തൃശൂർ: മുണ്ടത്തിക്കോട്ടെ വെടിക്കെട്ടു പുരയിലെ ദുരന്തപശ്ചാത്തലത്തിൽ പൂരം വെടിക്കെട്ട് ഒഴിവാക്കി നടത്താൻ തീരുമാനിച്ചെങ്കിലും, ചുടലപ്പറന്പായി ദുരന്തഭൂമി. കണ്ണീരുണങ്ങാതെ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളും പരിക്കേറ്റവരും. സ്ഫോടനത്തിന്റെയും നാശനഷ്ടങ്ങളുടെയും ഞെട്ടൽ വിട്ടുമാറാതെ പ്രദേശവാസികൾ.
അപകടസ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ മാറി ഇന്നും ശരീരഭാഗങ്ങൾ ലഭിച്ചു. അപകടസ്ഥലത്തും സമീപപ്രദേശങ്ങളിലും ഇന്നും പരിശോധന തുടരുകയാണ്.11 മൃതദേഹങ്ങളാണ് ഇതുവരെ പോസ്റ്റ്മോർട്ടം ചെയ്തത്. ഇതിൽ ഒരെണ്ണം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇൗ മൃതദേഹങ്ങളുടെയും ചിന്നിച്ചിതറിയ ശരീരഭാഗങ്ങളുടെയും സാന്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി നല്കിയിട്ടുണ്ട്. ഇതിൽ പത്തു സാന്പിളുകളുടെ ഡിഎൻഎ പരിശോധനാഫലം ഇന്ന് അറിയാനാകുമെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെയും സംഭവസ്ഥലത്തു പോലീസ് നടത്തിയ പരിശോധനയിൽ 103 ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇന്നലത്തേതടക്കം ഇതുവരെ 132 ശരീരഭാഗങ്ങളാണ് അപകടസ്ഥലത്തുനിന്ന് ശേഖരിച്ചിട്ടുള്ളത്. 34പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായാണു സ്ഥിരീകരണം.
12 പേരാണ് ആശുപത്രിയിൽ അപ്പോഴും ചികിത്സയിൽ തുടരുന്നത്. ഇതിൽ നാലുപേരുടെ നില അതീവഗുരുതരാവസ്ഥയിൽ തുടരുകയാണ്. എട്ടുപേർ വാർഡുകളിൽ ചികിത്സയിലുണ്ട്.രണ്ടുപേരെ ആശുപത്രിയിൽനിന്ന് വിട്ടയച്ചു. ദുരന്തസ്ഥലത്തുണ്ടായിരുന്ന ഒന്പതുപേർ നേരത്തെ വീടുകളിൽ തിരിച്ചെത്തിയിട്ടുണ്ട്.
