സൂപ്രണ്ടിനിട്ട് ഒരു പണി കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചുറച്ചു ! അതിനായി ജയില്‍പുള്ളിയെ ജയില്‍ചാടാന്‍ നിരന്തരം പ്രേരിപ്പിച്ചു; 10000 രൂപയും നല്‍കി; ഒടുവില്‍ ജയില്‍ചാട്ടക്കാരന്‍ പിടിയിലായപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി…

ജയില്‍ചാടിയ തടവുപുള്ളി മറ്റൊരു കേസില്‍ കുടുങ്ങിയപ്പോള്‍ പണികിട്ടിയത് ജയിലിലെ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ക്ക്. സൂപ്രണ്ടിനിട്ട് ഒരു പണി കൊടുക്കാന്‍ തന്നെക്കൊണ്ട് മനപൂര്‍വം തടവുചാടിക്കുകയായിരുന്നുവെന്നാണ് തടവുപുള്ളി മൊഴി നല്‍കിയത്.ആലപ്പുഴ ജില്ലയിലെ മാവേലിക്കര സബ്ജയിലില്‍ നടന്ന സംഭവത്തില്‍ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവമന്വേഷിച്ച ഉദ്യോഗസ്ഥന്‍ കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ നന്നാട് തുരുത്തേല്‍ വീട്ടില്‍ ജയപ്രകാശ് എന്ന 45 കാരനാണ് കേസിലെ പ്രതി. മറ്റൊരു കേസില്‍ പിടിക്കപ്പെട്ടപ്പോള്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയിലാണ് പ്രതി ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ കേസുകളിലായി വര്‍ഷങ്ങളായി തടവില്‍ കഴിഞ്ഞുവന്ന ജയപ്രകാശ് ഇക്കഴിഞ്ഞ ജൂലായ് 22-നാണ് ജയില്‍ ചാടിയത്. രണ്ടുമാസത്തിനുള്ളില്‍ തന്നെ കമ്പത്തുനിന്ന് മാവേലിക്കര പോലീസ് അറസ്റ്റുചെയ്ത് തിരികെ ജയിലിലടയ്ക്കുകയും ചെയ്തു. പിന്നീട് അതിസുരക്ഷയുള്ള തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ പ്രത്യേക സെല്ലിലേക്കു മാറ്റുകയും ചെയ്തു.

ജയില്‍ചാട്ട സംഭവത്തില്‍ സൂപ്രണ്ട് ആര്‍. ശ്രീകുമാറിനെയും മൂന്ന് ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്യുകയും സ്ഥലം മാറ്റുകയും ചെയ്തു. നവംബര്‍ ഏഴിന് മറ്റൊരു കേസില്‍ രാമങ്കരി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മജിസ്‌ട്രേറ്റ് മുമ്പാകെ തനിക്ക് രഹസ്യമൊഴി നല്‍കാനുണ്ടെന്ന് ജയപ്രകാശ് അറിയിച്ചു. ഇവിടെ നല്‍കിയ മൊഴിയിലാണ് എല്ലാ സഹായവും നല്‍കാമെന്നും ജയില്‍ ചാടി സൂപ്രണ്ടിന് ഒരു പണി കൊടുക്കണമെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ നിരന്തരം പ്രേരിപ്പിക്കുകയായിരുന്നെന്ന് ജയപ്രകാശ് മൊഴി നല്‍കിയത്.

ഇതിനായി ഒരു ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ 10,000 രൂപ തന്നവെന്നും ഇയാള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. ഡെപ്യൂട്ടി സൂപ്രണ്ട് അന്വേഷണം നടത്തി കോടതിക്ക് റിപ്പോര്‍ട്ട് കൊടുത്തു. സംഭവത്തില്‍ ഗൗരവതരമായ അന്വേഷണം വേണമെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് അറിയുന്നു. നടപടിയാവശ്യപ്പെട്ട്, സ്ഥലംമാറ്റപ്പെട്ട ജയില്‍ മുന്‍ സൂപ്രണ്ട് ആര്‍. ശ്രീകുമാര്‍ ജയില്‍ ഡി.ജി.പി.ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. ഈ പരാതി ജയില്‍ വകുപ്പിന്റെ അന്വേഷണത്തിലാണ്.

Related posts