ഷമീമ ബീഗത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ബ്രിട്ടന്‍ ! ഭീകരാക്രമണങ്ങള്‍ നടത്താന്‍ ജിഹാദികള്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കുന്നതില്‍ ഷമീമ മുന്‍പന്തിയിലായിരുന്നുവെന്ന് കണ്ടെത്തല്‍; സീക്രട്ട് ഇന്റലിജന്‍സ് ഏജന്‍സിയുടെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്…

ഏറെ ചര്‍ച്ചാ വിഷയമായ ഷമീമ ബീഗത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ആവശ്യമില്ലെന്ന് നിലപാടിലുറച്ച് ബ്രിട്ടന്‍. 2015ല്‍ വെറും 15 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഷമീമ ബീഗം സിറിയയിലേക്ക് പാലായനം ചെയ്തത്. ഇപ്പോള്‍ ഇവരെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസായ എംഐ 6 രംഗത്തെത്തിയിരിക്കുകയാണ്.

ഐസിസ് ഭീകരന്മാര്‍ക്ക് സൂയിസൈഡ് വെസ്റ്റ് തയിച്ച് കൊടുക്കുന്നത് ഷമീമ അടങ്ങിയ ഭീകരരുടെ ഭാര്യമാരാണെന്നാണ് ബ്രിട്ടീഷ് രഹസ്യ പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഐസിസിന്റെ പതനത്തെ തുടര്‍ന്ന് മാതൃരാജ്യമായ ബ്രിട്ടനിലേക്ക് തിരിച്ച് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതിന്റെ പേരില്‍ സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ ഭീകരവധുവാണ് ഷമീമ. എന്നാല്‍ ബ്രീട്ടീഷ് ഹോം ഓഫീസ് ഇവരുടെ പൗരത്വം റദ്ദാക്കുകയും ബ്രിട്ടനില്‍ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു.

ഷമീമയുടെ കാര്യത്തില്‍ ഒരു വിട്ട് വീഴ്ചയും വേണ്ടെന്നാണ് പുതിയ കണ്ടെത്തലോടെ ബ്രിട്ടീഷ് രഹസ്യ പൊലീസ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഐസിസ് ഒഴിഞ്ഞതോടെ ഇറാഖിലും സിറിയയിലും കുടുങ്ങിയ വിദേശ പൗരത്വമുള്ള യുവതികള്‍ പെട്ടിരിക്കുന്ന അവസ്ഥയിലാണ്. ഐസിസിന്റെ മൊറാലിറ്റി പൊലീസായി ഷമീമ എത്തരത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് എംഐ6 തലവന്മാര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്ക്കും ഹോം സെക്രട്ടറി സാജിദ് ജാവിദിനും മുന്നില്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഭീകരാക്രമണങ്ങള്‍ നടത്താന്‍ ജിഹാദികള്‍ക്ക് എല്ലാ വിധ സഹായങ്ങളും ചെയ്തുകൊടുക്കുന്നതില്‍ ഷമീമ മുന്‍പന്തിയിലാണ് നിലകൊണ്ടിരുന്നതെന്നും രഹസ്യ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഐഎസിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ താന്‍ അപകടകരമായതൊന്നും ചെയ്തിരുന്നില്ലെന്നാണ് ഷമീമ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ ഷമീമ ഒരു റൈഫിളെടുത്ത് ഐഎസിന്റെ നിയമം നടത്തുന്ന ആളെന്ന നിലയില്‍ കടുത്ത പ്രവര്‍ത്തികള്‍ ചെയ്ത് കൂട്ടിയിരുന്നുവെന്നാണ് വിശ്വസനീയമായ ഉറവിടങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.നിലവില്‍ സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന 19കാരിയായ ഷമീമയുടെ 18 ദിവസം പ്രായമുള്ള കുഞ്ഞ് മാര്‍ച്ച് ആദ്യം മരിച്ചിരുന്നു.

ജിഹാദി ആക്രമണങ്ങള്‍ക്കായി ചാവേറുകളാകാന്‍ ഒരുങ്ങുന്നവര്‍ക്ക് സ്യൂയിസൈഡ് ബെല്‍റ്റ് തയിച്ച് കൊടുക്കുന്നതില്‍ വിദഗ്ധയായിരുന്നു ഷമീമയെന്നാണ് ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഉഗ്രസ്‌ഫോടനമുണ്ടാകുന്നതിന് മുമ്പ് ഒരിക്കലും അഴിച്ച് മാറ്റാന്‍ പറ്റാത്ത വിധത്തിലുള്ള ബെല്‍റ്റുകളാണ് ഷമീമ തയിച്ച് ജിഹാദികളുടെ അരയില്‍ ഘടിപ്പിച്ച് വിട്ടിരുന്നതെന്നും എംഐ6 കണ്ടെത്തിയിരിക്കുന്നു. സിഐഎ, ഡച്ച് മിലിട്ടറി ഇന്റലിജന്‍സ് തുടങ്ങിയ മറ്റ് ചാര ഏജന്‍സികളും ഷമീമയെക്കുറിച്ചുള്ള വിവരങ്ങള്‍ എഐ6മായി പങ്ക് വച്ചിട്ടുണ്ടെന്നാണ് സൂചന.

Related posts