പ്രതിപക്ഷം നേതൃസ്ഥാനം കോണ്‍ഗ്രസിനു ലഭിക്കണമെങ്കില്‍ ‘മമ്മൂട്ടിയുടെ നായിക’ മനസ്സുവയ്ക്കണം ! അമരാവതിയില്‍ നിന്നു ജയിച്ച നവനീത് കൗര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന…

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്ത സാഹചര്യത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തുകയാണ്. ഇതിനായി സ്വതന്ത്രരുടെ പിന്തുണ നേടാനാണ് നീക്കം. ഈ സാഹചര്യത്തില്‍ ഒരു സുന്ദരി മനസ്സുവച്ചാല്‍ ചിലപ്പോള്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിച്ചേക്കും. മഹാരാഷ്ട്രയില്‍ നിന്നും വിജയിച്ച നവനീത് കൗറാണ് ഈ സുന്ദരി എംപി.

മഹാരാഷ്ട്രയിലെ അമരാവതിയില്‍ എന്‍സിപി-കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ച നടിയും മമ്മൂട്ടിയുടെ നായികയുമായിരുന്ന നവനീത് കൗറിനെ കോണ്‍ഗ്രസില്‍ ചേര്‍ക്കാനുള്ള നീക്കമാണ് നടത്തുന്നത്. ലോക്സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം നേടിയെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന്റെ ഭാഗമായാണ് നടപടി. നിലവില്‍ കോണ്‍ഗ്രസിന് ലോക്സഭയില്‍ 52 അംഗങ്ങളുണ്ട്. 54 സീറ്റുണ്ടെങ്കിലേ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കൂ. ഈ പശ്ചാത്തലത്തിലാണ് ഒരു സ്വതന്ത്രയുടെ പിന്തുണ കോണ്‍ഗ്രസ് ഉറപ്പിച്ചത്. നാലു സീറ്റുള്ള എന്‍സിപിയുമായി ലയന ചര്‍ച്ചകള്‍ നടന്നെങ്കിലും അത് എളുപ്പം നടകക്കില്. ഇതോടെ മറ്റേതെങ്കിലും സ്വതന്ത്രനെ കണ്ടെത്താനാണ് കോണ്‍ഗ്രസ് ശ്രമം.

മലയാളം, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ നായികയായിരുന്ന നവനീത് കൗര്‍ റാണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോല്‍ തന്നെ സോഷ്യല്‍ മീഡിയയിലെ താരമായിരുന്നു. ഇത്തവണ വിജയിച്ചു കയറിയ വനിതകളില്‍ ഏറ്റവും സുന്ദരിയായി കണക്കാക്കുന്നത് മഹാരാഷ്ട്രയിലെ അമരാവതിയില്‍നിന്ന് സ്വതന്ത്രയായി തെരഞ്ഞെടുക്കപ്പെട്ട നവനീത് കൗര്‍ റാണയെത്തന്നെയാണ്. മുപ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നവനീത് കൗര്‍ വിജയിച്ചത്. റാഫി മെക്കാര്‍ട്ടിന്‍ ചിത്രം ലവ് ഇന്‍ സിംഗപ്പൂരിലൂടെ മമ്മൂട്ടിയുടെ നായികയായെത്തിയ നവനീത് മലയാളികള്‍ക്കും സുപരിചിതയാണ്.

2014 ല്‍ എന്‍സിപിയുടെ ടിക്കറ്റില്‍ അമരാവതിയില്‍ നിന്നു ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. ഭര്‍ത്താവ് രവി റാണ മഹാരാഷ്ട്രയിലെ ബഡ്‌നേരയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ ആണ്. ആ മണ്ഡലവും അമരാവതിയില്‍ ഉള്‍പ്പെടുന്നതാണ്. 33കാരിയായ നവനീത് ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബെയിലായിരുന്നു. മാതാപിതാക്കള്‍ പഞ്ചാബ് സ്വദേശികളും. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം മോഡലിംഗിലേക്കു തിരിഞ്ഞ നവനീത് പിന്നീട് സിനിമാ ലോകത്ത് എത്തുകയായിരുന്നു. ബഡ്‌നേരിയിലെ സ്വതന്ത്ര എംഎല്‍എയെ ഒരു സമൂഹവിവാഹ വേദിയില്‍വച്ചാണ് നവനീത് വിവാഹം കഴിച്ചത്. 3100 ജോഡികളാണ് അന്ന് വിവാഹിതരായത്. തുടര്‍ന്നാണ് നവനീത് രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കുന്നത്.

Related posts