കനത്തമഴയില്‍ ഒറ്റപ്പെട്ട് പത്തനംതിട്ട ! ജില്ലയുടെ പല ഭാഗങ്ങളിലും ഉരുള്‍പൊട്ടല്‍; താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയില്‍; ഗവിയാത്ര നിര്‍ത്തിവച്ചു; പമ്പയാറിന്റെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം…

പത്തനംതിട്ട: കനത്തമഴയില്‍ പത്തനംതിട്ട ജില്ലയില്‍ വ്യാപകനാശം. ജില്ലയുടെ വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടി കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. പമ്പാ നദിക്കരയിലുള്ള റാന്നി,ആറന്മുള,കോഴഞ്ചേരി എന്നീ സ്ഥലങ്ങളെല്ലാം ഇപ്പോള്‍ ഒറ്റപ്പെട്ട നിലയിലാണ്. റാന്നിയില്‍ പതിനേഴുവര്‍ഷത്തിനു ശേഷമാണ് ഇത്തരത്തില്‍ വെള്ളം പൊങ്ങുന്നത്.

വടശ്ശേരിക്കര,അത്തിക്കയം,വയ്യാറ്റുപുഴ,ചിറ്റാര്‍,സീതത്തോട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. വയ്യാറ്റുപുഴ സ്‌കൂളിനു സമീപത്തുള്ള വനപ്രദേശത്തുണ്ടായ ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് മീന്‍കുഴി റോഡ് പൂര്‍ണമായി തകര്‍ന്നു.സീതത്തോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടി കക്കാട്ടാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സീതത്തോട് ടൗണിലെ പല കടകളും വെള്ളത്തില്‍ മുങ്ങി. ശക്തമായ മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.

കനത്ത മഴ പെയ്യുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവര്‍ എത്രയും പെട്ടെന്ന് സുരക്ഷിത മേഖലകളിലേക്ക് മാറണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വെള്ളം പൊങ്ങി റോഡുകള്‍ ഒറ്റപ്പെട്ടതോടെ കൊച്ചാണ്ടി ചെക്‌പോസ്റ്റ് വഴി ഗവിയിലേക്കുള്ള വിനോദസഞ്ചാരം ഈ മാസം പതിനെട്ടു വരെ നിര്‍ത്തിവച്ചു. ജില്ലയിലെ ഡാമുകള്‍ എല്ലാം അതിവേഗം നിറഞ്ഞു കൊണ്ടിരിക്കുകയാണ്.

പമ്പയില്‍ വന്‍തോതില്‍ വെള്ളം പൊങ്ങിയതിനെത്തുടര്‍ന്ന് ത്രിവേണിയും നടപ്പാലവുമെല്ലാം വെള്ളത്തിനടിയിലായി. മരാമത്ത് ഓഫീസിന്റെ രണ്ടു നിലകളില്‍ പൂര്‍ണമായും വെള്ളം കയറി. വടശ്ശേരിക്കര ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ചിലെ എഞ്ചിനില്‍ വെള്ളം കയറി വൈദ്യുത തടസമുണ്ടായ സാഹചര്യത്തില്‍ വടശ്ശേരിക്കര,പമ്പ,ശബരിമല എന്നിവിടങ്ങളില്‍ മൊബൈല്‍,ലാന്‍ഡ്‌ഫോണ്‍ ബന്ധം തടസ്സപ്പെട്ടതായി വിവരമുണ്ട്. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts