പി. നാരായണനിലൂടെ ഇടുക്കി പദ്മ പുരസ്കാര നിറവില്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും തൊടുപുഴ സ്വദേശിയുമായ പി. നാരായണനെ രാഷ്ട്രം പത്മവിഭൂഷണ്‍ നല്കി ആദരിച്ചു. ജന്മഭൂമി പത്രത്തിന്റെ സഹസ്ഥാപകനും മുഖ്യപത്രാധിപരുമായിരുന്നു. ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി, ദേശീയ നിര്‍വാഹകസമിതിയംഗം തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ നാള് പ്രസിദ്ധീകരിച്ച വാരാദ്യ ലേഖന പരമ്പരകളിലൊന്നായ സംഘപഥത്തിലൂടെ എന്ന പംക്തിയുടെ രചയിതാവാണ്. പത്തോളം പുസ്തകങ്ങള്‍ രചിക്കുകയും നൂറിലധികം പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങളും ചെയ്തിട്ടുണ്ട്.
1936 മേയ് 28ന് അന്നത്തെ തൊടുപുഴ മണക്കാട് ഗ്രാമത്തില്‍ ജനിച്ചു. പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന എം.എസ്. പത്മനാഭന് നായരുടെയും സി.കെ. ദേവകിയമ്മയുടെയും മകനായ അദ്ദേഹം തൊടുപുഴ ഗവ. ഹൈസ്കൂളില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ഉപരിപഠനത്തിനായി 1951ല്‍ തിരുവനന്തപുരം മഹാത്മാഗാന്ധി കോളജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു. കോളജ് പഠനകാലത്താണ് രാഷ്ട്രീയ സ്വയംസേവക് സംഘത്തില്‍ ചേര്‍ന്നത്.
ഇന്റര്‍മീഡിയറ്റിന് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്ന് ബിഎസ്സി ഫിസിക്സ് പൂര്‍ത്തിയാക്കി. ബിരുദം നേടിയശേഷം മണക്കാട് എന്‍എസ്എസ് ഹൈസ്കൂളില്‍ അധ്യാപകനായി ജോലി നോക്കി.
പിന്നീട് ആര്‍എസ്എസിന്റെ രാഷ്ട്രീയ രൂപമായ ജനസംഘത്തില്‍ സജീവമായി. സംസ്ഥാന സംഘടനാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഇംഗ്ലീഷ് മുഖപത്രമായ ഓര്‍ഗനൈസര്‍ വാരികയുടെ ലേഖകനായി പ്രവര്‍ത്തിച്ചു. ജന്മഭൂമി സായാഹ്ന പത്രമായി ആരംഭിച്ചതോടെ മാനേജരായി ചുമതലയേറ്റു. കൊച്ചിയില്‍നിന്ന് പ്രഭാതപത്രമായി പുനരാരംഭിച്ചതോടെ പത്രാധിപരായി.
പിന്നീട് വി.എം. കൊറാത്ത് വിരമിച്ചപ്പോള്‍ 1992 മുതല്‍ 2000 വരെ മുഖ്യപത്രാധിപരായി സേവനമനുഷ്ഠിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസവും അനുഭവിച്ചു. എം.എ. രാജേശ്വരിയാണ് ഭാര്യ. മനു നാരായണന് (സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍ നാഷ് വില്‍, യുഎസ്എ), അനു നാരായണന് (മാധ്യമപ്രവര്ത്തകന് ഇന്ത്യ കോണ്ട്രിബ്യൂട്ടര് എസ്ബിഎസ് റേഡിയോ) എന്നിവരാണ് മക്കള്‍.
