പഴയങ്ങാടി: വടക്കേ മലബാറുകാരുടെ സ്വന്തം ഇഷ്ടദേവൻ മുത്തപ്പൻ. റെയിൽവേയ്ക്കുമുണ്ട് മുത്തപ്പന്റെ കഥ പറയാൻ.1920 ൽ അന്നത്തെ പള്ളിക്കര റെയിൽവേ സ്റ്റേഷനിൽ (ഇപ്പോൾ ബേക്കൽ ഫോർട്ട് സ്റ്റേഷൻ) മദ്രാസിൽ നിന്നുള്ള യന്ത്രസാമഗ്രികൾ ഇറക്കിവച്ചു. ഉടമ വരുന്നതിനു മുമ്പേ ഈ യന്ത്രസാമഗ്രികൾ കാണാതാകുന്നു.
മുത്തപ്പവിശ്വാസിയായ സ്റ്റേഷൻ മാസ്റ്റർ മുത്തപ്പനെ ഉള്ളുരുകി പ്രാർഥിക്കുന്നു. സാമഗ്രികൾ തിരിച്ചുകിട്ടിയാൽ മുത്തപ്പനെ കെട്ടിയാടിക്കാമെന്ന് പറയുന്നു. പിറ്റേനാൾ കടലോരത്തുവച്ച് സാധനം കണ്ടെത്തുന്നു. അന്നത്തെ കാലത്ത് ഒരു ലക്ഷത്തോളം രൂപ വരുന്നതായിരുന്നു അത്രെ അത്.
സ്റ്റേഷൻ മാസ്റ്റർ അന്നത്തെ മദിരാശിയിലെ റെയിൽവേ ഉദ്യോഗസ്ഥർക്ക് സന്ദേശം കൈമാറി. കെട്ടിയാടിക്കാൻ അനുവാദം ലഭിച്ചു. മുത്തപ്പൻ തനിക്ക് ഇവിടെ ആരൂഢം നിർമിക്കണമെന്ന് കോലം മുഖേന പറഞ്ഞ കാര്യം വീണ്ടും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. തുടർന്ന് അനുവാദം ലഭിക്കുന്നു… ഇത് ചരിത്രം.
പിന്നീട് തിരൂർ മുതൽ മംഗലാപുരം വരെയുള്ള പല റെയിൽവേ സ്റ്റേഷനുകൾക്കു സമീപവും റെയിൽവേ മുത്തപ്പൻ മഠപ്പുരകൾ സ്ഥാപിച്ച് മുത്തപ്പനും തിരുവപ്പനയും കെട്ടിയാടാൻ തുടങ്ങി.1965ൽ ലാണ് അന്നത്തെ പഴയങ്ങാടിയിലെ പൗരപ്രമുഖൻമാരുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ മുത്തപ്പൻ ക്ഷേത്രം പണിതത്.
ആദ്യകാലത്ത് പൊതുജനങ്ങൾ തന്നെയാണ് ഭാരവാഹികളായി മുന്നിൽ ഉണ്ടായിരുന്നത്. റെയിൽവേയുടെ അധീനതയിലുള്ള സ്ഥലത്ത് ഇത്തരം ക്ഷേത്രങ്ങൾ പണിയുന്നതിനാൽ റെയിൽവേ സ്റ്റേഷൻ ഉദ്യോഗസ്ഥർ തന്നെ പിന്നീട് പ്രധാന ഭാരവാഹികളായി മാറി.
മൂന്ന് പതിറ്റാണ്ട് മുമ്പ് അന്നത്തെ പഴയങ്ങാടി റെയിൽവേസ്റ്റേഷൻ മാസ്റ്റർ തറവാട്ടിൽ കയറണം എന്ന നിർദേശം വച്ചതോടെ അന്നുതൊട്ട് ഇന്നുവരെ പഴയങ്ങാടി റെയിൽവേ സ്റ്റേഷനടുത്തുള്ള മുത്തപ്പൻ ക്ഷേത്രത്തിൽ കെട്ടിയാടുന്ന മുത്തപ്പനും തിരുവപ്പനും സ്റ്റേഷന്റെ ഓഫീസിലെത്തി ജീവനക്കാരെ അനുഗ്രഹിക്കുന്ന പതിവുണ്ട്. അത് ഇന്നും മുടങ്ങാതെ നടക്കുന്നു.
അരിയിട്ട് സ്വീകരിക്കുകയും അരിയിട്ട് യാത്രയാക്കുകയും ചെയ്യുന്ന അപൂർവ ചടങ്ങ് പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സ്വന്തം. മറ്റൊരു റെയിൽവേ സ്റ്റേഷനിലും മുത്തപ്പനോ തിരുപ്പനോ റെയിൽവേ സ്റ്റേഷനകത്തേക്ക് കയറാറില്ല. അനുഗ്രഹങ്ങൾ ജീവനക്കാർക്ക് മാത്രമല്ല ട്രെയിനിനും, ട്രെയിനിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കും നൽകിയാണ് ഈ ജനകീയ തെയ്യം വിടചൊല്ലുക.
സ്റ്റേഷൻ സൂപ്രണ്ട് കെ.കെ.വി. ഹരിദാസൻ, സ്റ്റേഷൻ മാസ്റ്ററായ വി. ഷെൽ, ഷിംലേഷ് മീണ, ബുക്കിംഗ് ക്ലാർക്ക് രാഗിൻ, ഇ. സജില, കെ. പ്രവിത എന്നിവർ ചേർന്നാണ് മുത്തപ്പനെയും തിരുവപ്പനയെയും സ്വീകരിച്ചത്.
