തമിഴ്‌നാട്ടില്‍ തൗഹീദ് ജമായത്തിന്റെ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ് ! ഒപ്പമുള്ളവര്‍ സഹകരിക്കാഞ്ഞതിനെത്തുടര്‍ന്നാണ് ചാവേറാക്രമണം ഉപേക്ഷിച്ചതെന്ന് റിയാസ് അബുബക്കര്‍; പാലക്കാട്ടുകാരന്‍ ഭീകരന്റെ ഐഎസ് ബന്ധം കൂടുതല്‍ വ്യക്തമാവുന്നു…

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപക റെയ്ഡുമായി എന്‍ഐഎ. ശ്രീലങ്കയില്‍ ഭീകരാക്രമണം നടത്തിയ തൗഹീദ് ജമായത്തിന് തമിഴ്‌നാട്ടിലും വേരുകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ പരിശോധന തുടങ്ങിയത്. കേരളത്തില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥരടക്കമാണ് പരിശോധന നടത്തുന്നത്. തൗഹീദ് ജമാഅത്ത്, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലാണ് പരിശോധന. രാമനാഥപുരം, തഞ്ചാവൂര്‍, കാരയ്ക്കല്‍ എന്നിവടങ്ങളിലാണ് എന്‍ഐഎ തെരച്ചില്‍ നടത്തുന്നത്. റിയാസ് അബൂബക്കര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ ചാവേറുകള്‍ കേരളത്തിലും തമിഴ്നാട്ടിലുമെത്തിയിരുന്നു എന്ന വിവരത്തെ തുടര്‍ന്ന് കേരളത്തിലും തമിഴ്നാട്ടിലും തെരച്ചില്‍ ശക്തമാക്കിയിരുന്നു.

ശ്രീലങ്കയില്‍ സ്‌ഫോടനം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കോയമ്പത്തൂരിലും തമിഴ്‌നാട്ടിലെ മറ്റുചില നഗരങ്ങളിലുമെത്തിയതായി കരുതപ്പെടുന്ന അജ്ഞാതന്‍ ആരെന്നുമറിയാനുള്ള അന്വേഷണത്തിലാണ് എന്‍ഐഎ. തൗഹീദ് ജമായത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വിവിധ സംഘടകളെയും എന്‍ഐഎ നിരീക്ഷിച്ചുവരികയാണ്. തൗഹീദ് ജമായത്തിന്റെ തമിഴ്നാട് ഘടകത്തിന് ലങ്കന്‍ സംഘടനയുമായി ബന്ധമുണ്ട്.

റിയാസ് അബൂബക്കര്‍ സ്വന്തം താത്പര്യപ്രകാരമാണ് ചാവേറാകാന്‍ തീരുമാനമെടുത്തതെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. പാലക്കാട് മുതലമട സ്വദേശിയായ റിയാസ് അബൂബക്കറിനെ എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ ചോദ്യം ചെയ്തു വരികയാണ്. തനിക്ക് ചാവേര്‍ ആക്രമണം നടത്താന്‍ താത്പര്യമുണ്ടായിരുന്നുവെന്നും, എന്നാല്‍ സഹായങ്ങള്‍ ലഭിക്കാതാകുകയും സാഹചര്യമുണ്ടാകാതിരിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് പദ്ധതികളെല്ലാം ഉപേക്ഷിക്കേണ്ടിവരികയായിരുന്നുവെന്നും റിയാസ് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കാസര്‍കോട് സ്വദേശികളായ രണ്ടു പേരെയും കൊല്ലം സ്വദേശിയായ മറ്റൊരാളെയും റിയാസിനൊപ്പം എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുമായി ബന്ധങ്ങളുണ്ടായിരുന്നെങ്കിലും, ചാവേര്‍ ആക്രമണത്തിനുള്ള തന്റെ പദ്ധതിയോട് ഇവരാരും സഹകരിക്കാന്‍ തയ്യാറായിരുന്നില്ലെന്നും റിയാസ് സൂചിപ്പിച്ചിട്ടുണ്ട്.

മെസേജിംഗ് അപ്പായ ടെലഗ്രാമിലൂടെയും മറ്റുമാണ് തങ്ങള്‍ ബന്ധപ്പെട്ടിരുന്നതെന്ന് റിയാസ് പറഞ്ഞു. കേരളത്തില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിലെത്തിയവരുമായും ഏജന്റുമാരുമായും ബന്ധപ്പെട്ടിരുന്ന റിയാസ്, ചാവേറാക്രമണം നടത്താനുള്ള തന്റെ താല്‍പര്യവും പദ്ധതിയും ഇവരെ അറിയിച്ചിരുന്നു. മറ്റു മതസ്ഥരുടെ ആഘോഷങ്ങള്‍, പുതുവത്സരപ്പാര്‍ട്ടികള്‍ തുടങ്ങിയവ നടക്കുമ്പോള്‍ ആക്രമണം നടത്താനായിരുന്നു റിയാസിന്റെ പദ്ധതി. ഇതിനുള്ള സന്നദ്ധത റിയാസ് ആവര്‍ത്തിച്ച് അറിയിച്ചിരുന്നെങ്കിലും, ആവശ്യമായ സ്‌ഫോടകവസ്തുക്കളോ പണമോ എത്തിച്ചു നല്‍കാന്‍ റിയാസ് ബന്ധപ്പെട്ടിരുന്ന ഏജന്റുമാര്‍ തയ്യാറായിരുന്നില്ല എന്നും ഇതിനെത്തുടര്‍ന്നാണ് പദ്ധതികള്‍ നടപ്പില്‍ വരുത്താനാകാതെ പോയതെന്നാണ് റിയാസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന മൊഴി.

Related posts