നവോത്ഥാനം തിരിഞ്ഞു കൊത്തി ! സി.ദിവാകരന് കിട്ടിയത് ബെന്നറ്റ് ഏബ്രഹാമിന് കിട്ടിയതിനേക്കാള്‍ കുറഞ്ഞ വോട്ടു ശതമാനം; പിണറായി സര്‍ക്കാരിന് ശോകമൂകമായ മൂന്നാം വാര്‍ഷികം…

നവോത്ഥാനം തിരിച്ചടിച്ചെന്ന വിലയിരുത്തലില്‍ പിണറായി സര്‍ക്കാരിന് ഇന്ന് മൂന്നാം വാര്‍ഷികം. ആഘോഷിക്കേണ്ട സമയമായിട്ടും മരണവീട് പോലെയാണ് ഇടതുമുന്നണിയുടെ അവസ്ഥ. 2014 ല്‍ ബെന്നറ്റ് ഏബ്രഹാം നേടിയതിലും അല്‍പം കൂടുതല്‍ വോട്ട് പിന്‍ഗാമി സി. ദിവാകരന്‍ നേടിയെങ്കിലും ഇടത് വോട്ടുവിഹിതം ഭരണസിരാകേന്ദ്രത്തില്‍ അതിലും താഴ്ന്നു: 25.6% മാത്രം. (2014 ല്‍ 28.5%) സിപിഐ നേതൃയോഗം നടന്ന എം.എന്‍ സ്മാരകത്തിലേക്കു തിരിഞ്ഞുനോക്കാന്‍ ദിവാകരന്‍ മെനക്കെടാഞ്ഞതു വെറുതെയല്ല.

ഇടതുവോട്ടിലെ ഈ ചോര്‍ച്ചയാണ് ഭരണ- പാര്‍ട്ടി നേതൃത്വങ്ങളെ ഇരുത്തിച്ചിന്തിപ്പിക്കുന്നത്. ഇടതുമുന്നണിക്കു കേരളത്തില്‍ 45% ജനങ്ങളുടെ പിന്തുണയുണ്ടെന്നു സിപിഎം അവകാശപ്പെടാറുണ്ടെങ്കില്‍ ഇക്കുറി കിട്ടിയത് അതിലും 10% താഴ്ന്നു. 2006 ല്‍ 98 സീറ്റുമായി ഇടതുമുന്നണി 48.58% വോട്ടു നേടിയപ്പോള്‍ സിപിഎം സംസ്ഥാന കമ്മിറ്റി ലക്ഷ്യം മുന്നോട്ടുവച്ചു: 50% വോട്ട്. ആ ലക്ഷ്യം ഇപ്പോള്‍ ഏതാണ്ട് 15% പിന്നിലായി. നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 3 വര്‍ഷത്തിനിടയില്‍ 8% ചോര്‍ച്ച.

എല്‍ഡിഎഫ് സ്ഥാനാര്‍ഥികളില്‍ വലിയ പങ്കിനും ആ മണ്ഡലത്തില്‍ വന്‍ വോട്ടുചോര്‍ച്ച നേരിടേണ്ടിവന്നു. 40 ശതമാനത്തിലേറെ വോട്ടു നേടിയതു 3 പേര്‍ മാത്രം. എ.എം. ആരിഫ് (ആലപ്പുഴ- 40.96%), പി.കെ. ശ്രീമതി (കണ്ണൂര്‍- 41.29%), പി.ജയരാജന്‍ (വടകര-41.49%). ഇതില്‍ കണ്ണൂരില്‍ കെ. സുധാകരന്‍ 50.27% വോട്ടു നേടിയപ്പോഴാണ് ശ്രീമതി 40 പിന്നിട്ടത്. ബിജെപി സ്ഥാനാര്‍ഥികള്‍ കണ്ണൂരിലും വടകരയിലും പാടേ പിന്തള്ളപ്പെട്ടത് സിപിഎമ്മിനു പറഞ്ഞുനില്‍ക്കാന്‍ അവസരം നല്‍കും.

അതേസമയം യുഡിഎഫിന്റെ എട്ടു സ്ഥാനാര്‍ഥികളാണ് കൂടുതല്‍ വോട്ടു നേടിയത്. എന്നാല്‍ ഇടതു മുന്നണിയുടെ ഒമ്പതു പേര്‍ 35 ശതമാനം വോട്ടു പോലും നേടിയില്ല. ബിജെപി വോട്ടിലെ വളര്‍ച്ച മിക്കയിടത്തും ഇടതിനെയാണു പിന്നോട്ടടിച്ചത്. പരമ്പരാഗത വോട്ടുകള്‍ ചോര്‍ന്നുവെന്ന് അതുകൊണ്ടാണു സിപിഎം സമ്മതിച്ചത്. അതുവഴി ശബരിമല സിപിഎമ്മിന്റെ ഭൂരിപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാക്കിയെന്നു പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.

സ്ത്രീപുരുഷസമത്വത്തിനു വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ വോട്ടോ സീറ്റോ കുറയുന്നുവെങ്കില്‍ കുറയട്ടെയെന്ന പിണറായി വിജയന്റെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ സിപിഎം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അതായിരുന്നു ഉറച്ച നിലപാടെങ്കില്‍ ഈ പ്രചാരണവേളയില്‍ എന്തുകൊണ്ട് നവോത്ഥാന മുദ്രാവാക്യം ഉയര്‍ത്തിയതേയില്ലെന്ന മറുചോദ്യം ഉയരും. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനു ശേഷം പൊതുതിരഞ്ഞെടുപ്പിലെത്തുമ്പോള്‍ എന്തുമാറ്റമാണു സംഭവിച്ചതെന്നു പരിശോധിക്കുമ്പോഴാണു ശബരിമല മുഖ്യകാരണങ്ങളിലൊന്നാണെന്ന പ്രാഥമിക നിഗമനത്തില്‍ എത്തിച്ചേരേണ്ടിവന്നത്.

ചെങ്ങന്നൂരില്‍ സാമുദായിക രസതന്ത്രം കൃത്യമായിരുന്നു. എന്നാല്‍ ചെങ്ങന്നൂരിനു ശേഷമുണ്ടായ സുപ്രീംകോടതി വിധി കൈകാര്യം ചെയ്തത് പിഴച്ചുവെന്ന ബോധ്യത്തിലാണ് പാര്‍ട്ടി എത്തിനില്‍ക്കുന്നത്. ‘ന്യൂനപക്ഷ ഏകീകരണം മാത്രമല്ല, പരാജയത്തിനു മറ്റു ചില കാരണങ്ങളുമുണ്ട്. മുഖ്യമന്ത്രിയുടെ ശൈലിയില്‍ ചിലതൊക്കെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കു കാരണമായി. ചില കാര്യങ്ങള്‍ പറയാന്‍ സ്വീകരിക്കുന്ന ഭാഷ നന്നായില്ലെങ്കില്‍ ദുര്‍വ്യാഖ്യാനം വരും. പാര്‍ട്ടി കുടുംബങ്ങളിലെ സ്ത്രീകളെപ്പോലും ശബരിമല വിഷയം സ്വാധീനിച്ചു’ ഒരു മുതിര്‍ന്ന നേതാവ് പറയുന്നതിങ്ങനെയാണ്.

Related posts