ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ നിക്ഷേപിച്ച നാവിക മൈനുകൾ എവിടെയാണെന്ന് കണ്ടെത്താനാകാതെ വലഞ്ഞ് ഇറാൻ. കടൽപാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, തങ്ങൾ തന്നെ പാകിയ മൈനുകളുടെ കൃത്യമായ സ്ഥാനം അറിയാത്തതും അവ നീക്കം ചെയ്യാനുള്ള സാങ്കേതിക ശേഷിയില്ലാത്തതും തിരിച്ചടിയാകുന്നു.
ഇറാനെതിരെ അമേരിക്കയും ഇസ്രായേലും യുദ്ധം ആരംഭിച്ചതിന് തൊട്ടുപിന്നാലെ കഴിഞ്ഞ മാസമാണ് ഹോർമുസ് കടലിടുക്കിൽ ഇറാൻ മൈനുകൾ നിക്ഷേപിച്ചത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഉദ്യോഗസ്ഥൻ കടലിടുക്ക് അടച്ചതായി പ്രഖ്യാപിക്കുകയും പ്രവേശിക്കുന്ന കപ്പലുകൾ അഗ്നിക്കിരയാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മൈനുകൾ നിക്ഷേപിച്ചത്. ചെറുകപ്പലുകൾ ഉപയോഗിച്ച് അശാസ്ത്രീയമായാണ് ഇറാൻ മൈനുകൾ പാകിയതെന്ന് അന്ന് തന്നെ യുഎസ് നിരീക്ഷിച്ചിരുന്നു.
എന്നാൽ ഇവ എവിടെയെല്ലാമാണ് പാകിയത് എന്ന് കൃത്യമായ രേഖകൾ ഇറാന്റെ കൈവശമില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. കടൽചുഴിയിലും ഓളങ്ങളിലും പെട്ട് ഈ മൈനുകൾ നിശ്ചിത സ്ഥാനങ്ങളിൽ നിന്ന് മാറി അകന്നതും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. നിലവിൽ ടോൾ നൽകാൻ തയാറുള്ള കപ്പലുകൾക്കായി ഒരു ചെറിയ പാത മാത്രമാണ് ഇറാൻ തുറന്നുകൊടുത്തിരിക്കുന്നത്.
മൈനുകൾ നിക്ഷേപിക്കുന്നത് എളുപ്പമാണെങ്കിലും അവ നീക്കം ചെയ്യുന്നത് പ്രയാസമേറിയ പ്രക്രിയയാണ്. മൈനുകൾ നീക്കം ചെയ്ത് കടൽപാത സുരക്ഷിതമാക്കാതെ ആഗോള എണ്ണ വിപണി സാധാരണ നിലയിലാകില്ലെന്നാണ് വിലയിരുത്തുന്നത്.
