ഇന്ന് 2018ലെ അവസാന ദിനം; പു​തു വ​ർ​ഷ​ത്തെ ഉ​റ്റു​നോ​ക്കി നി​ക്ഷേ​പ​ക​ർ

ഓഹരി അവലോകനം/ സോണിയ ഭാനു

വ​ൻ പ്ര​തീ​ക്ഷ​ക​ളോ​ടെ പു​തു വ​ർ​ഷ​ത്തെ ഉ​റ്റു​നോ​ക്കു​ക​യാ​ണ് നി​ക്ഷേ​പ​ക​ർ. ആ​റു ശ​ത​മാ​ന​ത്തോ​ളം നേ​ട്ടം ക​ട​ന്നു​പോ​കു​ന്ന വ​ർ​ഷം കൈ​വ​രി​ച്ച ആ​വേ​ശ​ത്തി​ലാ​ണ് ബോം​ബെ സെ​ൻ​സെ​ക്സ്. ഏ​ഷ്യ​ൻ മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മി​ക​വ് കാ​ണി​ക്കാ​ൻ ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​നാ​യ​ത് വ​ൻ​നേ​ട്ട​മാ​ണ്. ആ​ഗോ​ള ത​ല​ത്തി​ൽ ബ്ര​സീ​ലി​യ​ൻ സൂ​ചി​ക​യാ​ണ് ഏ​റെ തി​ള​ങ്ങി​യ​ത്. തൊ​ട്ടുപു​റ​കി​ൽ ഇ​ടം ക​ണ്ടെ​ത്താ​ൻ ബോം​ബെ സൂ​ചി​ക​യ്ക്കാ​യി.

ദീ​പി​ക 2018 ജ​നു​വ​രി ഒ​ന്നി​ലെ ല​ക്ക​ത്തി​ൽ സൂ​ചി​പ്പി​ച്ച​താ​ണ് ബോം​ബെ സെ​ൻ​സെ​ക്സ് 38,000 റേ​ഞ്ചി​ലേ​ക്ക് ഉ​യ​രു​മെ​ന്ന കാ​ര്യം. 2017 ഡി​സം​ബ​ർ അ​വ​സാ​നം സൂ​ചി​ക 34,056 പോ​യി​ന്‍റി​ലാ​യി​രു​ന്നു. വി​ല​യി​രു​ത്ത​ലു​ക​ൾ ശ​രി​വ​യ്ക്കുംവി​ധ​ം സെ​ൻ​സെ​ക്സ് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് ആ​യ 38,989.65 പോ​യി​ന്‍റ് വ​രെ ക​യ​റി. നി​ഫ്റ്റി സൂ​ചി​ക താ​ഴ്ന്ന നി​ല​വാ​ര​മാ​യ 9951ൽ​നി​ന്ന് 11,760.20 വ​രെ ഉ​യ​ർ​ന്ന് റി​ക്കാ​ർ​ഡ് സ്ഥാ​പി​ച്ചു. എ​ന്നാ​ൽ 12,000ലേ​ക്ക് ഉ​യ​രാ​നാ​യി​ല്ല. യു​എ​സ്-​ചൈ​ന വ്യാ​പാ​ര​യു​ദ്ധ ഭീ​ഷ​ണി ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ നി​ഫ്റ്റി​ക്ക് 12,000 പോ​യി​ന്‍റി​നു മു​ക​ളി​ൽ ഇ​ടം ക​ണ്ടെ​ത്താ​ൻ അ​വ​സ​രം ല​ഭി​ക്കു​മാ​യി​രു​ന്നു.

പ്ര​ാദേ​ശി​ക നി​ക്ഷേ​പ​ക​രു​ടെ നി​റ​ഞ്ഞ സാ​ന്നി​ധ്യ​മാ​ണ് ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ന് തി​ള​ങ്ങാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത്. മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ ശ​ക്ത​മാ​യ താ​ങ്ങ് ഓ​രോ അ​വ​സ​ര​ത്തി​ലും ന​ല്കി. വി​ദേ​ശ ഫ​ണ്ടു​ക​ൾ നി​ക്ഷേ​പം തി​രി​ച്ചുപി​ടി​ക്കു​ന്ന​തി​ൽ പ​ല​പ്പോ​ഴും മു​ൻ​തൂ​ക്കം ന​ല്കി. പു​തുവ​ർ​ഷ​ത്തി​ൽ നി​ഫ്റ്റി​ക്ക് പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്കു സ​ഞ്ച​രി​ക്കാ​നാ​വും. സെ​ൻ​സെ​ക്സ് ല​ക്ഷ​മി​ടു​ക 40,000-42,000 പോ​യി​ന്‍റാ​കും.

അ​മേ​രി​ക്ക​യി​ൽ എ​സ് ആ​ൻ​ഡ് പി, ​നാ​സ്ഡാ​ക്, യൂ​റോ​പ്പി​ൽ ഡാ​ക്സ്, ജ​പ്പാ​ൻ സൂ​ചി​ക​യാ​യ നി​ക്കീ തു​ട​ങ്ങി​യ​വ​യ്ക്കു തി​രി​ച്ച​ടി​യു​ടെ വ​ർ​ഷ​മാ​യി​രു​ന്നു. ഈ ​സൂ​ചി​ക​ക​ൾ 2018ലെ ​ഉ​യ​ർ​ന്ന ത​ല​ത്തി​ൽ​നി​ന്ന് ഏ​ക​ദേ​ശം 20-25 ശ​ത​മാ​നം താ​ഴ്ന്നു. ദീ​ർ​ഘ​കാ​ല​യ​ള​വി​ലേ​ക്ക് ഇ​വ​യു​ടെ ത​ള​ർ​ച്ച തു​ട​രാ​മെ​ങ്കി​ലും ഹ്ര​സ്വ കാ​ല​യ​ള​വി​ൽ ഒ​രു പു​ൾ​ബാ​ക് റാ​ലി പ്ര​തീ​ക്ഷി​ക്കാം. അ​ത്ത​രം ഒ​രു ബു​ൾ ത​രം​ഗം ഉ​ട​ലെ​ടു​ത്താ​ൽ യുഎ​സ്-​യൂ​റോ​പ്യ​ൻ മാ​ർ​ക്ക​റ്റു​ക​ൾ​ക്കൊ​പ്പം തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​മു​ഖ ഓ​ഹ​രി സൂ​ചി​ക​ക​ളി​ലും മു​ന്നേ​റ്റ​ത്തി​ന് അ​വ​സ​രം ല​ഭ്യ​മാ​കു​ന്ന​ത് ഇ​ന്ത്യ​ൻ വി​പ​ണി​യു​ടെ തി​ള​ക്കം 2019ൽ ​വ​ർ​ധി​പ്പി​ക്കാം.

വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​ന വാ​രം നേ​ട്ട​ത്തി​ൽ വ്യാ​പാ​രം തീ​ർ​ക്കാ​ൻ ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​നാ​യി. ബോം​ബെ സെ​ൻ​സെ​ക്സ് 335 പോ​യി​ന്‍റ് ഉ​യ​ർ​ന്നു. സൂ​ചി​ക മു​ൻ​വാ​ര​ത്തി​ലെ 35,742ൽ​നി​ന്ന് 35,076 വ​രെ ഇ​ടി​ഞ്ഞ ശേ​ഷം വാ​രാ​വ​സാ​നം 36,000 ലെ ​പ്ര​തി​രോ​ധം ഭേ​ദി​ച്ച് 36,194 വ​രെ ക​യ​റി​യ ശേ​ഷം 36,076 പോ​യി​ന്‍റി​ലാ​ണ്. ഈ ​വാ​രം ആ​ദ്യ പ്ര​തി​രോ​ധം 36,509 ലാ​ണ്. ഇ​ത് മ​റി​ക​ട​ന്നാ​ൽ ല​ക്ഷ്യം 36,942ലേ​ക്കു തി​രി​യും. അ​തേ​സ​മ​യം, തു​ട​ക്ക​ത്തി​ലെ തി​രി​ച്ച​ടി നേ​രി​ട്ടാ​ൽ 35,328ൽ ​താ​ങ്ങു​ണ്ട്.

സെ​ൻ​സെ​ക്സി​ന്‍റെ മ​റ്റു സാ​ങ്കേ​തി​ക ച​ല​ന​ങ്ങ​ൾ നി​രീ​ക്ഷി​ച്ചാ​ൽ ഡെ​യ്‌​ലി ചാ​ർ​ട്ടി​ൽ സൂ​പ്പ​ർ ട്രെ​ൻ​ഡ്, പാ​രാ​ബോ​ളി​ക് എ​സ്എ​ആ​ർ, എം​എ​സി​ഡി, സ്റ്റോ​ക്കാ​സ്റ്റി​ക് ആ​ർ​എ​സ്ഐ എ​ന്നി​വ ബു​ള്ളി​ഷ് ട്ര​ൻ​ഡി​ലാ​ണ്.

ക്രി​സ്മ​സ് അ​വ​ധി​യും ഡി​സം​ബ​ർ സീ​രീ​സ് സെ​റ്റി​ൽ​മെ​ന്‍റും ഓ​പ്പ​റേ​റ്റ​ർ​മാ​രെ അ​ല്പം വ​ട്ടം​ക​റ​ക്കി​യെ​ങ്കി​ലും നി​ഫ്റ്റി 70 പോ​യി​ന്‍റ് നേ​ട്ടം സ്വ​ന്ത​മാ​ക്കി. 10,754ൽ​നി​ന്ന് 10,535ലേ​ക്കു വാ​ര​മ​ധ്യം ഇ​ടി​ഞ്ഞ സൂ​ചി​ക പി​ന്നീ​ട് ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി. ജ​നു​വ​രി സീ​രീ​സ് 10,820ലേ​ക്ക് ഉ​യ​ർ​ന്നാ​ണ് ഇ​ട​പാ​ടു​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്. ഒ​രു​വേ​ള സൂ​ചി​ക 10,894 വ​രെ ഉ​യ​ർ​ന്ന ശേ​ഷം 10,860ൽ ​ക്ലോ​സിം​ഗ് ന​ട​ന്നു. വ​രും ആ​ഴ്ച​ക​ളി​ൽ നി​ഫ്റ്റി​ക്ക് 11,340 റേ​ഞ്ചി​ൽ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മു​ണ്ട്. തി​രി​ച്ച​ടി നേ​രി​ട്ടാ​ൽ 10,710 ലും 10,560 ​ലും താ​ങ്ങു​ണ്ട്.

ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ വീ​ണ്ടും മി​ക​വ് കാ​ണി​ച്ചു. 76 പൈ​സ വ​ർ​ധി​ച്ച് വി​നി​മ​യ​നി​ര​ക്ക് 69.81ലാ​ണ്. രൂ​പ റി​ക്കാ​ർ​ഡ് ത​ക​ർ​ച്ച​യെ അ​ഭി​മു​ഖീ​ക​രി​ച്ച വ​ർ​ഷ​മാ​ണി​ത്. വ​ർ​ഷാ​രം​ഭ​ത്തി​ലെ 63.21ൽ​നി​ന്ന് രൂ​പ​യു​ടെ നി​ര​ക്ക് 74.45 വ​രെ ഇ​ടി​ഞ്ഞു. പു​തു​വ​ർ​ഷ​ത്തി​ൽ രൂ​പ 68.24ലേ​ക്കു ശ​ക്തി​പ്രാ​പി​ക്കാം.

വി​വി​ധ കാ​ര​ണ​ങ്ങ​ൾ രൂ​പ​യി​ൽ സ​മ്മ​ർ​ദ​മു​ള​വാ​ക്കി. യു​എ​സ്-​വ​ട​ക്ക​ൻ കൊ​റി​യ സം​ഘ​ർ​ഷസാ​ധ്യ​ത​ക​ളും അ​മേ​രി​ക്ക-​ചൈ​ന വ്യാ​പാ​ര​യു​ദ്ധ​വും വി​ദേ​ശ ഫ​ണ്ടു​ക​ളെ വി​ല്പ​ന​യ്ക്കു പ്ര​രി​പ്പി​ച്ചു. ക്രൂ​ഡ് ഓ​യി​ൽ വി​ല​ക്ക​യ​റ്റ​വും രൂ​പ​യു​ടെ മൂ​ല്യ​ത്തി​ന് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി. ഒ​ക്‌​ടോ​ബ​റി​ൽ എ​ണ്ണ​വി​ല 76.14 ഡോ​ള​റി​ൽ എ​ത്തി​യ​ത് രൂ​പ​യെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പി​ടി​ച്ചു​ല​ച്ചു. വാ​രാ​ന്ത്യം ക്രൂ​ഡ് ഓ​യി​ൽ വി​ല 45.04 ഡോ​ള​റി​ലാ​ണ്. വി​പ​ണി​ക്ക് 39.69 ഡോ​ള​റി​ൽ സ​പ്പോ​ർ​ട്ടു​ണ്ട്.

ക്രൂ​ഡ് വി​ല കു​റ​ഞ്ഞ​തു​ ക​ണ്ട് ഡി​സം​ബ​റി​ൽ വി​ദേ​ശ​ഫ​ണ്ടു​ക​ൾ 5400 കോ​ടി രൂ​പ ഇ​ന്ത്യ​യി​ൽ നി​ക്ഷേ​പി​ച്ചു. ന​ട​പ്പുവ​ർ​ഷം വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ ഇ​ന്ത്യ​യി​ൽ​നി​ന്ന് 82,500 കോ​ടി രൂ​പ പി​ൻ​വ​ലി​ച്ചു. ഇ​തി​ൽ 33,300 കോ​ടി രൂ​പ ഓ​ഹ​രി​യി​ൽ​നി​ന്നും 49,200 കോ​ടി ക​ട​പ​ത്ര​ത്തി​ൽ​നി​ന്നു​മാ​ണ്. പോ​യ​വാ​രം വി​ദേ​ശ ഫ​ണ്ടു​ക​ൾ 1249.6 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ ശേ​ഖ​രി​ച്ചു. ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ 96.36 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചു. ഇ​തി​നി​ടെ രാ​ജ്യ​ത്തെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം 16.72 കോ​ടി ഡോ​ള​ർ ഉ​യ​ർ​ന്ന് 39328.7 കോ​ടി ഡോ​ള​റി​ലെ​ത്തി.

Related posts