കുമളി: തേനി ജില്ലയിലെ ലോവര്‍ ക്യാമ്പ് വഴി ആഡംബര കാറില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 40 കിലോ കഞ്ചാവ് പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.മധുര സ്വദേശികളായ മുനിസ്വാമി (39), ബാലസുബ്രഹ്മണ്യന് (39), സെല്‍വി (47) എന്നിവരാണ് പിടിയിലായത്. കാര്‍, 1.20 ലക്ഷം രൂപ, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു.
തേനി എസ്പി സ്നേഹപ്രിയയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ജില്ലയിലുടനീളം പരിശോധന ശക്തമാക്കിയിരുന്നു. കുമളി അതിര്‍ത്തി വഴി ആഡംബര കാറില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ലോവര്‍ ക്യാമ്പ് എസ്ഐ കറുപ്പയ്യയുടെ നേതൃത്വത്തിലുള്ള പോലീസ് ലോവര്‍ ക്യാമ്പ് – കുമളി മലയോര പാതയിലെ പെന്നിക്വിക്ക് മണിമണ്ഡപത്തിന് സമീപമുള്ള ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്തുകയായിരുന്നു.
ഒഡീഷയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി കേരളത്തിലെ കച്ചവടക്കാര്‍ക്ക് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാനാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.
