കേരളം ചുട്ടുപൊള്ളുമ്പോൾ കുളിരണിയിച്ച് പാമ്പാടുംചോല സഞ്ചാരികളെ മാടിവിളിക്കുന്നു. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ് പാമ്പാടുംചോല നാഷണൽ പാർക്ക്. കടുത്ത ചൂടിലും ഇവിടെയെത്തുന്ന സഞ്ചാരികൾ പ്രകൃതിയോട് ലയിച്ച് ഇളം കാറ്റേറ്റു നടത്തുന്ന ഷോല നേച്ചർ വാക്ക് മനം നിറയ്ക്കുന്നതാണ്.
എസ്കേപ്പ് പാതയിലൂടെ സഞ്ചാരം …
പാമ്പാടുംചോല ദേശീയോദ്യാനത്തിൽ ചരിത്ര പ്രാധാന്യമുള്ള ഗ്രേറ്റ് എസ്ക്കേപ്പ് റോഡുണ്ട്. 1942ൽ മദിരാശി പട്ടണത്തിൽ ജപ്പാൻ സേന ബോംബ് വർഷിച്ചപ്പോഴാണ് ബ്രിട്ടീഷുകാർ സമാന്തരമായി ഒരു റോഡ് നിർമിച്ചത്. കൊച്ചിയിൽ എത്തിച്ചേരുന്നതിനായി കൊടൈക്കനാലിലെ ബെറിജം എന്ന സ്ഥലത്തുനിന്നു വട്ടവടയിലെ ടോപ് സ്റ്റേഷൻ എന്ന സ്ഥലത്തേക്കാണ് റോഡ് നിർമിച്ചത്.
എന്നാൽ, 1998ൽ ഈ റോഡ് കടന്നുപോകുന്ന ഭാഗം തമിഴ്നാട്ടിലെ കൊടൈക്കനാൽ വന്യമൃഗ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചു. തമിഴ്നാട് അതിർത്തിയിൽ വനംവകുപ്പ് ചങ്ങലയിട്ട് റോഡ് തടയുകയും ചെയ്തു. അന്നു മുതൽ ഈ റോഡിലൂടെയുള്ള യാത്ര തടസപ്പെട്ടു. ഇപ്പോൾ കേരള അതിർത്തിയിലെ ഈ പാതയിലെ ടൂറിസം സോണിലൂടെ നടക്കുവാനുള്ള സൗകര്യമാണ് വനംവകുപ്പ് ഷോല നേച്ചർ വാക്ക് എന്ന പേരിൽ ഒരുക്കിയിരിക്കുന്നത്.
വന്യത കണ്ട് പ്രകൃതിയെ തൊട്ടറിഞ്ഞ് ഒരു യാത്ര
മൂന്നാറിൽനിന്നു വട്ടവടയിലേക്ക് പോകുന്ന പാതയിൽ ടോപ് സ്റ്റേഷൻ ചെക്ക്പോസ്റ്റിൽനിന്നുമാണ് നേച്ചർ വാക്ക് ആരംഭിക്കുന്നത്. പോത്തിൻകണ്ടംവരെ നീളുന്ന യാത്രയിൽ കാട്ടുപോത്തുകളുടെ സമ്പന്നമായ കാഴ്ചയാണ് സഞ്ചാരികൾക്ക് പ്രധാനമായും സമ്മാനിക്കുന്നത്.
ലോഗ് ഹൗസ്, അപൂർവമായ നീലഗിരി മാർട്ടിൻ, വിവിധയിനം പക്ഷികൾ, മറ്റ് വന്യജീവികൾ, അപൂർവമായ മരപ്പന്തൽ തുടങ്ങിയ കാഴ്ചകളുമുണ്ട്. രണ്ടു കാട്ടുചോലകൾ മരപ്പാലത്തിലൂടെ കടക്കുവാനും കഴിയുന്നു.
നിരക്ക്…
പാമ്പാടുംചോല ദേശീയോദ്യാനത്തിൽ ഗ്രേറ്റ് എസ്കേപ്പ് റോഡിൽകൂടി മഴവിൽ പാലം വാച്ച് ടവർ വരെ നടത്തുന്ന ഹാഫ് ട്രക്കിംഗിന് ഇന്ത്യക്കാർക്ക് 150 രൂപയും ഫുൾ ട്രക്കിംഗിന് 300 രൂപയുമാണ് നിരക്ക്.വിദേശികൾക്ക് 700 രൂപയുമാണ് നിരക്ക്. ബന്ധപ്പെടേണ്ട നമ്പർ: 8547603199.
ബുക്കിംഗ് സൈറ്റ്: ecotourism.forest.kerala.gov.in
