ന്യൂഇയര്‍ റേവ് പാര്‍ട്ടികള്‍ കൊഴുപ്പിക്കാന്‍ തയ്യാറാക്കിയിരിക്കുന്നത് 13 വര്‍ഷം പഴക്കമുള്ള മയക്കുമരുന്നുകള്‍; വിതരണം വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി…

കോട്ടയം: പുതുവര്‍ഷ രാവില്‍ നടക്കുന്ന റേവ് പാര്‍ട്ടികള്‍ കൊഴുപ്പിക്കാനായി എത്തിക്കുന്നത് കാലാവധി കഴിഞ്ഞ മയക്കുമരുന്നുകളെന്ന് വിവരം.കഴിഞ്ഞ ദിവസം പിടിയിലായ എറണാകുളം സ്വദേശിയില്‍നിന്നു കാലാവധി കഴിഞ്ഞ് 13 വര്‍ഷം പഴക്കമുള്ള 15 ആംപ്യൂളുകള്‍ പൊലീസ് കണ്ടെത്തി. പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന യുവതികള്‍ അടക്കമുള്ളവര്‍ ഉന്മാദത്തിനിടയില്‍ കാലാവധി കഴിഞ്ഞ മരുന്നുകളാണിതെന്നു തിരിച്ചറിയാതെയാണു ശരീരത്തിലേക്കു കുത്തിവയ്ക്കുന്നത്.

കടുത്ത വേദനകള്‍ക്കുള്ള പ്രതിവിധി എന്ന നിലയില്‍ ഉപയോഗിക്കുന്ന മോര്‍ഫിന്‍ സംയുക്തം അടങ്ങിയ മരുന്നുകളുമായാണു ലഹരിമരുന്നു സംഘങ്ങള്‍ ആളെപ്പിടിക്കാനിറങ്ങുന്നത്. വിപണിയില്‍ 15 മുതല്‍ 20 രൂപ വരെ മാത്രം വിലയുള്ള ഇത്തരം മരുന്നുകള്‍ക്കു പതിനായിരങ്ങളാണ് മാഫിയാസംഘം വാങ്ങുന്നത്. കഴിഞ്ഞ ദിവസം പിടികൂടിയ മരുന്നുകള്‍ ഗ്വാളിയോറില്‍ നിന്നാണ് എത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നിലവില്‍ കേരള വിപണിയില്‍ ഈ ബ്രാന്‍ഡ് മരുന്നുകളുടെ വില്‍പ്പനയില്ല. കാലാവധി കഴിഞ്ഞു നശിപ്പിക്കാനായി കമ്പനികളോ മറ്റോ കൈമാറിയ മരുന്നുകള്‍ തിരിമറി നടത്തി വീണ്ടും വിപണിയിലെത്തിച്ച് വില്‍ക്കുകയാണെന്നാണു സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിന്റെ നിഗമനം. ഇത്തരം മരുന്നുകളുടെ ഉപയോഗം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നതാണ് യാഥാര്‍ഥ്യം.

ലഹരിമരുന്നു തന്നെയാണ് അതീവരഹസ്യമായി നടത്തപ്പെടുന്ന റേവ് പാര്‍ട്ടികളുടെ മുഖ്യ ആകര്‍ഷണം. കൊച്ചി അടക്കമുള്ള പ്രധാന നഗരങ്ങളില്‍ റേവ് പാര്‍ട്ടികള്‍ പുതുവര്‍ഷ ആഘോഷത്തോട് അനുബന്ധിച്ചു നടക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെത്തുടര്‍ന്നു പൊലീസ് കനതത് ജാഗ്രതയിലാണ്. കാസിനോ നൈറ്റസ്, ഹെവന്‍ ഫോര്‍ എര്‍ത്ത്, എ വോക്ക് ഇന്‍ ക്ലൗഡ് തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണു കൊച്ചിയിലെ ലഹരിമാഫിയ പുതുവര്‍ഷരാവിലേക്ക് ആളുകളെ സംഘടിപ്പിക്കുന്നത്. ഇത്തരം റേവ് പാര്‍ട്ടികളെ ശക്തമായി ചെറുക്കാനാണ് പോലീസിന്റെ പദ്ധതി.

Related posts