കൊച്ചി : ഓണ്‍ലൈന്‍ ട്രേഡിംഗ് എന്ന പേരില്‍ എറണാകുളം സ്വദേശിയില്‍നിന്ന് 24.76 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി ഹൈദരാബാദ് സ്വദേശി അല്ലംരാജു സത്യനാരായണ മൂര്‍ത്തി ഹൈദരാബാദില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത് 300 വില്ലകളെന്ന് മൊഴി.
മൂന്ന് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട ഇയാള്‍ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശനിയാഴ്ച വരെ ഇയാളെ കസ്റ്റഡിയില്‍ വിട്ടത്.
സത്യനാരായണ മൂര്‍ത്തിയുടെ സാമ്പത്തിക വിവരങ്ങളും ഫോണ്‍ വിളി വിവരങ്ങളും അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യല്‍. ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. ഇയാളുടെ കൂട്ടാളി ടൈസണ്‍ രാജു നിലവില്‍ റിമാന്‍ഡിലാണ്.
ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷക സംഘത്തിന്റെ കണ്ടെത്തല്‍. സത്യനാരായണ മൂര്‍ത്തിയുമായി അടുപ്പമുള്ള തെലങ്കാന സ്വദേശി അരുണ്‍ റെഡ്ഡിയെക്കുറിച്ച് അന്വേഷകസംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മറ്റൊരു ജാര്‍ഖണ്ഡ് സ്വദേശിക്കും കേസില്‍ പങ്കുള്ളതായി അന്വേഷകസംഘം സംശയിക്കുന്നുണ്ട്.
ക്യാപ്പിറ്റലിക്സ് എന്ന വെബ്സൈറ്റ് വഴി ട്രേഡിങ് നടത്തി ഉയര്‍ന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 90 തവണകളായി 24,76,21,042 കോടി രൂപയാണ് സംഘം തട്ടിയെടുത്തത്. 2023 മാര്‍ച്ച് 15 മുതല്‍ ആഗസ്ത് 29 വരെ 25 ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് പണം തട്ടിയത്.
