സി. വേണുഗോപാലായിരുന്നു. അയൽസംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്മാരുമായി പലവട്ടം കൂടിക്കാഴ്ച നടത്തി പ്രവർത്തകരെ എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ കോൺഗ്രസ് നേരത്തേതന്നെ പൂർത്തിയാക്കിയിരുന്നു. ഡൽഹി അതിർത്തികളിൽ പൊലിസ് തടസങ്ങൾ സൃഷ്ടിച്ചതായി പരാതികൾ ഉയർന്നെങ്കിലും എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ലക്ഷക്കണക്കിനു പ്രവർത്തകരാണ് പ്രതിഷേധത്തിന്റെ ഭാഗമായി രാംലീല മൈതാനത്തെത്തിയത്.
അമിത് ഷാ രാജിവയ്ക്കേണ്ട സമയം അതിക്രമിച്ചു: പവൻ ഖേര
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ് വക്താവ് പവൻ ഖേര. ബിജെപി ഇപ്പോൾ സ്വപ്നത്തിൽപ്പോലും കോൺഗ്രസിനെ കണ്ടു ഭയപ്പെടുകയാണെന്ന് പരിഹസിച്ച അദ്ദേഹം, സ്ഥാനമൊഴിയാൻ പോകുന്ന ആഭ്യന്തരമന്ത്രി എന്നാണ് അമിത് ഷായെ വിശേഷിപ്പിച്ചത്. അമിത് ഷാ രാജിവയ്ക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി രാംലീല മൈതാനത്തു സംഘടിപ്പിച്ച ഇന്ത്യ സഖ്യത്തിന്റെ മഹാറാലി വൻ വിജയമായിരുന്നുവെന്ന് പവൻ ഖേര അവകാശപ്പെട്ടു.
കഴിഞ്ഞ 30 വർഷത്തെ രാഷ്ട്രീയ നിരീക്ഷണത്തിനിടെ രാംലീല മൈതാനത്ത് ഇത്രയും വലിയൊരു ജനസഞ്ചയം താൻ കണ്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റാലി നടന്ന മൈതാനത്തിനുപുറമെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിലായി ജനങ്ങൾ തിങ്ങിനിറഞ്ഞിരിക്കുകയായിരുന്നുവെന്നും പവൻ ഖേര കൂട്ടിച്ചേർത്തു.
പ്രതിഷേധത്തിൽ അണിനിരന്ന് കേരളത്തിൽനിന്നുള്ള നേതാക്കളും പ്രവർത്തകരും
ന്യൂഡൽഹി: ‘ചലോ ദില്ലി’മാർച്ചിൽ കേരളത്തിൽനിന്നു വൻ പങ്കാളിത്തം. മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും സംസ്ഥാനത്തുനിന്നുള്ള വിവിധ ജനപ്രതിനിധികളും മുതിർന്ന നേതാക്കളും മാർച്ചിൽ അണിനിരന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പോളിറ്റ് ബ്യൂറോ അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവരടങ്ങുന്ന പ്രമുഖ ഇടത് നേതാക്കളും വോട്ട് കൊള്ളയ്ക്കെതിരേയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനത്തോടൊപ്പം പ്രത്യേകമായി സജ്ജീകരിച്ച തുറന്ന വാഹനത്തിലാണ് മുഖ്യമന്ത്രിമാരുടെ സംഘവും രാംലീല മൈതാനത്തേക്കു നീങ്ങിയത്. കേന്ദ്രസർക്കാരിനും തെരഞ്ഞെടുപ്പു കമ്മിഷണർക്കുമെതിരേ മുദ്രാവാക്യങ്ങൾ മുഴക്കി പ്രവർത്തകർ വാഹനത്തെ അനുഗമിച്ചു. കേരള ഹൗസിൽനിന്നും പ്രത്യേക വാഹനങ്ങളിലാണു നേതാക്കൾ വേദിയിലേക്ക് എത്തിയത്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽനിന്ന് എംപിമാരും നാലു ബസുകളിലായി പ്രതിഷേധസ്ഥലത്തേക്ക് എത്തിച്ചേർന്നു. കേരളത്തിൽനിന്നുള്ള വിവിധ യുവജന-വിദ്യാർഥി സംഘടനാ പ്രവർത്തകരും ഡിസിസി അധ്യക്ഷന്മാരും മഹാറാലിയിൽ കൈകോർത്തു.
നുണകളുടെ രാജാവിന്റെ ഭരണം തുടച്ചുമാറ്റാനുള്ള പോരാട്ടം: എം.എ. ബേബി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെയും തട്ടിപ്പുകൾ ഇനി രാജ്യത്തു നടപ്പില്ലെന്ന സന്ദേശമാണ് ‘ചലോ ദില്ലി’ മഹാറാലി നൽകുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഡൽഹി രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗ്യാനേഷ് കുമാറിനെ പുറത്താക്കാനും നുണകളുടെ രാജാവായ മോദിയുടെ ഭരണം അവസാനിപ്പിക്കാനുമുള്ള നിർണായക പോരാട്ടത്തിനാണ് രാജ്യത്തു തുടക്കമായിരിക്കുന്നത്. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ബി.ആർ. അംബേദ്കർ, സർദാർ വല്ലഭ് ഭായി പട്ടേൽ തുടങ്ങിയ മഹാരഥന്മാരുടെയും ഭഗത് സിംഗിൽനിന്ന് ആവേശം ഉൾക്കൊണ്ട യുവജനങ്ങളുടെയും ചരിത്രപരമായ പ്രക്ഷോഭങ്ങൾക്ക് രാംലീല മൈതാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിനു സമാനമായി രാജ്യത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ പുതിയൊരു പോരാട്ടത്തിനാണ് ഈ മണ്ണ് ഇപ്പോൾ സാക്ഷിയാകുന്നത്.
സംഘപരിവാറിൽനിന്നു രാജ്യത്തെ മോചിപ്പിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിനാണ് ഇവിടെ തിരിതെളിഞ്ഞിരിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ സിപിഎമ്മും ഇടതുപക്ഷ പ്രസ്ഥാനങ്ങളും എപ്പോഴും മുൻനിരയിലുണ്ടാകുമെന്നും എം.എ. ബേബി വ്യക്തമാക്കി.
മഹാഭാരത യുദ്ധം ആരംഭിച്ചെന്ന് തേജസ്വി യാദവ്
ന്യൂഡൽഹി: രാമായണ കഥകൾക്കു വേദിയാകാറുള്ള പ്രശസ്തമായ രാംലീല മൈതാനം വോട്ട് മോഷ്ടാക്കൾക്കെതിരായ മഹാഭാരത യുദ്ധത്തിന്റെ പോരാട്ടഭൂമിയായി മാറിയിരിക്കുകയാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. ‘ചലോ ദില്ലി’ മഹാറാലിയിൽ പ്രസംഗിക്കവെ, ഇതിഹാസ സന്ദർഭങ്ങൾ ഓർമിപ്പിച്ചുകൊണ്ട് കേന്ദ്രസർക്കാരിനെതിരേ രൂക്ഷമായ ആക്രമണമാണ് അദ്ദേഹം അഴിച്ചുവിട്ടത്.
തെരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകളും വോട്ടർ പട്ടികയിലെ വെട്ടിനിരത്തലുകളും ചൂണ്ടിക്കാട്ടിയ തേജസ്വി, കേന്ദ്ര സർക്കാരിനെയും ഭരണകൂടത്തെ പിന്തുണയ്ക്കുന്നവരെയും മഹാഭാരതത്തിലെ ‘ശകുനി’യോടാണ് ഉപമിച്ചത്. രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനായി പ്രതിപക്ഷത്തിന് ഈ ധർമയുദ്ധം ഏറ്റെടുക്കേണ്ടിവന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിംകളെ പാക്കിസ്ഥാനികളെന്ന് വിളിക്കുന്നു: ഫാറൂഖ് അബ്ദുള്ള
ന്യൂഡൽഹി: മുസ്ലിം വിഭാഗത്തിൽപ്പെട്ടവരെ രാജ്യത്തിനു പുറത്തുള്ളവരായി ചിത്രീകരിക്കുകയും അവരുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നുവെന്ന് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള. മഹാറാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയും സംഘപരിവാർ സംഘടനകളും മുസ്ലിംകളെ പാക്കിസ്ഥാനികളെന്നു വിളിച്ച് അധിക്ഷേപിക്കുകയാണ്. ഇന്ത്യക്കുവേണ്ടി രക്തം നൽകിയവരാണ് ഞങ്ങൾ. കഴിഞ്ഞ കാലങ്ങളിലും ഇന്നും ഞങ്ങൾ രാജ്യത്തിനായി രക്തം നൽകിയിട്ടുണ്ട്, നാളെയും നൽകും -ഫാറൂഖ് അബ്ദുള്ള വൈകാരികമായി പറഞ്ഞു.
ഇത് അംബേദ്കർ നിർമിച്ച ഭരണഘടനയാണെന്നും എല്ലാവർക്കും തുല്യ അവകാശങ്ങളും തുല്യ വോട്ടവകാശവുമുള്ള ഇന്ത്യയുടെ ഭരണഘടനയാണെന്നും അദ്ദേഹം കേന്ദ്രസർക്കാരിനെയും ഭരണകൂടത്തെയും ഓർമിപ്പിച്ചു.
മോദിയെ രാവണനോട് ഉപമിച്ച് രേവന്ത് റെഡ്ഢി
ന്യൂഡൽഹി: എസ്ഐആറിലൂടെ രാജ്യത്തെ പാവപ്പെട്ടവരുടെ വോട്ടുകൾ വെട്ടിമാറ്റി അധികാരം നിലനിർത്താനാണു ബിജെപി ശ്രമിക്കുന്നതെന്ന് തെലുങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢി. ഡൽഹിയിലെ തെലുങ്കാന ഭവനിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവണനോട് ഉപമിച്ച രേവന്ത് റെഡ്ഢി, രാവണനെ പരാജയപ്പെടുത്താൻ ശ്രീരാമനെ സഹായിച്ച വാനരസേനയെപ്പോലെയാണ് ഡൽഹിയിലെത്തിയ തെലുങ്കാനയിലെ കോൺഗ്രസ് പ്രവർത്തകരെന്നും വിശേഷിപ്പിച്ചു.
എസ്ഐആർ നടപടികളിലൂടെ രാജ്യത്തുടനീളം 13.50 കോടി വോട്ടർമാരെ വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്തിട്ടുണ്ടെന്നും ഇത് 20 കോടിയായി ഉയരുമെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനാണു ബിജെപി ഇത്തരം നടപടികൾ സ്വീകരിക്കുന്നത്.
തെലുങ്കാനയിൽനിന്നു റാലിയിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് വരാൻ ഉദ്ദേശിച്ച പാർട്ടി പ്രവർത്തകർക്കായി പ്രത്യേക ട്രെയിൻ അനുവദിക്കുന്നത് റെയിൽവേ തടഞ്ഞതായും അദ്ദേഹം കുറ്റപ്പെടുത്തി.
ജീവൻ നൽകിയും പോരാടും, കീഴടങ്ങില്ല: മമത ബാനർജി
ന്യൂഡൽഹി: വോട്ടുകൊള്ളയ്ക്കും മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനുമെതിരായ പോരാട്ടം തുടരുമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി. എസ്ഐആർ നടപടികളുടെ പ്രധാന ഇര ബംഗാളാണെന്നും ജനാധിപത്യപരമായ മാർഗത്തിലൂടെ ബിജെപിയോട് പ്രതികാരം ചെയ്യുമെന്നും അവർ വ്യക്തമാക്കി. ‘ചലോ ഡൽഹി’മഹാറാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു മമത.
ഞങ്ങൾ ജീവൻ കൊടുത്തും പോരാടും, എന്നാൽ കീഴടങ്ങില്ല. അവർ ബംഗാളിനെ കൊള്ളയടിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാൻ രാഷ്ട്രീയപരമായ പോരാട്ടം തുടരും-മമതാ ബാനർജി പ്രഖ്യാപിച്ചു.
യുപിയിൽ ബിജെപി തൂത്തെറിയപ്പെടും: അഖിലേഷ്
ന്യൂഡൽഹി: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽനിന്ന് തൂത്തെറിയപ്പെടുമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.
രാംലീല മൈതാനം ‘ജനാധിപത്യത്തിന്റെ ഹൽദിഘാട്ടി’യായി മാറിയെന്നും ജനപിന്തുണ മാറ്റത്തിന്റെ സൂചനയാണെന്നും റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങൾക്കിടയിൽ ജയിക്കാനാകില്ലെന്നു മനസിലാക്കിയാണ് ബിജെപി തെരഞ്ഞെടുപ്പു കമ്മിഷനെ മുന്നിൽനിർത്തി ഗൂഢാലോചനകൾ നടത്തുന്നതെന്നും അഖിലേഷ് കുറ്റപ്പെടുത്തി.
രാജ്യം ഭരണമാറ്റത്തിലേക്ക് മുന്നേറുന്നു: സഞ്ജയ് റൗത്ത്
ന്യൂഡൽഹി: രാജ്യത്ത് വിപ്ലവത്തിന് തുടക്കമായിരിക്കുകയാണെന്നും ഭരണം മാറുന്ന ഘട്ടത്തിലേക്കു രാജ്യം നീങ്ങുകയാണെന്നും ശിവസേന (യുബിടി) എംപി സഞ്ജയ് റൗത്ത്. ചലോ ദില്ലി മഹാറാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം സംരക്ഷിക്കുന്നതിനും കേന്ദ്ര ഭരണമാറ്റത്തിനും വേണ്ടിയാണ് ലക്ഷക്കണക്കിന് ആളുകൾ ബാരിക്കേഡുകൾ തകർത്ത് പ്രതിഷേധസ്ഥലത്തേക്ക് എത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
