ബന്ധുക്കളെ കാണാനെത്തിയ യുവതിയെയും യുവാവിനെയും തല്ലിച്ചതച്ച് സദാചാര ഗുണ്ടകള്‍ ! ദൃശ്യങ്ങള്‍ പകര്‍ത്തി പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി;ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

ബന്ധുക്കളെ കാണാനെത്തിയ യുവതിയെയും യുവാവിനെയും മര്‍ദ്ദിച്ച സദാചാര ഗുണ്ടകളെ പോലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. മഹാരാഷ്ട്രയിലെ ഗൊണ്ടേഗാവ് ഗ്രാമത്തിലായിരുന്നു സംഭവം. ആക്രമസംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഗ്രാമത്തില്‍ ബന്ധുക്കളെ കാണാനെത്തിയ യുവതിയും യുവാവും ആളൊഴിഞ്ഞ സ്ഥലത്ത് ഇരിക്കുമ്പോഴാണ് ഒരു സംഘം ഇവരെ നോട്ടമിട്ടതും ആക്രമിക്കാനെത്തിയതും.

ഇരുവരെയും ഭീഷണിപ്പെടുത്തിയ അഞ്ചംഗ സംഘം യുവതിയെ മര്‍ദിച്ചു. തങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും വെറുതെവിടണമെന്നും അപേക്ഷിച്ചിട്ടും അക്രമികള്‍ കേട്ട ഭാവം നടിച്ചില്ല. ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

ഗുണ്ടായിസത്തിന്റെയും മര്‍ദ്ദനത്തിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമായതോടെ രാഷ്ട്രീയ നേതാക്കളും നടപടി ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു.

സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര മന്ത്രി ഉത്തരവിട്ടു. ഇതിനുപിന്നാലെയാണ് പോലീസ് പ്രതികളെ പിടികൂടിയത്. അതേസമയം, സംഭവം നടന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസ് നടപടിയെടുക്കാന്‍ വൈകിയോ എന്നകാര്യം വിശദമായി പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

Related posts

Leave a Comment