റിയാദ്: സൗദി തലസ്ഥാനമായ റിയാദിലുണ്ടായ ഇറേനിയൻ മിസൈൽ ആക്രമണശ്രമം തകർക്കുന്നതിനിടെ മിസൈലിന്റെ അവശിഷ്ടം വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യക്കാരൻ മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ രവി ഗോപാൽ ആണു അന്തരിച്ചത്.
റിയാദ് ന്യൂ സനായ്യിലെ ഒരു പ്ലാസ്റ്റിക് ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു രവി ഗോപാൽ. 18ന് വൈകുന്നേരം നാലിന് നാലു ബാലിസ്റ്റിക് മിസൈലുകളാണ് റിയാദ് നഗരത്തിലെ ഇൻഡസ്ട്രിയൽ സിറ്റി ലക്ഷ്യമാക്കി എത്തിയത്. ഇവയെല്ലാം സൗദി വ്യോമ പ്രതിരോധ സേന ആകാശത്തുവച്ച് വിജയകരമായി തകർത്തിരുന്നു.
എന്നാൽ, തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ താഴേക്കു പതിച്ചതിനെത്തുടർന്ന് രവി ഗോപാൽ ഉൾപ്പെടെ നാലു വിദേശ തൊഴിലാളികൾക്ക് പരിക്കേറ്റു. താമസിക്കുന്ന കെട്ടിടത്തിനു മുകളിൽ നിൽക്കുമ്പോഴാണ് രവി ഗോപാലിനു പരിക്കേറ്റത്.
ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കേ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. രവി ഗോപാലിന്റെ വിയോഗത്തിൽ സൗദിയിലെ ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തി. ഇയാളുടെ കുടുംബവുമായി എംബസി അധികൃതർ ബന്ധപ്പെട്ടുവരികയാണ്.
