ആലപ്പുഴ: കോഴിത്തീറ്റ വില വർധനയിൽ അടിതെറ്റി കോഴക്കർഷകർ. കോഴിക്കുഞ്ഞുങ്ങളുടെ വില ഇരട്ടിയോളമായതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. ഇതോടെ ഓണം സീസണിൽ ഇറച്ചിക്കോഴിവില ഉയരുമെന്നുറപ്പായി.
വിലനിയന്ത്രണത്തിന് സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്നാണ് മേഖലയിലെ സംഘടനകളുടെ ആവശ്യം.
ചെറുകിട, ഇടത്തരം കർഷകരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയുടെ വില 450 രൂപയിലധികമാണ് വർധിച്ചത്. ഓണവിപണി ലക്ഷ്യമാക്കി ഈ സമയത്താണ് കർഷകർ കോഴിക്കുഞ്ഞുങ്ങളെ വളർത്തിത്തുടങ്ങുന്നത്.
എന്നാൽ, കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞിന്റെയും അമിതവില കാരണം നിരവധി കർഷകർ കൃഷിയിൽനിന്ന് പിൻവാങ്ങുകയും ചിലർ കൃഷി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഇറച്ചിക്കോഴിയുടെ ലഭ്യത കുറയ്ക്കുകയും വില ഉയരാൻ ഇടയാക്കുകയും ചെയ്യും.
സ്വന്തമായി കോഴി വളർത്തുന്നവർക്ക് ജോലിക്കൂലി പോലും പലപ്പോഴും ലഭിക്കാറില്ലെന്ന് കർഷകർ പറയുന്നു. വലിയ ഫാമുകളിൽ തൊഴിലാളികൾക്കുള്ള കൂലിയും കണ്ടെത്തണം.
