കൊറിയർ ഡെലിവറിക്ക് ശേഷം യുവതിയുടെ വ്യക്തിഗത ഫോൺ നമ്പറിലേക്ക് ‘ഐ ലവ് യു’ സന്ദേശമയക്കുകയും, പോലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ കമ്പനിയിൽ പോയി പരാതിപ്പെടാൻ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്ത റൈഡറുടെ നടപടി വിവാദമാകുന്നു. നോയിഡ സ്വദേശിയായ ഗീതിക ശ്രീവാസ്തവ എന്ന യുവതിയാണ് തനിക്ക് നേരിട്ട ദുരനുഭവം ലിങ്ക്ഡ്ഇൻ വഴി പങ്കുവെച്ചത്.
റൊപ്പീഡോ ആപ്പ് വഴി പാർസൽ ഡെലിവറി പൂർത്തിയായതിന് ശേഷമാണ് റൈഡർ യുവതിയുടെ വാട്സാപ്പിലേക്ക് “ഹലോ, സുഖമാണോ?” എന്ന സന്ദേശമയച്ചതും തൊട്ടുപിന്നാലെ “ഐ ലവ് യു” എന്ന് മെസ്സേജ് അയച്ചതും. ഇനി സന്ദേശ അയക്കരുതെന്നും പോലീസിൽ പരാതി നൽകുമെന്നും യുവതി മുന്നറിയിപ്പ് നൽകിയെങ്കിലും “പോയി പരാതി കൊടുത്തോ, റൊപ്പീഡോയിലും പരാതിപ്പെട്ടോ” എന്നായിരുന്നു റൈഡറുടെ പരിഹാസപൂർവ്വമായ മറുപടി.
റൈഡറുടെ ഈ അമിത ആത്മവിശ്വാസമാണ് തന്നെ കൂടുതൽ ഭയപ്പെടുത്തിയതെന്നും, ഇത്തരം ജീവനക്കാർക്കെതിരെ കമ്പനി കർശന നടപടിയെടുക്കുന്നില്ലേ എന്നും യുവതി ചോദ്യമുയർത്തി. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ മാപ്പപേക്ഷയുമായി റൊപ്പീഡോ രംഗത്തെത്തി. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും വിഷയം ഗൗരവമായി പരിശോധിക്കുമെന്നും കമ്പനി അറിയിച്ചെങ്കിലും, കേവലം മാപ്പപേക്ഷ കൊണ്ട് കാര്യമില്ലെന്നും ജീവനക്കാരനെതിരെ കർശന നടപടി വേണമെന്നുമാണ് നെറ്റിസൺസ് ആവശ്യപ്പെടുന്നത്.


