മൂന്നുമുറി: വിഷു പടിവാതില്‍ക്കലെത്തിയതോടെ കണിയൊരുക്കാനുള്ള വെള്ളരിക്കായ്കള്‍ വിളവെടുക്കുന്ന തിരക്കിലാണ് മറ്റത്തൂരിലെ കര്‍ഷകനായ താളൂപ്പാടം സ്വദേശി രാജന് പനങ്കൂട്ടത്തില്‍.രാജന് വിളയിച്ചെടുത്ത കണിവെള്ളരിക്കായ്കള് ഹോര്‍ട്ടികോര്‍പ്പ് വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നുണ്ട്. കേരള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലിനു കീഴില്‍ കോടാലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റത്തൂര്‍ സ്വാശ്രയകര്‍ഷക വിപണി വഴിയാണ് രാജന് ഉത്പാദിപ്പിക്കുന്ന വെള്ളിരി ഭൂരിഭാഗവും വിറ്റഴിക്കുന്നത്.
മൂന്നുമുറിക്കടുത്തുള്ള ചെട്ടിച്ചാല്‍ പാടശേഖരത്തില്‍ സ്വന്തമായുള്ള രണ്ടരയേക്കറോളം നിലത്തിലാണ് രാജന്റെ വെള്ളരിക്കൃഷി. തുടര്‍ച്ചയായുള്ള ആറാം വര്‍ഷമാണ് രാജന് ഇവിടെ വെള്ളിരി കൃഷി ചെയ്യുന്നത്. ആണ്ടില്‍ രണ്ടുതവണ നെല്‍കൃഷി ചെയ്തുപോരുന്ന പാടത്ത് വേനല്‍ക്കാല വിളയായാണ് കണിവെള്ളരി നട്ടുവളര്‍ത്തുന്നത്. മികച്ച വിളവുതരുന്ന മഞ്ചേരി ഇനത്തിലുള്ള വെള്ളരിവിത്താണ് ഇത്തവണയും രാജന് കൃഷിക്കുപയോഗിച്ചത്.
ഓരോ വര്‍ഷവും വിളവെടുക്കുമ്പോള്‍ മികച്ച വെള്ളരിക്കായ്കള്‍ മാറ്റിവച്ച് അവയില്‍ നിന്ന് എടുക്കുന്ന വിത്തുകളാണ് തുടര്‍ന്നുള്ള വര്‍ഷം കൃഷിയിറക്കാന്‍ ഉപയോഗിക്കാറുള്ളത്. ഒരാഴ്ച മുമ്പാണ് രാജന്റെ കൃഷിയിടത്തില്‍ വെള്ളരിയുടെ വിളവെടുപ്പ് ആരംഭിച്ചത്. ഇത്തവണ അനുഭവപ്പെട്ട കടുത്ത ചൂട് ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും വെള്ളരിക്കയുടെ ഇപ്പോഴത്തെ വിലനിലവാരം കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതാണ്. എന്നാല്‍ വര്‍ധിച്ചുവരുന്ന കൃഷിച്ചെലവിനും അധ്വാനത്തിനും അനുസൃതമായ രീതിയിലുള്ള വില കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്ന സങ്കടവും കര്‍ഷകര്‍ക്കുണ്ട്.
വിളവെടുത്ത വെള്ളരിക്കായ്കള്‍ വിഎഫ്പിസികെ മുഖേന ഹോര്‍ട്ടികോര്‍പ്പിനാണ് നല്‍കുന്നത്.12 ടണ്ണിലേറെ കണിവെള്ളരിയ്ക്കയാണ് ഇന്നലെ ഹോര്‍ട്ടികോര്‍പ്പ് ഇവിടെനിന്ന് സംഭരിച്ചത്. കഠിനാധ്വാനവും അനുകൂല കാലാവസ്ഥയും ഉണ്ടെങ്കില്‍ ഈ കൃഷിയില്‍ നിന്ന് മികച്ച വരുമാനം നേടാനാകുമെന്ന് മറ്റത്തൂരിലെ മാതൃകാകര്‍ഷകനായ രാജന് പറയുന്നു.
കണിവെള്ളരിക്കു പുറമെ വാഴ, വിവിധയിനം പച്ചക്കറികള്‍ എന്നിവയും കൃഷിചെയ്യുന്നുണ്ട്. കൃഷിപ്പണികളില്‍ ഭാര്യ ഷീജ ഒപ്പമുണ്ട്. വിദ്യാര്‍ഥികളായ മക്കള്‍ അക്ഷയും അഭിജിത്തും ഒഴിവുസമയങ്ങളില്‍ മാതാപിതാക്കളെ സഹായിക്കാനായി കൃഷിതോട്ടത്തില്‍ എത്താറുണ്ട്.
