ഒടുവില്‍ ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രിയും സമ്മതിച്ചു ! ചെമ്പോല ഒറിജിനലാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് പിണറായി…

ശബരിമലയുടേതെന്ന പേരില്‍ പ്രചരിച്ച ചെമ്പോള വ്യാജമാണെന്ന് ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനും സമ്മതിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മറുപടിയായി ആയിരുന്നു പിണറായി ഇക്കാര്യം അറിയിച്ചത്.

ചെമ്പോല ഒറിജനല്‍ ആണെന്ന് റിപ്പോര്‍ട്ട് നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉന്നയിച്ചു. ചെമ്പോല യഥാര്‍ത്ഥമാണെന്ന് സര്‍ക്കാര്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അതേസമയം പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ വീടിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പ്രവൃത്തിയെ ന്യായീകരിക്കാനും മുഖ്യമന്ത്രി മറന്നില്ല. സുരക്ഷ ഏര്‍പ്പെടുത്തിയ പോലീസ് നടപടി സ്വാഭാവികമാണെന്നായിരുന്നു പ്രസ്താവന.

പോലീസിന്റെ സൈബര്‍ യോഗത്തില്‍ മോന്‍സന്‍ പങ്കെടുത്തതായി അറിവില്ല. പുരാവസ്തു കേസ് സംസ്ഥാനപോലീസിന് അന്വേഷിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് കേന്ദ്ര ഏജന്‍സിയെ സമീപിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

പൗരാവകാശം ലംഘിക്കുന്ന ഒരു നിയമവും സര്‍ക്കാര്‍ കൊണ്ടുവരില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സംഘടിത കുറ്റകൃത്യം തടയുന്നതിനുള്ള നിയമം കൊണ്ടുവരുന്നത് പരിശോധിക്കുക മാത്രമാണ്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനു ശേഷമേ നിയമം വേണമോ എന്നുപോലും ആലോചിക്കൂ.

സമൂഹത്തിലെ അവശ വിഭാഗങ്ങള്‍ക്ക് നേരെ പോലീസിന്റെ അതിക്രമമുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതിനിടെ, ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിനെ എന്‍.ഷംസുദ്ദീന്‍ ന്യായീകരിക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. നാണമുണ്ടോ പ്രതിപക്ഷത്തിന് എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രി എന്തിനാണ് ചൂടാവുന്നത് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറുചോദ്യം. ഇതിന് ചൂടായില്ലെങ്കില്‍ പിന്നെ എന്തിനാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സഭയില്‍ ചോദ്യോത്തര വേള തുടരുകയാണ്.

Related posts

Leave a Comment