കോവിഡ് രണ്ടാം തരംഗത്തിന്റെ മൂര്‍ദ്ധന്യത്തില്‍ പോലും ഗംഗാ ജലത്തില്‍ കൊറോണ വൈറസിന്റെ സാന്നിദ്ധ്യമില്ലായിരുന്നുവെന്ന് പഠനം…

ഗംഗാജലത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യമില്ലെന്ന് പഠനം. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അതിരൂക്ഷമായ സമയത്ത് പോലും ഗംഗാജലത്തില്‍ വൈറസ് സാന്നിധ്യമില്ലായിരുന്നെന്നാണ് കണ്ടെത്തല്‍.

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയും ലക്‌നൌവ്വിലെ വാരണാസി ബിര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയന്‍സസും ചേര്‍ന്ന നടത്തിയ പഠനത്തിലാണ് കണ്ടെത്തലെന്ന്് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലക്‌നൗവിലെ ഗോമതി നദിയിലടക്കം കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ റിപ്പോര്‍ട്ട് വരുന്നത്.

ബിര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയന്‍സസ് തന്നെയാണ് ഗോമതി നദിയിലെ ജലത്തിലെ കൊറോണ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്.

മെയ് മാസത്തില്‍ ഗംഗാ നദിയില്‍ കൊവിഡ് ബാധിതരുടെ മൃതദേഹം ഒഴുക്കിയതിന് പിന്നാലെ വ്യാപക ആശങ്ക പടര്‍ന്നിരുന്നു. ഇതോടെയാണ് സംയുക്ത സംഘം ഗംഗാ നദിയിലെ ജലം പരിശോധനാ വിധേയമാക്കിയത്.

മെയ് 15 മുതല്‍ ജൂലൈ മൂന്നുവരെ ഏഴ് ആഴ്ചയില്‍ സംഘം ഗംഗാ നദിയിലെ ജല സാംപിള്‍ ശേഖരിച്ച് പരിശോധന വിധേയമാക്കിയിരുന്നു. സാംപിളുകള്‍ ഓരേ സമയത്താണ് ശേഖരിച്ചതെന്നും സംഘാംഗമായ പ്രൊഫസര്‍ ചൌബേ പറയുന്നു.

ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി ആര്‍എന്‍എ വേര്‍തിരിച്ച് നടത്തിയ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ശേഖരിച്ച ഒരു സാംപിളില്‍ പോലും കൊറോണ വൈറസിന്റെ ആര്‍എന്‍എ കണ്ടെത്തിയില്ലെന്ന് പഠനം വിശദമാക്കുന്നു.

ഗംഗാ, യമുനാ നദികളില്‍ കോവിഡ് രോഗികളുടെ മൃതദേഹം ഒഴുക്കിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയായിരുന്നു ഈ പരിശോധന.

ഗംഗാ ജലത്തില്‍ വൈറസുകളെ നിര്‍വ്വീര്യമാക്കുന്ന സ്വാഭാവിക സാന്നിധ്യമുണ്ടെന്നാണ് ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ വിഎന്‍ മിശ്ര ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്.

ഈ പ്രതിഭാസം എന്താണെന്ന് മനസ്സിലാക്കാന്‍ തുടര്‍പഠനം നടത്തുമെന്ന് സംഘാംഗങ്ങള്‍ പറയുന്നത്.

Related posts

Leave a Comment