തമിഴ്‌നാട്ടില്‍ ഇനിയും ‘പിണറായി വിജയന്‍ വാഴ്ക’ ഫ്‌ളക്‌സുകള്‍ ഉയര്‍ന്നു പൊങ്ങും ! തമിഴ്‌നാടിന്റെ ആവശ്യങ്ങള്‍ക്കു വഴങ്ങി പറമ്പിക്കുളം- ആളിയാര്‍ കരാര്‍ പുതുക്കുന്നതോടെ കൊച്ചി തകര്‍ന്നടിയും…

കേരള മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട്ടില്‍ വലിയ ഫാന്‍സാണുള്ളത്. കാരണം മുല്ലപ്പെരിയാര്‍ വിഷയത്തിലുള്‍പ്പെടെ സ്വീകരിച്ച തമിഴ് അനുകൂല നിലപാടാണ് പിണറായിക്ക് തമിഴ്‌നാട്ടില്‍ ഫാന്‍സിനെ ഉണ്ടാക്കിയത്. ‘കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് വെള്ളം’ എന്നതായിരുന്നു അധികാരത്തിലേറുമ്പോള്‍ പിണറായിയുടെ മുദ്രാവാക്യം.

അതില്‍ കേരളത്തിന്റെ സുരക്ഷ അവിടെ നിക്കട്ടെ, ‘തമിഴ്‌നാടിന് വെള്ളം’ എന്ന കാര്യം പിണറായി കൃത്യമായി പാലിക്കുന്നുണ്ട്. അതിന് ദൃഷ്ടാന്തമാണ് തമിഴ്‌നാടിന്റെ ആവശ്യങ്ങള്‍ക്കു വഴങ്ങി ഇപ്പോള്‍ പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കുന്നത്.

എന്തായാലും കരാര്‍ പുതുക്കുന്നതോടെ കൊച്ചി ശവപ്പറമ്പാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള വ്യവസായങ്ങള്‍ പോലും കൊച്ചി വിടുമെന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. കൊച്ചി നഗരത്തിലെ കുടിവെള്ളക്ഷാമം മൂലം ഇപ്പോള്‍തന്നെ പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. ഇന്‍ഫോ പാര്‍ക്കില്‍ വിവിധ കമ്പനികള്‍ അടച്ചുപൂട്ടിത്തുടങ്ങി. സംസ്ഥാനത്തേക്കു നിക്ഷേപം ആകര്‍ഷിക്കാന്‍ ‘അസന്റ്’ പോലുള്ള പരിപാടികള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുമ്പോഴാണു ജലക്ഷാമം അതിനു വിലങ്ങുതടിയാകുന്നത്.

ഇടമലയാറില്‍ ആവശ്യത്തിന് വെള്ളമില്ലെന്നത് കൊച്ചിയിലെ കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നു. പല കനാലുകളും കിലോമീറ്ററുകളോളം വറ്റിവരണ്ടു കിടക്കുകയാണ്. ഫാക്ട്, കൊച്ചിന്‍ റിഫൈനറി തുടങ്ങിയ വന്‍കിടവ്യവസായങ്ങള്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലാണു പറമ്പിക്കുളം-ആളിയാര്‍ കരാറുമായി ബന്ധപ്പെട്ട് ഇടമലയാര്‍ പദ്ധതി ആവിഷ്‌കരിച്ചത്. എന്നാല്‍, അതൊന്നും ഫലപ്രദമായില്ല. ഈ സാഹചര്യത്തില്‍, 1990-കളില്‍ കേരളം നല്‍കിയ ഉപനിവേദനത്തിലെ ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാകണം പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കേണ്ടതെന്നു വിഗ്ദധര്‍ നിര്‍ദേശിക്കുന്നു.

അപ്പര്‍ നീരാറില്‍നിന്ന് നാലുമാസത്തിനു പകരം ആറുമാസത്തെ ജലം തരണമെന്നാണു നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ലോവര്‍ നീരാറില്‍നിന്നു തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് രണ്ടര ടി.എം.സിയായി നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. അപ്പര്‍ നീരാറും ലോവര്‍ നീരാറും ഇടമലയാറിന്റെ വൃഷ്ടിപ്രദേശങ്ങളാണ്. എന്നാല്‍ ഇതെല്ലാം അവഗണിച്ച് അര്‍ഹമായതിന്റെ ഏഴിരട്ടി വെള്ളമാണ് അപ്പര്‍ നീരാര്‍, ലോവര്‍ നീരാര്‍, മുല്ലപ്പെരിയാര്‍ എന്നിവിടങ്ങളില്‍നിന്നു തമിഴ്നാട് കൊണ്ടുപോകുന്നത്. ഇതിനിടെയാണു ജലക്ഷാമം രൂക്ഷമാക്കുന്ന വിധത്തില്‍ പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കാനുള്ള നീക്കം.

തമിഴ്നാടിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ചര്‍ച്ചയാണ് ഇക്കാര്യത്തില്‍ തുടങ്ങിവച്ചിട്ടുള്ളത്. അതുമായി മുന്നോട്ടുപോയാല്‍ കൊച്ചിയുടെ കുടിവെള്ളം മുട്ടുമെന്നു മാത്രമല്ല, കേരളത്തിന്റെ വ്യവസായതലസ്ഥാനമെന്ന പെരുമയും നഷ്ടമാകും. ഇതോടെ സംസ്ഥാനത്തെ സാമ്പത്തികത്തകര്‍ച്ച പൂര്‍ണമാകും. ആനമലയാറില്‍ നിന്നു വെള്ളം വേണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ചര്‍ച്ചയെന്ന സൂചനയാണ് ലഭിക്കുന്നത്.

1990-കളില്‍ നിയമസഭ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തിരുന്നു. അതും മറികടന്നുള്ള ചര്‍ച്ചയ്ക്കാണ് ഇപ്പോള്‍ കളമൊരുങ്ങിയത്. ഇടമലയാറിലെ രണ്ടു നദികള്‍ തമിഴ്നാട്ടിലേക്കു തിരിച്ചുവിട്ടിട്ടുണ്ട്. അതിനു പുറമേയാണ് ഒന്നുകൂടി തിരിച്ചുവിടാനുള്ള നീക്കം. വരള്‍ച്ച നേരിടുന്ന ഒരു പദ്ധതിയുടെ വൃഷ്ടിപ്രദേശത്തുനിന്നു വീണ്ടും വെള്ളം തിരിച്ചുവിടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചപോലും ആത്മഹത്യാപരമാകും. കരാര്‍ പുതുക്കിയാല്‍ അത് കൊച്ചിയുടെ മരണമാകുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

Related posts