മൂന്നാറിലെത്തിയ വിദേശ വനിതകളെ പീഡിപ്പിക്കാന്‍ ശ്രമം; സാമൂഹിക മാധ്യമങ്ങള്‍ വഴി മൂന്നാര്‍ ഒട്ടും സ്ത്രീ സൗഹൃദമല്ലെന്ന് പ്രചരിപ്പിക്കുമെന്ന് ബ്രിട്ടീഷ്-അര്‍ജന്റീനിയന്‍ വനിതകള്‍

കുഞ്ചിത്തണ്ണി: ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് കേരളത്തിലെ മൂന്നാര്‍. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നും ധാരാളം ആളുകളാണ് ദിനം പ്രതി മൂന്നാറിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ വിദേശികള്‍ക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ പിന്നോട്ടാണ് മൂന്നാറിന്റെ പോക്ക്. വിദേശീയരോട് മാന്യമായി പെരുമാറാതെ അതിഥികളെ അപമാനിച്ചു വിടുന്ന സാമൂഹ്യ വിരുദ്ധരും നാട്ടില്‍ യഥേഷ്ടമുണ്ട്. അത്തരക്കാരായ ഒരു കൂട്ടര്‍ ബ്രിട്ടീഷ്- അര്‍ജന്റീനിയന്‍ വനിതകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് സംസ്ഥാനത്തിന്റെ സല്‍പ്പേരിന് കളങ്കമാകുകയാണ്.

മുട്ടുകാട് മുനിയറകള്‍ക്കു സമീപത്താണ് മദ്യപരടങ്ങിയ ഒരുസംഘമാളുകള്‍ അഞ്ചു വനിതകളടങ്ങിയ സംഘത്തിലെ രണ്ടു വിദേശവനിതകളെ കടന്നുപിടിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണു സംഭവം. മൂന്നാര്‍ സന്ദര്‍ശിക്കാന്‍വന്ന ഇവര്‍ മുട്ടുകാട്ടിലെ സ്വകാര്യറിസോര്‍ട്ടില്‍ മുറിയെടുത്തു താമസിക്കുകയായിരുന്നു. മുനിയറകള്‍ സന്ദര്‍ശിക്കുന്നതിനിടയിലാണ് ഇവര്‍ക്ക് നേരെ മദ്യപസംഘം ആക്രമിക്കാന്‍ തുനിഞ്ഞത്.
യു.കെ.യില്‍നിന്നു വന്ന ലിഡിയ ഷാര്‍ലറ്റ്(33), അര്‍ജന്റീനക്കാരായ മരിയ വെറോനിക്ക(28), വാലെന്റിന മരിയ(34), വലേറിയ(29), സില്‍വിന ആന്‍ഡ്രിയ(28) എന്നിവര്‍ക്കുനേരേയാണ് പീഡനശ്രമം നടന്നത്. ഇവരുടെ കൈയില്‍ കടന്നുപിടിച്ചു ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ ബഹളമുണ്ടാക്കി ഇവര്‍ ഓടി സമീപത്തെ വീടുകളില്‍ അഭയംതേടുകയായിരുന്നു.

മുട്ടുകാട് സ്വദേശികളായ രണ്ടുപേരും സ്വകാര്യബസിലെ ജീവനക്കാരുമായ രണ്ടുപേരുമാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. റിസോര്‍ട്ടിലെത്തിയ വനിതകള്‍ പരാതി പറഞ്ഞതിനെത്തുടര്‍ന്ന് റിസോര്‍ട്ട് അധികൃതര്‍ ശാന്തന്‍പാറ പൊലീസ്സ്‌റ്റേഷനില്‍ വിവരമറിയിച്ചു. ബ്രിട്ടീഷ് എംബസി വഴി പരാതി നല്‍കുമെന്ന് ലിഡിയ ഷാര്‍ലറ്റ് പറഞ്ഞു.തങ്ങള്‍ക്ക് നേരെയുണ്ടായ പീഡന ശ്രമത്തില്‍ ഞെട്ടലിലാണ് യുവതികളുടെ സംഘം. മൂന്നാര്‍ ഒട്ടും സ്ത്രീ സൗഹൃദമല്ലെന്ന് അറിയിക്കേണ്ട സാഹചര്യം ഉണ്ടെന്നാണ് യുവതികള്‍ പറയുന്നത്. തങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമത്തെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ വഴി തുറന്നു പറയുമെന്ന് മരിയ വെറോനിക്ക പറഞ്ഞു. സംഭവത്തില്‍ പരാതി ലഭിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് ശാന്തന്‍പാറ സിഐ ഷിബു പറഞ്ഞു. യുവതികള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയാല്‍ കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് അതു ക്ഷീണമാകുമെന്നുറപ്പാണ്.

 

Related posts