ഇറച്ചിക്കച്ചവടക്കാരനെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് കൊലപ്പെടുത്തി ! പതിനെട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം കേസ് തെളിഞ്ഞപ്പോള്‍ സംഭവിച്ചത് വമ്പന്‍ ട്വിസ്റ്റ്; പ്രതി ആരും പ്രതീക്ഷിക്കാത്ത ആള്‍

18 വര്‍ഷം മുമ്പ് മരണമടഞ്ഞ ആളുടെ കൊലയാളികളെ ഒടുവില്‍ കണ്ടെത്തി. 18 വര്‍ഷങ്ങള്‍ക്കിപ്പുറം കേസ് തെളിയുമ്പോള്‍ സംഭവം ആകെ മാറിമറിഞ്ഞിരിക്കുകയാണ്. മരിച്ചയാളെ കൊന്നത് സ്വന്തം അമ്മ തന്നെയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കുടുംബ വഴക്കിനെ തുടര്‍ന്ന് ബന്ധുക്കളില്‍ ഒരാള്‍ നടത്തിയ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്.

2001 ജൂണിലാണ് സംഭവം നടക്കുന്നത്. ഹഷ്മാബാദിലെ ഇറച്ചിക്കച്ചവടക്കാരനായിരുന്ന മുഹമ്മദ് ഖ്വാജ(30)s മൈലാര്‍ദേവപ്പള്ളിയിലെ മുന്തിരിത്തോട്ടത്തില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉമ്മയും രണ്ട് സഹോദരി ഭര്‍ത്താക്കന്മാരും സുഹൃത്തും ചേര്‍ന്നാണ് മുഹമ്മദ് ഖ്വാജയുടെ കൊല ആസൂത്രണം ചെയ്തത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രോഗിയായ മസൂദ ബീവിക്ക് മൂന്ന് ആണ്‍മക്കളും അഞ്ചു പെണ്‍മക്കളുമാണുള്ളത്. ഭര്‍ത്താവിന്റെ മരണശേഷമാണു മക്കളുടെ കല്യാണം നടത്തിയത്. പക്ഷേ രണ്ടാമത്തെ മകനായ മുഹമ്മദ് ഖ്വാജയുടെ കല്യാണം മാത്രം നടത്താന്‍ മസൂദ തയാറായില്ല. മദ്യപാനവും ചീട്ടുകളിയും ആയിരുന്നു ഖ്വാജയുടെ പ്രധാനജോലി. ആളുകളെ ഉപദ്രവിക്കുന്ന ശീലവുമുണ്ട്.

വീട്ടിലും നാട്ടിലും ആക്രമണകാരിയായ ഖ്വാജ വലിയ ഭാരമായിരുന്നു മസൂദയ്ക്ക്. ഖ്വാജയുടെ ആക്രമണങ്ങള്‍ വീട്ടുകാര്‍ക്കു സഹിക്കാനാവാതെയായി. ഖ്വാജയുടെ ശല്യം തീര്‍ക്കാന്‍ എന്തു ചെയ്യാനാകുമെന്നു നാലാമത്തെയും അഞ്ചാമത്തെയും മരുമക്കളായ റഷീദിനോടും ബഷീറിനോടും മസൂദ ബീവി ആരാഞ്ഞു. ഇരുവരും സുഹൃത്തും ഓട്ടോ ഡ്രൈവറുമായ ഹഷാമിനെ കണ്ട് ഇക്കാര്യം സംസാരിച്ചു. ഖ്വാജയെ വകവരുത്താന്‍ സഹായിക്കാമെന്നു ഹഷാം വാക്കുനല്‍കി. മകനെ കൊല്ലുന്നതിനു സാമ്പത്തിക സഹായവും ഹഷാമിനു മസൂദ വാഗ്ദാനം ചെയ്തു.

മദ്യാസക്തനായ ഖ്വാജയെ മദ്യം നല്‍കി വീഴ്ത്താന്‍ പദ്ധതിയിട്ടു. ബഷീറും റഷീദും ഖ്വാജയെ മദ്യപാനത്തിനു ക്ഷണിച്ചു. കള്ളു കുടിക്കാന്‍ ഹഷാമിന്റെ ഓട്ടോയില്‍ ഖ്വാജയെ ബന്ദ്‌ലാഗുഡയിലെ ഷാപ്പിലേക്കു കൊണ്ടുപോയി. മദ്യപിച്ചു മയങ്ങിയ ഖ്വാജയുടെ തലയില്‍ വലിയ ഗ്രാനൈറ്റ് കഷണം കൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഖ്വാജ മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം ആ വിവരം മസൂദ ബീവിയെ അറിയിക്കുകയും ചെയ്തു.

എല്ലാവരും പലവഴിക്കു രക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്തെങ്കിലും തെളിവിന്റെ അഭാവം മൂലം അന്വേഷണം എങ്ങുമെത്തിയില്ല. അടുത്തിടെ കുടുംബത്തിനുള്ളിലെ അസ്വാരസ്യം പരിധി വിട്ടപ്പോഴാണു കൊലപാതക കഥ പുറത്തായത്. തുടര്‍ന്ന് കുടംബാംഗങ്ങളിലൊരാളാണ് പൊലീസിന് വിവരം നല്‍കിയത്. അങ്ങനെ റഷീദ്, ബഷീര്‍, ഹഷാം എന്നിവരെ അറസ്റ്റ് ചെയ്തു. പക്ഷേ, ഖ്വാജയെ കൊല്ലാന്‍ പദ്ധതിയിട്ട മാതാവ് മസൂദ ബീവിയെ ഇതുവരെ പൊലീസിനു കണ്ടെത്താനായിട്ടില്ല.

Related posts