നെടുങ്കണ്ടം: പച്ചടി തോട്ടുവാക്കടയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി സജിക്ക് പിതാവ് മാത്യുവിന്റെ തിരോധാനത്തിലും പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇയാളെ അപായപ്പെടുത്തി അമ്മയെയും സഹോദരനെയും കുഴിച്ചുമൂടിയതുപോലെ മറവ് ചെയ്തോ എന്നു കണ്ടെത്താൻ ഇവരുടെ കൃഷിയിടത്തിൽ പോലീസ് പരിശോധന നടത്തും. ഇതിനായി പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
2018 മാർച്ച് മൂന്നിനാണ് സജിയുടെ പിതാവ് മാത്യുവിനെ വീട്ടിൽനിന്നു കാണാതായത്. പാസ്റ്ററായ ഇദ്ദേഹം മകളുടെ ചികിത്സാ ആവശ്യത്തിനായി കട്ടപ്പന വെള്ളയാംകുടിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയതെന്നു പറയുന്നു.
എന്നാൽ, പിന്നീട് തിരികെ എത്തിയില്ല. ഇതേത്തുടർന്ന് 2018 മാർച്ച് ഒൻപതിന് മകൻ റെജി പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം ആരംഭിച്ചെങ്കിലും വ്യക്തമായ തെളിവുകൾ ലഭിക്കാതെ വന്നതോടെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
സജി അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് മാത്യുവിന്റെ തിരോധാനത്തിലും സംശയം ഉയരുന്നത്. അതേസമയം പിതാവിനെ കാണാതായതിൽ സജി ഇതുവരെയും പോലീസിന് വിവരങ്ങൾ ഒന്നും നൽകിയിട്ടില്ലെന്നാണ് സൂചന.
